സായുധസേനയിൽ മെഡിക്കൽ ഓഫിസർ
text_fieldsപ്രതീകാത്മക ചിത്രം
കര, നാവിക, വ്യോമസേന അടക്കമുള്ള സായുധസേന മെഡിക്കൽ സർവിസുകളിലേക്ക് മെഡിക്കൽ ഓഫിസർമാരെ (ഷോർട്ട് സർവിസ് കമീഷൻ) തേടുന്നു. ആകെ 225 ഒഴിവുകളുണ്ട്. (പുരുഷന്മാർ-169, വനിതകൾ- 56).
യോഗ്യത: അംഗീകൃത എം.ബി.ബി.എസ് ബിരുദം (രണ്ട് തവണക്കുള്ളിൽ പാസായിരിക്കണം). കഴിഞ്ഞ രണ്ട് വർഷത്തിനകം (2024/2025) നീറ്റ്-പി.ജി അഭിമുഖീകരിച്ചവരാകണം. നാഷനൽ/സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. 2025 ജൂലൈ 31നകം ഇന്റേൺഷിപ് പൂർത്തിയാക്കിയിരിക്കണം. അല്ലെങ്കിൽ മെഡിക്കൽ പി.ജി (മെഡിക്കൽ പി.ജിയുള്ള സിവിലിയൻ ഡോക്ടർമാരെയും പരിഗണിക്കും. ഇവർ വീണ്ടും നീറ്റ്-പി.ജി പരീക്ഷയെഴുതണമെന്നില്ല). മെഡിക്കൽ ഫിസിക്കൽ ഫിറ്റ്നസ് ഉണ്ടായിരിക്കണം.
പ്രായപരിധി: 2025 ഡിസംബർ 31ന് 30 വയസ്സ് കവിയരുത്. മെഡിക്കൽ പി.ജിക്കാർക്ക് 35 വയസ്സ് വരെയാകാം. എം.ബി.ബി.എസ് ബിരുദക്കാർ 1996 ജനുവരി രണ്ടിനു ശേഷവും മെഡിക്കൽ പി.ജിക്കാർ 1991 ജനുവരി രണ്ടിനു ശേഷവും ജനിച്ചവരാകണം.
സെലക്ഷൻ: ഡൽഹിയിലെ ആർമി ഹോസ്പിറ്റലിൽ (ആർ. ആൻഡ് ആർ) 2025 നവംബർ മുതൽ നടത്തുന്ന ഇന്റർവ്യൂവിന്റെയും നീറ്റ്-പി.ജി മാർക്ക്/പെർസെൈന്റൽ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ആദ്യമായി ഇന്റർവ്യൂവിന് ഹാജരാകുന്നവർക്ക് ട്രെയിനിൽ തേർഡ് എ.സി അല്ലെങ്കിൽ നോൺ എ.സി ബസ് ഫെയർ അനുവദിക്കും. യോഗ്യരായ അപേക്ഷകരെ ഇന്റർവ്യൂവിന് ക്ഷണിക്കും. ഇന്റർവ്യൂ കഴിഞ്ഞ് സ്പെഷൽ മെഡിക്കൽ എക്സാമിനേഷൻ ബോർഡിൽ വൈദ്യപരിശോധന നടത്തും.
ഇന്റർവ്യൂവിൽ യോഗ്യത നേടുന്നതിന് ചുരുങ്ങിയത് 50 ശതമാനം മാർക്ക് നേടണം. പുരുഷന്മാർക്കും വനിതകൾക്കും പ്രത്യേകം മെറിറ്റ് ലിസ്റ്റ് തയാറാക്കിയാണ് നിയമനം. യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും അടങ്ങിയ വിജ്ഞാപനം www.join.afns.gov.inൽ ലഭ്യമാണ്. നിർദേശാനുസരണം ഓൺലൈനിൽ ഒക്ടോബർ മൂന്നിനകം അപേക്ഷിക്കാം. അപേക്ഷ ഫീസ് 200 രൂപ.
ശമ്പളം: ക്യാപ്റ്റൻ/തത്തുല്യ പദവിയിൽ മെഡിക്കൽ ഓഫിസറായി നിയമനം ലഭിക്കുന്നവർക്ക് അടിസ്ഥാന ശമ്പളമായി 61,3000 രൂപ ലഭിക്കും. ഇതിനു പുറമെ, എം.എസ്.പി 15,500 രൂപയും ക്ഷാമബത്തയും വീട്ടുവാടക ബത്ത, നോൺ പ്രാക്ടീസിങ് അഡ്വാൻസ്, യാത്രാബത്ത, ഡ്രസ് അലവൻസ്, റേഷൻ അലവൻസ്, പി.ജി അലവൻസ് മുതലായ ആനുകൂല്യങ്ങളുമുണ്ട്. മേജർ, ലഫ്റ്റനൻസ് കേണൽ പദവിവരെ ഉദ്യോഗക്കയറ്റ സാധ്യത പ്രതീക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

