കോട്ടയം: മഹാത്മഗാന്ധി സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകളിൽ ബിരുദ പ്രവേശനത്തിന് നിലവിൽ അപേക്ഷിക്കാത്തവർക്കും മുൻ അലോട്ട്‌മെന്റുകളിൽ പ്രവേശനം ലഭിക്കാത്തവർക്കും ഡിസംബർ ആറിന് വൈകിട്ട് അഞ്ചു വരെ അപേക്ഷിക്കാം. www.cap.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെയാണ് ഓപ്ഷൻ രജിസ്‌ട്രേഷൻ. ഓൺലൈൻ അപേക്ഷയിൽ തെറ്റുവരുത്തിയതുമൂലം അലോട്ട്‌മെന്റിനു പരിഗണിക്കപ്പെടാത്തവർക്കും അലോട്ട്‌മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും പ്രത്യേകമായി ഫീസ് അടയ്ക്കാതെ ഓപ്ഷൻ നൽകാം. നിലവിലുള്ള ആപ്ലിക്കേഷൻ നമ്പരും പാസ്‌വേഡും ഉപയോഗിച്ച് വെബ്‌സൈറ്റിലെ അക്കൗണ്ട് ക്രിയേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷൻ നമ്പരും പഴയ പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്താണ് പുതുതായി ഓപ്ഷൻ നൽകേണ്ടത്.
ഫൈനൽ അലോട്ട്‌മെന്റിൽ പങ്കെടുക്കുന്നവർ പുതുതായി ഓപ്ഷൻ രജിസ്റ്റർ ചെയ്യണം. ഇതിനായി നിലവിലുള്ള ആപ്ലിക്കേഷൻ നമ്പരും പാസ്‌വേഡും ഉപയോഗിച്ച് വെബ്‌സൈറ്റിലെ അക്കൗണ്ട് ക്രിയേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷൻ നമ്പരും പഴയ പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. പുതിയ ആപ്ലിക്കേഷൻ നമ്പർ സൂക്ഷിച്ചുവയ്ക്കണം. നേരത്തേ നൽകിയ അപേക്ഷയിലെ തെറ്റുതിരുത്താനും പുതുതായി ഓപ്ഷൻ നൽകാനും കഴിയും. ഫൈനൽ അലോട്ട്‌മെന്റിൽ പങ്കെടുക്കുന്ന എല്ലാ അപേക്ഷകരും പുതുതായി ഓപ്ഷൻ നൽകണം. ഓപ്ഷൻ നൽകിയശേഷം അപേക്ഷ സേവ് ചെയ്ത് ഓൺലൈനായി സമർപ്പിക്കുക. അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാലയിൽ നൽകേണ്ടതില്ല.
വിവിധ കോളജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിവരം വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷകളുടെ റാങ്ക് പട്ടിക സർവകലാശാല തയാറാക്കും. റാങ്ക് പട്ടിക പ്രകാരം കോളജുകളിൽ പ്രവേശനം നടത്തും. സർവകലാശാല പ്രസിദ്ധീകരിക്കുന്ന റാങ്ക് പട്ടിക പ്രകാരമുള്ള പ്രവേശന നടപടികൾ ഡിസംബർ 15നകം കോളജുകൾ പൂർത്തീകരിക്കണം. ബിരുദ പ്രോഗ്രാം പ്രവേശനം 15ന് അവസാനിക്കും.