ഫിന്‍ലന്‍റ് വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; വിവിധ മേഖലകളില്‍ സഹകരണത്തിനുള്ള ധാരണാപത്രം ഒപ്പിടും
text_fieldsഫിന്‍ലന്‍റ് വിദ്യാഭ്യാസ മന്ത്രി അന്ന മജ ഹെന്‍റിക്സൻ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തിയപ്പോൾ
തിരുവനന്തപുരം: ഫിന്‍ലന്‍റ് വിദ്യാഭ്യാസ മന്ത്രി അന്ന മജ ഹെന്‍റിക്സന്‍റെ നേതൃത്വത്തിലുള്ള ഉന്നതസംഘം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഫിന്‍ലന്‍റ് അംബാസിഡര്‍ കിമ്മോ ലാ ഡേവിര്‍ട്ട, കോണ്‍സുല്‍ ജനറല്‍ എറിക് അഫ് ഹാള്‍സ്ട്രോം, എന്നിവരടങ്ങുന്നതായിരുന്നു സംഘം.
ടാലന്‍റ് മൊബിലിറ്റി, നഴ്സിങ്, ഐടി, വിദ്യാഭ്യാസം, കൃഷി, ടൂറിസം, മറൈന്‍, ഫിഷറീസ് മേഖലകളില്‍ ഫിന്‍ലന്‍റുമായി സഹകരണത്തിന് സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഇരുവരും തമ്മിലുള്ള ആശയവിനിമയത്തിന്‍റെ അടിസ്ഥാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ പ്രീ സകൂളുകളും പ്രൈമറി സ്കൂളുകളും സന്ദര്‍ശിച്ചപ്പോള്‍ കുട്ടികള്‍ സന്തോഷത്തോടെ ക്ലാസ്സില്‍ ഇടപെടുന്നതും അധ്യാപകര്‍ നല്ലരീതിയില്‍ ക്ലാസ്സ് എടുക്കുന്നതും കണ്ടുവെന്ന് ഫിന്‍ലന്‍റ് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ മെച്ചപ്പെട്ട അവസ്ഥയാണ് ഇത് കാണിക്കുന്നതെന്നും വിദ്യാഭ്യാസ രംഗത്തെ സഹകരണത്തില്‍ കേരളത്തെ മുഖ്യപങ്കാളിയാക്കുന്നതില്‍ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.
ഡിജിറ്റലൈസേഷന്‍, വിദ്യാഭ്യാസം, സുസ്ഥിരത, നൂതനത്വം എന്നീ മേഖലകളില്‍ കേരളവുമായി സഹകരിക്കുന്ന കരാര്‍ വൈകാതെ ഒപ്പിടുമെന്നും മന്ത്രി അറിയിച്ചു. നിലവില്‍ 15 സ്റ്റാര്‍ട്ടപ്പുകള്‍ കേരളവുമായുള്ള സഹകരണം ഉറപ്പാക്കി കഴിഞ്ഞുവെന്നും ഫിന്‍ലന്‍റ് അധികൃതര്‍ പറഞ്ഞു. യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, ചീഫ് സെക്രട്ടറി ഡോ. വി. വേണു, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ സുമന്‍ബില്ല, റാണിജോര്‍ജ്ജ്, ഐ.ടി സെക്രട്ടറി രത്തന്‍ ഖേല്‍ക്കര്‍, ഫിൻലന്റ് സംഘാംഗങ്ങളായ അലക്സാണ്ടര്‍ ജുനല്‍, ജൊഹാന കോപോനെന്‍, വിദ്യാഭ്യാസ ശാസ്ത്ര കൗണ്‍സിലര്‍ മില്‍ക്കാ ടിറോനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

