തിരുവനന്തപുരം: ആരോഗ്യമന്ത്രാലയത്തിെൻറയും സര്‍വകലാശാലയുടെയും അനുമതിയില്ലാത്തതിനാല്‍ മെഡിക്കല്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെൻറില്നിന്ന് പുറത്തുപോയത് 1450 സീറ്റുകൾ. 11 സ്വാശ്രയ മെഡിക്കല്‍ കോളജുകളിലാണ് ഇത്രയും സീറ്റുകൾ.
മൂന്ന് ഡെൻറല്‍ കോളജുകളിലായി 300 സീറ്റുകള്‍ ബി.ഡി.എസ് അലോട്ട്മെൻറിലും പരിഗണിച്ചില്ല. ഒമ്പത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെയും 12 സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെയും 2343 സീറ്റുകളിലേക്കാണ് ആദ്യ അലോട്ട്മെൻറ് നടത്തിയത്. ആരോഗ്യസര്‍വകലാശാലയുടെ അനുമതിയില്ലാത്ത നാല് സ്വാശ്രയ മെഡിക്കല്‍ കോളജുകളെ അടുത്ത അലോട്ട്മെൻറിൽ പരിഗണിച്ചേക്കും. അതിനുമുന്നോടിയായി ന്യൂനതകള്‍ പരിഹരിച്ച് കോളജുകള്‍ സര്‍വകലാശാലയെ അറിയിക്കണം.
ആവശ്യമെങ്കില്‍ സർവകലാശാല ഈ കോളജുകളില്‍ പുനഃപരിശോധന നടത്തും. ഏഴിന് തിരുവനന്തപുരത്ത് ചേരുന്ന സര്‍വകലാശാല ഗവേണിങ് കൗണ്‍സിലിൽ കോളജുകളുടെ അഫിലിയേഷൻപ്രശ്നം പരിഗണനക്ക് വരും.
ന്യൂനത പരിഹരിക്കാത്ത കോളജുകള്‍ക്ക് അംഗീകാരം പുതുക്കിനൽകേണ്ടതില്ലെന്നാണ് മിക്ക കൗൺസിൽ അംഗങ്ങളുടെയും നിലപാട്. അതേസമയം, ആരോഗ്യമന്ത്രാലയം അനുമതി നിഷേധിച്ച മറ്റു കോളജുകള്‍ കോടതിയില്‍നിന്ന് അനുമതി നേടിയെത്തിയാൽ മാത്രമേ അലോട്ട്മെൻറില്‍ പരിഗണിക്കൂ.
രണ്ടാം അലോട്ട്മെൻറിനുശേഷം അനുമതി ലഭിക്കുന്ന കോളജുകളിലെ പ്രവേശനം മോപ് അപ് റൗണ്ടിലൂടെ (സ്പോട്ട് അഡ്മിഷൻ) പൂര്‍ത്തിയാക്കേണ്ടിവരും.