മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്
text_fieldsശാന്തിപുരം മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക ജി.വി.എച്ച്.എസ്.എസ്
കൊടുങ്ങല്ലൂർ: ശതാബ്ദി നിറവിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ചുവടുവെച്ച് ശാന്തിപുരം മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക ജി.വി.എച്ച്.എസ്.എസ്. 1.88 കോടി ചെലവഴിച്ച് നിർമിക്കുന്ന ശതാബ്ദി മന്ദിരത്തിന് തിങ്കളാഴ്ച രാവിലെ 11ന് ഇ.ടി. ടൈസൺ എം.എൽ.എ ശിലയിടുമെന്ന് ബന്ധപ്പട്ടവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.ഒരു കാലത്ത് നിരവധി വിദ്യാർഥികൾ പഠിച്ചിരുന്ന ഈ വിദ്യാലയം മേഖലയുടെ വലിയ ആശ്രയമായിരുന്നു. പിന്നീട് ഏറെ പിറകിലേക്ക് പോയി. ശേഷം വിപുലമായ കൂട്ടായ്മയിലൂടെ സമീപകാലത്താണ് മികവിലേക്ക് ഉയർന്നത്.
1921 ഒക്ടോബറിൽ തുടക്കം കുറിക്കുമ്പോൾ ഗവ. മാപ്പിള എൽ.പി സ്കൂളായിരുന്നു. സമീപത്തെ ആല - പനങ്ങാട് സാഹിബ് ജുമാമസ്ജിദ് കമ്മിറ്റി സൗജന്യമായി നൽകിയ സ്ഥലവും കെട്ടിടവും ഉപയോഗിച്ചായിരുന്നു തുടക്കം. ഇതിനുശേഷം കൊമ്പനെഴത്ത് കുഞ്ഞുമരക്കാർ കെട്ടിടം പണിതുനൽകി. 1960ൽ യു.പി സ്കൂളായി ഉയർന്നു. പിന്നീട് സാഹിബ് മസ്ജിദ് കമ്മിറ്റി സർക്കാറിന് സ്ഥലം കൈമാറി.
ഹൈസ്കൂൾ തുടങ്ങാൻ സ്ഥലപരിമിതി ഉണ്ടായപ്പോൾ പൊന്നാംപടിക്കൽ അബ്ദുവിന്റെ ഭാര്യ കയ്യ സ്ഥലം വിട്ടുനൽകി. തുടർന്ന് 1979ൽ ഹൈസ്കൂൾ വിദ്യാഭ്യാസത്തിലേക്ക് പ്രവേശിച്ചു. ഇതോടെ സ്വാതന്ത്ര്യ സമരസേനാനി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മെമോറിയൽ ഗവ. ഹൈസ്കൂൾ എന്ന് പുനർനാമകരണം ചെയ്‌തു. 1993ൽ വി.എച്ച്.എസ്.ഇയും 95ൽ ഹയർ സെക്കൻഡറി കോഴ്സും ആരംഭിച്ചു.
തീരദേശ മേഖലയിലെ മികച്ച സർക്കാർ സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി കൊണ്ടുവരാനാണ് ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സംഘാടക സമിതി ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യപടിയാണ് ശതാബ്ദി മന്ദിരം. 2023 ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ വിപുലമായ പരിപാടികളോടെ ശതാബ്ദി സമാപനം ആഘോഷം നടത്താനാണ് ഉദേശിക്കുന്നത്. വാർത്തസമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. സജീന ഷുക്കൂർ, പ്രധാനാധ്യാപിക വി.എ. സുൽഫത്ത്, പി.ടി.എ പ്രസിഡന്റ് പി.എം. കലാം, വൈസ് പ്രസിഡന്റ് മൊയ്തീൻ ഷാ, പി.കെ. അബ്ദുറഹിമാൻ, വികസന സമിതി ചെയർമാൻ പി.ആർ. ഗോപിനാഥൻ, കെ.എം. സാലിഹ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

