എം.ടെക്, എം.ആർക്, എം.പ്ലാൻ; കേന്ദ്രീകൃത കൗൺസലിങ് ഒന്നാംഘട്ട രജിസ്ട്രേഷൻ ജൂൺ നാലുവരെ
text_fieldsരാജ്യത്തെ എൻ.ഐ.ടികൾ, ഐ.ഐ.ഇ.എസ്.ടി ഷിബ്പൂർ, ഐ.ഐ.ഐ.ടികൾ എന്നിവിടങ്ങളിലും ഐ.ഐ.എസ്.ടി അടക്കം പങ്കാളിത്തമുള്ള മറ്റു സ്ഥാപനങ്ങളിലും 2025-26 വർഷത്തെ റെഗുലർ എം.ടെക്/എം.ആർക്/എം.പ്ലാൻ പ്രോഗ്രാമുകളിലേക്കുള്ള കേന്ദ്രീകൃത പ്രവേശന നടപടികൾ ആരംഭിച്ചു.
രജിസ്ട്രേഷൻ: കേന്ദ്രീകൃത ഓൺലൈൻ കൗൺസലിങ്ങിൽ (സി.സി.എം.ടി-2025) ആദ്യ റൗണ്ടിൽ പങ്കെടുക്കുന്നതിന് പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോർ ഉള്ളവർക്ക് ജൂൺ നാലിന് വൈകീട്ട് 5.30 വരെ രജിസ്റ്റർ ചെയ്ത് ഫീസ് അടക്കാം. കോഴ്സുകളും സ്ഥാപനങ്ങളും തെരഞ്ഞെടുത്ത് മുൻഗണനാ ക്രമത്തിൽ ചോയിസ് ഫില്ലിങ് നടപടി ഓൺലൈനിൽ ജൂൺ ആറ് വൈകീട്ട് 5.30 നകം പൂർത്തിയാക്കണം. അലോട്ട്മെൻറ് ജൂൺ ഒമ്പതിന് പ്രസിദ്ധപ്പെടുത്തും. ആദ്യ ഘട്ടത്തിൽ മൂന്ന് റൗണ്ട് സീറ്റ് അലോട്ട്മെൻറുകളാണുള്ളത്. രണ്ടാം റൗണ്ട് അലോട്ട്മെൻറ് ജൂൺ 21നും മൂന്നാം റൗണ്ട് ജൂൺ 27നും പ്രസിദ്ധപ്പെടുത്തും.
സ്പെഷൽ റൗണ്ടും സ്പോട്ടും: സി.സി.എം.ടി-2025 രണ്ടാം ഘട്ടത്തിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള രണ്ട് സ്പെഷൽ റൗണ്ട് അലോട്ട്മെന്റുകളും തുടർന്ന് ശേഷിച്ച ഒഴിവുകളിൽ നാഷനൽ സ്പോട്ട് റൗണ്ട് അലോട്ട്മെന്റും നടത്തും. രജിസ്ട്രേഷൻ സൗകര്യവും ഓൺലൈൻ കൗൺസലിങ് രജിസ്ട്രേഷൻ, ചോയിസ് ഫില്ലിങ്, ലോക്കിങ്, അലോട്ട്മെന്റ് ഷെഡ്യൂളുകളും പ്രവേശന നടപടി ക്രമങ്ങളും അടങ്ങിയ സി.സി എം.ടി 2025 വിവരണപത്രികയും https://ccmt.admissions.nic.inൽ ലഭ്യമാണ്.
രണ്ടാം ഘട്ട സ്പെഷൽ റൗണ്ടിലേക്കുള്ള പുതിയ ഓൺലൈൻ രജിസ്ട്രേഷൻ ജൂലൈ 11ന് തുടങ്ങി ഫീസ് പെയ്മെന്റ് ചോയിസ് ഫില്ലിങ്, ലോക്കിങ് നടപടികൾ 17നകം പൂർത്തിയാക്കണം. സ്പെഷൽ റൗണ്ടിലെ ആദ്യ സീറ്റ് അലോട്ട്മെന്റ് ജൂലൈ 19നും രണ്ടാം അലോട്ട്മെന്റ് 26നും പ്രസിദ്ധപ്പെടുത്തും. സ്പോട്ട് റൗണ്ട് അലോട്ട്മെന്റിലേക്കുള്ള പുതിയ രജിസ്ട്രേഷൻ ആഗസ്റ്റ് ഒന്നിന് തുടങ്ങി നടപടികൾ നാലിനകം പൂർത്തീകരിക്കണം. ആഗസ്റ്റ് അഞ്ചിന് സീറ്റ് അലോട്ട്മെന്റ് പ്രഖ്യാപിക്കും.
ഫീസ് നിരക്കുകൾ: ഒന്നാംഘട്ട രജിസ്ട്രേഷൻ ഫീസ് -3500 രൂപ. സീറ്റ് അക്സപ്റ്റൻസ് ഫീസ്- 30,000 രൂപ. സീറ്റ് ഉറപ്പിക്കുന്നതിനുള്ള ഭാഗികമായ പ്രവേശന ഫീസ്- 10,000 രൂപ.രണ്ടാംഘട്ട സ്പെഷൽ റൗണ്ടിലേക്കുള്ള രജിസ്ട്രേഷൻ ഫീസ്- 35,000 രൂപ, പങ്കാളിത്ത ഫീസ്- 40,000 രൂപ. മൂന്നാംഘട്ട സ്പോട്ട് റൗണ്ട് രജിസ്ട്രേഷൻഫീസ്- 3500 രൂപ. പങ്കാളിത്ത ഫീസ്- 40,000 രൂപ. (എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് എല്ലാ ഫീസിലും കുറവുണ്ട്. നിരക്ക് വെബ്സൈറ്റിൽ ലഭ്യമാണ്.)
പ്രവേശനയോഗ്യത: 2023/2024/2025 വർഷം നേടിയ ഗേറ്റ് സ്കോർ ഉണ്ടായിരിക്കണം. ബി.ഇ/ബി.ടെക് ബി.ആർക് ബി.പ്ലാൻ അടക്കമുള്ള യോഗ്യതാ പരീക്ഷ 60 ശതമാനം മാർക്ക് (6.5 സി.ജി.പി.എ) നേടി വിജയിച്ചിരിക്കണം. (എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് 55 ശതമാനം മാർക്ക് അല്ലെങ്കിൽ 6.0 (ജി.പി.എയിൽ കുറയരുത്) .
യോഗ്യതാ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവർക്ക് പ്രവേശനം അനുവദിക്കും. 2025 സെപ്റ്റംബർ 30നകം യോഗ്യത തെളിയിക്കണം. പരീക്ഷകൾ ആഗസ്റ്റ് 15നകം പൂർത്തിയാക്കിരിക്കണം. ഓരോ പ്രോഗ്രാമിനും നിഷ്കർഷിച്ച യോഗ്യതാ മാനദണ്ഡങ്ങൾ, ഗേറ്റ് പേപ്പറുകൾ, സീറ്റുകൾ, പ്രവേശന നടപടികൾ അടക്കമുള്ള സമഗ്രവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
അലോട്ട്മെന്റ്: ഗേറ്റ് സ്കോർ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയാറാക്കിയാണ് സീറ്റ് അലോട്ട്മെന്റ്. മെറിറ്റും ചോയിസും കാറ്റഗറിയും സീറ്റിന്റെ ലഭ്യതയും അലോട്ട്മെന്റിനായി പരിഗണിക്കും. സീറ്റ് അലോട്ട്മെന്റ് ലഭിക്കുന്നവർ സീറ്റ് ആക്സപ്റ്റൻസ് ഫീസ് സമയബന്ധിതമായി അടക്കണം. അല്ലാത്തപക്ഷം സീറ്റ് റദ്ദാകും. തുടർന്നുള്ള അലോട്ട്മെന്റുകളിൽ പങ്കെടുപ്പിക്കില്ല.
ഫ്ലോട്ട്, സ്ലൈഡ്, ഫ്രീസ്: അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് അടുത്ത റൗണ്ടിൽ മെച്ചപ്പെട്ട ചോയിസ് കരസ്ഥമാക്കുന്നതിന് ഫ്ലോട്ട്, സ്ലൈഡ്, ഫ്രീസ് എന്നിങ്ങനെ മൂന്ന് ഉപാധികൾ വിനിയോഗിക്കാം. വിവിധ സ്ഥാപനങ്ങളിലെ മെച്ചപ്പെട്ട ചോയിസ് പരിഗണിക്കുന്നതിന് ഫ്ലോട്ട് ഉപകരിക്കും. എന്നാൽ, അലോട്ട് ചെയ്ത സ്ഥാപനത്തിനുള്ളിലെ മെച്ചപ്പെട്ട ചോയിസ് ലഭിക്കുന്നതിന് മാത്രമേ സ്ലൈഡ് ഉപകരിക്കുകയുള്ളൂ.
അതേസമയം, നിലവിൽ അലോട്ട് ചെയ്ത് കിട്ടിയ സീറ്റിൽ തൃപ്തിയുള്ളപക്ഷം തുടർന്നുള്ള റൗണ്ടിൽ ബെറ്റർ പ്രിഫേർഡ് ചോയ്സ് താൽപര്യപ്പെടുന്നില്ലെങ്കിൽ ‘ഫ്രീസ്’ ഉപയോഗിച്ച് പ്രവേശനം ഉറപ്പിക്കാം. അലോട്ട്മെന്റ് വേളയിൽ ഇപ്രകാരമുള്ള ആഗ്രഹങ്ങൾ ഓൺലൈനിൽ അറിയിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.