മെഡിക്കൽ പി.ജി അഖിലേന്ത്യ ക്വോട്ട: 146 സീറ്റിലേക്ക് പ്രത്യേക കൗൺസലിങ്
text_fieldsതിരുവനന്തപുരം: മെഡിക്കൽ പി.ജി അഖിലേന്ത്യ ക്വോട്ടയിൽ പുതുതായി ചേർത്ത 146 സീറ്റുകളിലേക്ക് സുപ്രീംകോടതി വിധി പ്രകാരം പ്രത്യേക കൗൺസലിങ് നടപടികൾ തുടങ്ങി. ചോയ്സ് ഫില്ലിങ്ങിനും ലോക്കിങ്ങിനും ഞായറാഴ്ച വൈകീട്ട് ഏഴുവരെയാണ് സമയം അനുവദിച്ചത്. തിങ്കളാഴ്ച അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിക്കുന്നവർ ഏപ്രിൽ ആറിനകം കോളജുകളിൽ റിപ്പോർട്ട് ചെയ്യണം. രണ്ടാം റൗണ്ടിൽ ഇല്ലാതിരുന്ന 146 സീറ്റുകൾ മോപ് അപ് റൗണ്ടിൽ പുതുതായി ചേർത്തതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിൽ മോപ് അപ് റൗണ്ട് സുപ്രീംകോടതി റദ്ദാക്കിയിരുന്നു.
പുതുതായി ചേർത്ത 146 സീറ്റുകളിലേക്ക് പ്രത്യേക കൗൺസലിങ്ങും രണ്ടാം റൗണ്ടിൽ പ്രവേശനം നേടിയവർക്കും പങ്കെടുക്കാൻ അവസരവും നിർദേശിച്ചായിരുന്നു സുപ്രീംകോടതി വിധി. ഇതോടെ മെഡിക്കൽ കൗൺസലിങ് കമ്മിറ്റി മോപ് അപ് അലോട്ട്മെന്റ് പിൻവലിക്കുകയും പുതിയ വിജ്ഞാപനം ഇറക്കുകയും ചെയ്യുകയായിരുന്നു.

