മെഡിക്കൽ, ഡെന്‍റൽ അഖിലേന്ത്യ ക്വോട്ട; ചോയ്സ് ഫില്ലിങ് നാളെ വരെ
text_fieldsതിരുവനന്തപുരം: മെഡിക്കൽ, ഡെന്‍റൽ, നഴ്സിങ് അഖിലേന്ത്യ ക്വോട്ട പ്രവേശനത്തിനുള്ള ചോയ്സ് ഫില്ലിങ്ങിനുള്ള സമയം ഞായറാഴ്ച വൈകീട്ട് 4.55 വരെ നീട്ടി. മദ്രാസ് ഹൈകോടതി ഉത്തരവിനെ തുടർന്നാണ് നടപടി. അന്നുതന്നെ വൈകീട്ട് മൂന്നു മുതൽ അഞ്ചു വരെ ചോയ്സ് ലോക്കിങ്ങും നടത്താം.
14ന് താൽക്കാലിക അലോട്ട്മെന്‍റും 15ന് അന്തിമ അലോട്ട്മെന്‍റും പ്രസിദ്ധീകരിക്കും. അഖിലേന്ത്യ കൗൺസലിങ് തീയതി പുനഃക്രമീകരിച്ചതിനനുസരിച്ച് സംസ്ഥാന ക്വോട്ട അലോട്ട്മെന്‍റിനുള്ള സമയക്രമവും പുനഃക്രമീകരിക്കാൻ മെഡിക്കൽ കൗൺസലിങ് കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്.
അഖിലേന്ത്യ ക്വോട്ടയിൽ രണ്ടാം അലോട്ട്മെന്‍റിനായി സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ 195 എം.ബി.ബി.എസ് സീറ്റാണ് ഒഴിവുള്ളത്. ഈ സീറ്റുകളിലേക്ക് അടുത്ത അലോട്ട്മെന്‍റ് വഴി പ്രവേശനം നടത്തും. വിവിധ സർക്കാർ മെഡിക്കൽ കോളജുകളിൽ അഖിലേന്ത്യ ക്വോട്ടയിൽ ഒഴിവുള്ള സീറ്റുകൾ: തിരുവനന്തപുരം 20, കൊല്ലം 16, ആലപ്പുഴ 21, കോന്നി 14, ഇടുക്കി 14, കോട്ടയം 22, എറണാകുളം 15, തൃശൂർ 25, പാലക്കാട് 14, മഞ്ചേരി 14, കോഴിക്കോട് 8, കണ്ണൂർ 12.