'ആർ.ജി.സി.ബി'യിൽ എം.എസ്സി ബയോടെക്നോളജി ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 24 വരെ
text_fieldsരാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി (RGCB), തിരുവനന്തപുരം 2021-23 വർഷം നടത്തുന്ന രണ്ടുവർഷത്തെ ഫുൾടൈം എം.എസ്സി ബയോടെക്നോളജി കോഴ്സ് പ്രവേശനത്തിന് അപേക്ഷ ഓൺലൈനായി സെപ്റ്റംബർ 24 വരെ സമർപ്പിക്കാം. പ്രവേശന വിജ്ഞാപനം, വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് https://www.rgcb.res.in/ൽ ലഭ്യമാണ്.
നാലു സെമസ്റ്ററുകളായുള്ള എം.എസ്സി ബയോടെക്നോളജി കോഴ്സിൽ ഡിസീസ് ബയോളജി, ജനറ്റിക് എൻജിനീയറിങ്, കോളിക്യുലർ ഡയഗ്നോസ്റ്റിക്സ് ആൻഡ് ഡി.എൻ.എ പ്രൊഫൈലിങ് എന്നിവ സ്പെഷലൈസേഷനുകളാണ്. ആകെ 20 സീറ്റുകളുണ്ട്. പ്രവേശനം ലഭിക്കുന്നവർക്ക് ആദ്യവർഷം പ്രതിമാസം 6000 രൂപയും രണ്ടാം വർഷം പ്രതിമാസം 8000 രൂപയും സ്റ്റൈപൻഡ് ലഭിക്കുന്നതാണ്.
ഏതെങ്കിലും സയൻസ്, എൻജിനീയറിങ്, മെഡിസിൻ ബ്രാഞ്ചിൽ മൊത്തം 60 ശതമാനം മാർക്കിൽ/തത്തുല്യ ഗ്രേഡിൽ കുറയാതെ ബാച്ചിലേഴ്സ് ബിരുദമുള്ളവർക്കാണ് പ്രവേശനത്തിന് അർഹത. പ്രാബല്യത്തിലുള്ള 'GAT-B' സ്കോർ നേടിയിട്ടുണ്ടാകണം (https://dbt.nta.ac.in). എസ്.സി/എസ്.ടി/ഒ.ബി.സി-എൻ.സി.എൽ/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് യോഗ്യത പരീക്ഷയിൽ അഞ്ചു ശതമാനം മാർക്കിളവുണ്ട്.
അവസാനവർഷ യോഗ്യത പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.അന്തിമ തെരഞ്ഞെടുപ്പ് 'GAT-B' സ്കോർ പരിഗണിച്ചായിരിക്കും. ഓൺലൈൻ അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കുക.തെരഞ്ഞെടുക്കപ്പെടുന്നവരുടെ ആദ്യലിസ്റ്റ് സെപ്റ്റംബർ 25ന് പ്രസിദ്ധപ്പെടുത്തും. ഒക്ടോബർ ആറിനകം ഫീസടച്ച് അഡ്മിഷൻ നേടാം. നവംബർ 15ന് ക്ലാസുകൾ ആരംഭിക്കും.

