‘കുട്ടികൾക്ക് കിട്ടേണ്ട ഫണ്ടാണ്, വെറുതേ കളയേണ്ടതില്ല’; പി.എം ശ്രീ വിവാദത്തിൽ മന്ത്രി ശിവൻകുട്ടി, ഭിന്നത പരസ്യമാക്കി സി.പി.ഐ
text_fieldsവി. ശിവൻകുട്ടി
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ പി.എം ശ്രീ പദ്ധതിയിൽ കേരളം ഒപ്പിടാൻ തീരുമാനിച്ചത് സംബന്‌ധിച്ച് ഉയർന്ന വിവാദങ്ങൾക്ക് മറുപടിയുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
കുട്ടികൾക്ക് കിട്ടേണ്ട ഫണ്ടാണെന്നും കേന്ദ്രസഹായം എല്ലാ വിഭാഗങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നും മന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കേന്ദ്രസർക്കാർ ഫണ്ട് എല്ലാവർക്കും അവകാശപ്പെട്ടതാണ്. വെറുതെ 1466 കോടി രൂപ കളയേണ്ട കാര്യമില്ല. കൃഷി വകുപ്പും ആരോഗ്യ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പുമൊക്കെ കേന്ദ്ര ഫണ്ടുകൾ സ്വീകരിച്ചിട്ടുണ്ട്.
അതുപോലെ പൊതുവിദ്യാഭ്യാസ മേഖലയും വാങ്ങുന്നതായി കണ്ടാൽ മതി. കേരളത്തിന് ഒരു വിദ്യാഭ്യാസ നയമുണ്ട്. അതിൽ മാറ്റം വരില്ലെന്നു പറഞ്ഞ മന്ത്രി നല്ല കാര്യത്തിനെ വിവാദമാകുന്നത് എന്തിനാണെന്നും ചോദിച്ചു. കേരളത്തിൽ പി.എം ശ്രീ പദ്ധതി നടപ്പാക്കുന്നതിരെ സി.പി.ഐ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തോട് 'ആ പ്രശ്‌നം ഞങ്ങൾ തീർത്തോളാമെ'ന്ന മറുപടിയാണ് മന്ത്രി നൽകിയത്. രണ്ടുവർഷമായി സമഗ്ര ശിക്ഷാ കേരളക്ക് കേന്ദ്ര സർക്കാർ തടഞ്ഞുവെച്ച 1200 കോടി രൂപ ഉൾപ്പെടെ നേടിയെടുക്കാനുള്ള ശ്രമത്തിലാണ് കേരളം.
ഭിന്നത പരസ്യമാക്കി സി.പി.ഐ
പി.എം ശ്രീയിൽ ഒപ്പിടാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിൽ എതിർപ്പ് പരസ്യമാക്കി സി.പി.എം. പി.എം ശ്രീയോടുള്ള എതിർപ്പ് തുടരുകയാണെന്നും ദേശീയ വിദ്യാഭ്യാസ നയത്തെ ഇടത് സർക്കാർ എതിർക്കുകയാണ് വേണ്ടതെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. പി.എം ശ്രീ നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രിസഭയിൽ ചർച്ചചെയ്തിട്ടില്ലെന്നും ഇക്കാര്യത്തിൽ കൂടിയാലോചനവേണമെന്നും മന്ത്രി കെ. രാജനും തുറന്നടിച്ചു. വിവാദത്തോടെ പി.എം ശ്രീയിൽ കേരളം ഒപ്പിടാൻ തീരുമാനിച്ചത് സ്ഥിരീകരിച്ച വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാകട്ടെ സി.പി.ഐയുമായുള്ള പ്രശ്‌നം ഞങ്ങൾ തീർത്തോളാമെന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്.
വിദ്യാഭ്യാസ വകുപ്പിന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയുടെ കേന്ദ്രഫണ്ട് ലഭിക്കാൻ വേറെവഴിയില്ലെന്ന് പറഞ്ഞാണ് വിദ്യാഭ്യാസ വകുപ്പ് പദ്ധതിയെ അനുകൂലിക്കുന്നത്. പദ്ധതിയിൽ ഒപ്പുവെക്കുന്നതോടെ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടിവരുമെന്നും കേരളത്തിന്‍റെ വിദ്യാഭ്യാസ ബദൽ തകരുമെന്നുമാണ് ഭരണമുന്നയിലെ രണ്ടാം കക്ഷിയുടെ പക്ഷം.
ഓരോ ബ്ലോക്കിലെയും രണ്ട് സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളടക്കം ഓരോ കോടിരൂപ വീതം അഞ്ചുവർഷം ലഭിക്കുന്ന കേന്ദ്ര ഫണ്ടുകൊണ്ട് വികസിപ്പിക്കുന്ന പദ്ധതിയാണിത്. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുകയും സ്കൂളുകൾക്ക് മുന്നിൽ പി.എം ശ്രീ ബോർഡ് സ്ഥാപിക്കേണ്ടിവരുമെന്നതും മുൻനിർത്തിയാണ് ആദ്യം പദ്ധതിയെ കേരളം ഒന്നടങ്കം എതിർത്തത്. എന്നാൽ സമഗ്ര ശിക്ഷ കേരളം വഴി നടപ്പാക്കുന്ന 1500 കോടിയോളം രൂപയുടെ പദ്ധതികളിലെ കേന്ദ്ര വിഹിതം തടഞ്ഞതോടെയാണ് വിദ്യാഭ്യാസ വകുപ്പിന് മനംമാറ്റമുണ്ടായത്. തുടർന്ന് വിഷയം മന്ത്രിസഭയിൽ ചർച്ചചെയ്തെങ്കിലും ഒപ്പിടരുതെന്ന് സി.പി.ഐ മന്ത്രിമാർ ആവശ്യപ്പെട്ടതോടെ നീക്കം മരവിപ്പിച്ചു.
ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ അടിസ്ഥാനം ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും വിദ്യാഭ്യാസ തത്വങ്ങളും കാഴ്ചപ്പാടുകളുമാണെന്നത് പുറത്തുവരികയും ചെയ്തതോടെ സർക്കാർ ഏറെക്കാലം പുറംതിരിഞ്ഞുനിന്നു. എന്നാൽ സെപ്റ്റംബറിൽ കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനുമായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നടത്തിയ കൂടിക്കാഴ്ചയോടെയാണ് പദ്ധതിക്ക് വീണ്ടും ജീവൻവെച്ചത്.
പിന്നാലെ മന്ത്രിസഭയിൽ ചർച്ചചെയ്യാതെയും സി.പി.ഐയിയോട് ആലോചിക്കാതെയും മുഖ്യമന്ത്രി പിണറായി വിജയന്‍റെ അനുമതിയോടെ പി.എം ശ്രീയിൽ ഒപ്പിടാനാൻ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

