Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎം.ബി.ഇസെഡ്​.യു.എ.ഐ...

എം.ബി.ഇസെഡ്​.യു.എ.ഐ ഗവേഷണത്തിന്റെ ആഴങ്ങളിലേക്ക്

text_fields
bookmark_border
എം.ബി.ഇസെഡ്​.യു.എ.ഐ ഗവേഷണത്തിന്റെ ആഴങ്ങളിലേക്ക്
cancel

ബിരുദം കഴിഞ്ഞവർക്ക്(B.Tech / BSc) ഉപരിപഠനത്തിന് മുഹമ്മദ് ബിൻ സായിദ് യൂനിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസി(MBZUAI)നേക്കാൾ മികച്ചൊരിടം നിലവിൽ വിരളമാണ്. MBZUAI പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അഞ്ച് സ്പെഷ്യലൈസേഷനുകളിലാണ്.

1. കമ്പ്യൂട്ടർ വിഷൻ(Computer Vision): മനുഷ്യൻ കണ്ണുകൊണ്ട് കാണുന്നത് പോലെ, കമ്പ്യൂട്ടറിനെ കാണാൻ പഠിപ്പിക്കുന്ന വിദ്യ. (ഉദാഹരണങ്ങൾ: എക്സ്-റേ നോക്കി രോഗം പറയുന്ന സോഫ്റ്റ്‌വെയറുകൾ, ഡ്രൈവറില്ലാതെ ഓടുന്ന കാറുകൾ).

2. മെഷീൻ ലേണിങ്(Machine Learning): എ.ഐയുടെ തലച്ചോർ. ഡാറ്റ ഉപയോഗിച്ച് കമ്പ്യൂട്ടറിനെ പഠിപ്പിക്കുന്ന രീതി.

3. നാച്ചുറൽ ലാംഗ്വേജ് പ്രോസസിങ്(NLP): മനുഷ്യന്റെ ഭാഷയും കമ്പ്യൂട്ടറിന്റെ കോഡും തമ്മിലുള്ള ദൂരം കുറക്കുന്ന സാങ്കേതികവിദ്യ (ഉദാ: ChatGPT).

4. റോബോട്ടിക്സ്(Robotics): യന്ത്രമനുഷ്യരുടെ നിർമ്മാണം, നിയന്ത്രണം, പെരുമാറ്റം എന്നിവ പഠിക്കുന്നു.

5. കമ്പ്യൂട്ടർ സയൻസ്(CS): എ.ഐയുടെ അടിത്തറ ബലപ്പെടുത്തുന്ന വിപുലമായ ഗവേഷണങ്ങൾ.

കോഴ്സുകളുടെ ഘടന

MSc(2 വർഷം): ക്ലാസ് പഠനത്തോടൊപ്പം ഒരു ‘റിസർച്ച് തീസിസ്’ (Research Thesis) കൂടി പൂർത്തിയാക്കണം. ഇത് കഴിഞ്ഞാൽ നേരിട്ട് ജോലിയിൽ പ്രവേശിക്കുകയോ പി.എച്ച്.ഡിക്ക് ചേരുകയോ ചെയ്യാം.

PhD (4 വർഷം): ഈ മേഖലയിൽ പുതിയ കണ്ടെത്തലുകൾ നടത്താൻ ആഗ്രഹിക്കുന്നവർക്കുള്ളത്. ലോകോത്തര ജേണലുകളിൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കണം.

സമാനതകളില്ലാത്ത ആനുകൂല്യങ്ങൾ

ഇവിടെയാണ് പ്രവാസം MBZUAIയുടെ ‘മദ്‌ഹു’കൾ പാടുന്നത്. സാധാരണ വിദേശ സർവകലാശാലകളിൽ(UK, USA, Canada) പഠിക്കാൻ പോകുമ്പോൾ കോടികൾ വായ്പ എടുക്കേണ്ടി വരും. എന്നാൽ ഇവിടെ? തിരഞ്ഞെടുക്കപ്പെടുന്ന ഓരോ വിദ്യാർഥിക്കും ലഭിക്കുന്നത് ‘രാജകീയ’ പരിഗണനയാണ്.

1. 100 ശതമാനം ട്യൂഷൻ ഫീ ഇളവ്: പഠനം പൂർണമായും സൗജന്യം. ഒരു രൂപ പോലും ഫീസായി നൽകേണ്ടതില്ല.

2. പ്രതിമാസ സ്റ്റൈപ്പൻഡ്(Monthly Salary): പഠിക്കുന്നതിന് ഇങ്ങോട്ട് പണം തരുന്നു. MSc വിദ്യാർഥികൾക്ക്: മാസം തോറും ഏകദേശം 8,000 ദിർഹം(ഏകദേശം 1.8 ലക്ഷം രൂപ).

PhD വിദ്യാർഥികൾക്ക്: മാസം തോറും ഏകദേശം 10,000 ദിർഹം (ഏകദേശം 2.2 ലക്ഷം രൂപ).

(വിവാഹിതരായ PhD വിദ്യാർത്ഥികൾക്ക് കുടുംബത്തോടൊപ്പം താമസിക്കാൻ അനുമതിയും പുറമെ അലവൻസുകൾ ലഭിക്കാൻ സാധ്യതയുമുണ്ട്).

3. താമസം: മസ്ദർ സിറ്റിയിലെ അത്യാധുനികമായ ക്യാമ്പസ് ഹോസ്റ്റൽ. ജിം, നീന്തൽക്കുളം, വിനോദ സൗകര്യങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.

4. യാത്ര: വർഷത്തിലൊരിക്കൽ നാട്ടിൽ പോയി വരാനുള്ള വിമാന ടിക്കറ്റ്.

5. ആരോഗ്യം: യു.എ.ഇയിലെ മികച്ച ആശുപത്രികളിൽ ചികിത്സ ഉറപ്പാക്കുന്ന ഹെൽത്ത് ഇൻഷുറൻസ്.

6. ഗോൾഡൻ വിസ: യു.എ.ഇയുടെ 10 വർഷത്തെ ഗോൾഡൻ വിസ ലഭിക്കാനുള്ള അവസരം.(ബിരുദ വിദ്യാർഥികൾക്കും മെറിറ്റ് അടിസ്ഥാനത്തിൽ സ്കോളർഷിപ്പുകളും സ്റ്റൈപ്പൻഡുകളും ലഭ്യമാണ്).

പ്രവേശന നടപടികൾ:

ഇതൊരു സ്വർണ്ണഖനിയാണ്. അതുകൊണ്ട് തന്നെ ഇവിടേക്ക് കടക്കുക എന്നത് എളുപ്പമല്ല. ‘Best of the Best’ അഥവാ അതിസമർഥരെയാണ് അവർ തേടുന്നത്.

A. ബിരുദ പ്രവേശനത്തിന് (For Undergraduate Admission)

പ്ലസ് ടു സയൻസ് സ്ട്രീം(മാത്തമാറ്റിക്സ്, ഫിസിക്സ്) പഠിച്ചവർ താഴെ പറയുന്ന കടമ്പകൾ കടക്കണം:

1. അക്കാദമിക് മികവ്: പ്ലസ് ടു പരീക്ഷയിൽ(CBSE/State/ISC) 90 ശതമാനത്തിന് മുകളിൽ മാർക്ക് അഭികാമ്യം.

2. നിർബന്ധമായ പരീക്ഷകൾ(Standardized Tests): ഇവിടെയാണ് പല ഇന്ത്യൻ വിദ്യാർഥികളും ശ്രദ്ധിക്കേണ്ടത്.

-SAT: മാത്തമാറ്റിക്സിൽ കുറഞ്ഞത് 700 സ്കോർ (800-ൽ) നിർബന്ധമാണ്.

-അല്ലെങ്കിൽ EmSAT (Math): 1350 സ്കോർ. (നിങ്ങൾ പ്ലസ് ടു പഠിക്കുമ്പോൾ തന്നെ SAT എഴുതി സ്കോർ നേടി വെക്കുന്നത് വലിയ ഗുണം ചെയ്യും).

3. ഇംഗ്ലീഷ് ഭാഷ: TOEFL iBT(80) അല്ലെങ്കിൽ IELTS Academic (6.0).

4. ഇന്റർവ്യൂ: ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടാൽ ഓൺലൈൻ ഇന്റർവ്യൂ ഉണ്ടാകും.

B. മാസ്റ്റേഴ്സ് ആൻഡ് പി.എച്ച്.ഡി പ്രവേശനത്തിന്(For PG Admission)

1. ബിരുദം: 4 വർഷത്തെ ബാച്ചിലർ ബിരുദം(B.Tech/BE/BSc Research). 3 വർഷത്തെ BSc ആണെങ്കിൽ, ഇന്ത്യയിൽ 2 വർഷത്തെ MSc കൂടി കഴിഞ്ഞിരിക്കണം.

2. CGPA: കുറഞ്ഞത് 3.2 (4.0 സ്കെയിലിൽ). അതായത് ഏകദേശം 80 ശതമാനം മാർക്കിന് മുകളിൽ.

3. GRE: നിർബന്ധമല്ലെങ്കിലും, നല്ലൊരു GRE സ്കോർ ഉണ്ടെങ്കിൽ അഡ്മിഷൻ സാധ്യത വളരെ കൂടും. (പ്രത്യേകിച്ച് ടോപ്പ് റാങ്കുള്ള കോളേജുകളിൽ നിന്നല്ല വരുന്നതെങ്കിൽ).

4. Statement of Purpose (SOP): 800 വാക്കുകളിൽ കവിയാത്ത ഒരു ഉപന്യാസം. എന്തിനാണ് നിങ്ങൾ MBZUAI തിരഞ്ഞെടുക്കുന്നത്? നിങ്ങൾക്ക് എഐ-യോടുള്ള പാഷൻ എന്താണ്? ഭാവിയിൽ നിങ്ങൾ എന്ത് ചെയ്യാൻ ഉദ്ദേശിക്കുന്നു? ഇതെല്ലാം വ്യക്തമായി ഇതിൽ എഴുതണം. അഡ്മിഷന്റെ 50 ശതമാനം വിജയവും ഇരിക്കുന്നത് ഈ SOPയിലാണ്.

5. റെക്കമെൻഡേഷൻ ലെറ്റർ: നിങ്ങളെ പഠിപ്പിച്ച അധ്യാപകരുടെ 2 കത്തുകൾ.

കരിയർ - എങ്ങോട്ട് പോകും?

‘ഇവിടെ പഠിച്ചു കഴിഞ്ഞാൽ ജോലി കിട്ടുമോ?’ എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. ‘ഏത് ജോലി തിരഞ്ഞെടുക്കും?’ എന്നതാണ് ചോദ്യം.

1. ഗ്ലോബൽ ടെക് ഭീമന്മാർ: ഗൂഗിൾ, മൈക്രോസോഫ്റ്റ്, മെറ്റാ, ആമസോൺ, എൻവിഡിയ (Nvidia) എന്നിവയുടെ മിഡിൽ-ഈസ്റ്റ് ആസ്ഥാനങ്ങളിലേക്ക് നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് സാധ്യതകൾ.

2. യുഎഇ ഗവൺമെന്റ് & ഇൻഡസ്ട്രി: അഡ്നോക് (ADNOC), ഇത്തിഹാദ് എയർവെയ്സ്, എമിറേറ്റ്സ്, ദുബായ് ഇലക്ട്രിസിറ്റി & വാട്ടർ അതോറിറ്റി (DEWA), G42 (ലോകത്തിലെ വലിയ എഐ കമ്പനികളിലൊന്ന്) എന്നിവർ തങ്ങളുടെ പ്രവർത്തനം എ.ഐയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.

3. സംരംഭകർ: സ്വന്തമായി ഒരു എഐ കമ്പനി തുടങ്ങാൻ ആഗ്രഹമുണ്ടോ? MBZUAIയുടെ ഇൻകുബേഷൻ സെന്റർ (Incubation Center) നിങ്ങൾക്ക് ഫണ്ടിംഗും സഹായവും നൽകും.

മരുഭൂമിയിലെ വിളി

ലോകം മാറുകയാണ്. നമ്മൾ പണ്ട് പഠിച്ച പാഠപുസ്തകങ്ങൾക്കപ്പുറം, ചിന്തിക്കുന്ന യന്ത്രങ്ങളുടെ ഒരു ലോകം വന്നെത്തിക്കഴിഞ്ഞു. ആ ലോകത്തെ നിയന്ത്രിക്കാൻ നമ്മുടെ കുട്ടികൾ പ്രാപ്തരാകണം. അതിന് ലക്ഷങ്ങൾ മുടക്കി പാശ്ചാത്യ രാജ്യങ്ങളിൽ പോകണമെന്നില്ല.

നമ്മുടെ തൊട്ടടുത്ത്, അതിനേക്കാൾ മികച്ച സൗകര്യങ്ങളോടെ അബൂദബി കാത്തിരിക്കുന്നു. എൻജിനീയറിങ് മോഹവുമായി നടക്കുന്ന പ്ലസ് ടുക്കാരനോട് പറയുക, ‘മോനേ/മോളേ, നിനക്ക് SAT എഴുതിയാൽ ലോകത്തെ ഏറ്റവും മികച്ച എ.ഐ ക്യാമ്പസിൽ സൗജന്യമായി പഠിക്കാം’ എന്ന്.

ബിരുദം കഴിഞ്ഞ് നിൽക്കുന്നവരോട് പറയുക, ‘നിന്റെ ഐഡിയകൾക്ക് ചിറക് മുളപ്പിക്കാൻ അവിടെ അവസരങ്ങളുണ്ട്’ എന്ന്. മരുഭൂമിയിലെ ഈ വിജ്ഞാന വസന്തം അതിസമർഥരെ മാടിവിളിക്കുകയാണ്. ആ വിളി കേൾക്കാൻ, അതിനായി തയ്യാറെടുക്കാൻ നിങ്ങൾ തയ്യാറാണോ? എങ്കിൽ MBZUAI എന്ന നാലക്ഷരം നിങ്ങളുടെ ജീവിതം മാറ്റിയെഴുതും.

കൂടുതൽ വിവരങ്ങൾക്ക്: mbzuai.ac.ae സന്ദർശിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationcourseLearning
News Summary - MBZAI course
Next Story