തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകളിൽ ഒഴിവുണ്ടായിരുന്ന 66 എം.ബി.ബി.എസ് സീറ്റുകളിലെ പ്രേവശനം പൂര്‍ത്തിയായി. സര്‍ക്കാര്‍ ഡെൻറല്‍ കോളജുകളില്‍ ഒഴിവുണ്ടായിരുന്ന 10 ബി.ഡി.എസ് സീറ്റുകളും നികത്തി. സ്വാശ്രയ ഡെൻറല്‍ കോളജുകളില്‍ നിലവിലുള്ള സീറ്റുകളിലേക്ക് രാത്രിതന്നെ പ്രവേശന നടപടികളാരംഭിച്ചു. ഞായറാഴ്ചയും ഇത് തുടരും.
സുപ്രീംകോടതി ഇടപെടലിനെത്തുടര്‍ന്ന് നാല് സ്വാശ്രയ കോളജുകളെ ഒഴിവാക്കിയാണ് ശനിയാഴ്ച പ്രവേശനപരീക്ഷ കമീഷണര്‍ മോപ്-അപ് കൗണ്‍സലിങ് നടത്തിയത്. ഡി.എം വയനാട്, തൊടുപുഴ അല്‍ അസര്‍, വര്‍ക്കല എസ്.ആര്, ഒറ്റപ്പാലം പി.കെ ദാസ് എന്നിവയിലെ പ്രവേശനം സുപ്രീംകോടതി സ്റ്റേ ചെയ്തതിനെത്തുടര്‍ന്ന് നാല്, അഞ്ച് തീയതികളില്‍നടന്ന മോപ്-അപ് കൗണ്‍സലിങ് നിര്‍ത്തിെവച്ചിരുന്നു. സ്റ്റേ തുടരുന്ന സാഹചര്യത്തിലാണ് ഈ കോളജുകളെ ഒഴിവാക്കി അവശേഷിച്ച സീറ്റുകളിലേക്ക് മോപ്-അപ് കൗണ്‍സലിങ് നടത്തിയത്. നേരത്തെ മോപ്-അപ് കൗണ്‍സലിങ്ങില്‍ പ്രവേശനംലഭിച്ച 96 പേരുടെ പ്രവേശനം സ്ഥിരപ്പെടുത്തി നൽകിയിരുന്നു.