വിദ്യാർഥികളെ നേരത്തേ ഉണർത്താൻ മാസ് അലാറം പദ്ധതിയുമായി ഹരിയാന
text_fieldsഗുരുഗ്രാം: സ്കൂൾ വിദ്യാർഥികളെ നേരത്തേ എഴുന്നേൽപിക്കാൻ മാസ് അലാറം പദ്ധതിയുമായി ഹരിയാനയിലെ വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ പള്ളികൾ, ഗുരുദ്വാരകൾ, മസ്ജിദുകൾ, അമ്പലങ്ങൾ തുടങ്ങിയ ആരാധനാലയങ്ങളുമായി സഹകരിച്ചാണ് വിദ്യാഭ്യാസ വകുപ്പ് പദ്ധതി നടപ്പാക്കുക. പുലർച്ചെ 4.30ന് വിദ്യാർഥികളെ ഉണർത്താനാണ് പദ്ധതി. പ്രധാനമായും 10, 12 ക്ലാസുകളിലെ വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് തീരുമാനം. 2023 ആദ്യപാദത്തിലാണ് ഇവരുടെ വാർഷിക പരീക്ഷകൾ നടക്കുന്നത്. അതിനായി വിദ്യാർഥികളെ സജ്ജമാക്കുകയാണ് ലക്ഷ്യം. ഇതു വഴി സർക്കാർ സ്കൂളുകളിലെ വിജയ ശതമാനം വർധിപ്പിക്കാൻ സാധിക്കുമെന്നും അധികൃതർ കണക്കുകൂട്ടുന്നു.
അതോടൊപ്പം, വിദ്യാർഥികളുടെ ഏകാഗ്രതക്ക് തടസ്സമാവുന്ന രീതിയിൽ അടുത്ത മൂന്നുമാസങ്ങളിൽ ഉച്ചത്തിലുള്ള സംഗീത പരിപാടികളും ആഘോഷ പരിപാടികളും ഇല്ലെന്ന് ഉറപ്പാക്കാൻ പഞ്ചായത്ത് അധികൃതർക്കും നിർദേശം നൽകും.
ബോർഡ് പരീക്ഷകൾക്ക് 70 ദിവസം മാത്രമേ ശേഷിക്കുന്നുള്ളൂ. പഠന-പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി കുറെ സമയം അധ്യാപകർക്ക് ചെലവഴിക്കേണ്ടി വന്നതിനാൽ ഇത്തവണ ക്രിസ്മസ് അവധിക്കാലം ഒഴിവാക്കിയിട്ടുണ്ട്.
ബോർഡ് പരീക്ഷകൾ വരെയുള്ള എല്ലാ ദിവസങ്ങളിലും 72% മുതൽ 90% വരെ വിദ്യാർഥികൾക്ക് ഹാജർ ഉറപ്പാക്കാനും ശൈത്യകാല അവധിക്കാലത്ത് രാവിലെ 10 മുതൽ രണ്ടു വരെ അധിക ക്ലാസുകൾ നൽകാനും അധ്യാപകർക്ക് നിർദേശമുണ്ട്. സ്‌കൂൾ മേധാവികളും വിദ്യാഭ്യാസ ഉദ്യോഗസ്ഥരും പഞ്ചായത്തുകളുടെ പിന്തുണയോടെ ക്ഷേത്രങ്ങൾ, മുസ്‌ലിം പള്ളികൾ, ഗുരുദ്വാര, പള്ളി മാനേജ്‌മെന്റുകൾ എന്നിവരോട് ഉച്ചഭാഷിണി ഉപയോഗിച്ച് എല്ലാ ദിവസവും പുലർച്ചെ 4.30ന് വിദ്യാർഥികളെ ഉണർത്തണമെന്നാണ് നിർദേശം. പുലർച്ചെ 5.15ന് വിദ്യാർഥികൾ പഠനം തുടങ്ങുന്നുവെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണം. ഇതിനായി അധ്യാപകർ പ്രത്യേക വാട്സ് ആപ് ഗ്രൂപ്പുകൾ തന്നെ സജ്ജമാക്കും.
രാത്രി സമയം ബഹളമയമായതിനാൽ പഠിക്കാൻ വിദ്യാർഥികൾക്ക് അനുകൂല സാഹചര്യം ലഭിക്കില്ല. എന്നാൽ പ്രഭാതസമയം അതിന് ഏറ്റവും ഉത്തമമായ സമയമാണ്. അതിനാൽ വിദ്യാർഥികളെ പരീക്ഷക്കായി ഒരുക്കാൻ സമൂഹം ഒന്നിച്ചുനിൽക്കണമെന്ന് ഹരിയാന മിഷൻ നോഡൽ ഓഫിസറായ പ്രമോദ് കുമാർ പറഞ്ഞു.
അതേസമയം, പദ്ധതി പൂർണ തോതിൽ നടപ്പാക്കാൻ സാധിക്കുമോ എന്നതിൽ ആശങ്ക പ്രകടിപ്പിക്കുന്നവരും കുറവല്ല. പ്രോത്സാഹിപ്പിക്കൽ അല്ലാതെ പഠനം വിദ്യാർഥികളിൽ അടിച്ചേൽപിക്കാൻ സാധിക്കില്ല എന്നാണ് പലരുടെയും അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

