പുതിയ കോഴ്സടക്കം മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് വികസനത്തിന് പദ്ധതി
text_fieldsകൊല്ലം: നീണ്ടകരയിലെ മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിൽ പുതിയ കോഴ്സും മെച്ചപ്പെട്ട പഠന സൗകര്യവുമൊരുക്കാനും പദ്ധതി. നിലവിൽ ഭാഗികമായാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം. ഇന്ത്യൻ മാരിടൈം യൂനിവേഴ്സിറ്റിയുടെ അംഗീകാരമുള്ള കോഴ്സുകൾ ആരംഭിക്കുന്നതടക്കമുള്ള നടപടികളാണ് കേരള മാരിടൈം ബോർഡ് ആരംഭിച്ചിട്ടുള്ളത്. കൊച്ചിൻ ഷിപ്യാർഡിന്റെ ഉൾപ്പെടെ ഈരംഗത്തുള്ള സ്ഥാപനങ്ങളുടെ സഹകരണം ഇതിനായി പ്രയോജനപ്പെടുത്തും. ഇൻസ്റ്റിറ്റ്യൂട്ടിലെ നിലവിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് വിവിധ പ്രോജക്ടുകളാണ് മാരിടൈംബോർഡ് സർക്കാറിന് സമർപ്പിച്ചത്.
ഇതിൽ ലൈബ്രറിയും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിന് 12,70,820 രൂപയുടെ പദ്ധതിക്ക് ഭരണാനുമതിയായി. ഹോസ്റ്റൽബ്ലോക്ക് നിർമാണ-നവീകരണത്തിനായി നൽകിയ 1,01,36,340 രൂപയുടെ മറ്റൊരു പദ്ധതിക്കും കഴിഞ്ഞ വർക്കിങ് ഗ്രൂപ് യോഗം അനുമതി നൽകി.
തുക അനുവദിച്ച രണ്ടു പദ്ധതികളുടെയും തുടർനടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്.
ഉൾനാടൻ ജലഗതാഗത മേഖലക്ക് പ്രായോജനകരമായ ലസ്കർ, സ്രാങ്ക് സർട്ടിഫിക്കറ്റ് കോഴ്സുകളാണ് നീണ്ടകരയിൽ നടത്തിയിരുന്നത്. ഈ കോഴ്സ് തൽക്കാലം നിർത്തിവെച്ചിട്ടുണ്ട്. പകരം ഇന്ത്യൻ മാരിടൈം യൂനിവേഴ്സിറ്റിയുടെ അംഗീകാരത്തോടെ മൂന്നരമാസം ദൈർഘ്യമുള്ള പരിഷ്കരിച്ച കോഴ്സാവും ആരംഭിക്കുക.
നാവിക പഠന രംഗത്ത് സർക്കാർ മേഖലയിലെ മികച്ച കേന്ദ്രമാക്കി നീണ്ടകരയിലെ ഇൻസ്റ്റിറ്റ്യൂട്ടിനെ മാറ്റുകയാണ് ലക്ഷ്യം.
കേന്ദ്ര ഉൾനാടൻ ജലഗതാഗത വകുപ്പും ജലഗതാഗത രംഗത്ത് കാലാനുസൃത മാറ്റങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി ഈ രംഗത്തുള്ളവർക്ക് മൂന്നരമാസത്തെ പരിശീലന പദ്ധതി അനിവാര്യമാണെന്ന നിലപാടിലാണ്. പുതിയ കോഴ്സിനോടനുബന്ധിച്ച വിവിധ പരിശീലനങ്ങൾക്ക് കൊച്ചിൻഷിപ്യാർഡ്, മർച്ചന്റ് നേവി ക്ലബ് എന്നിവയുടെ സഹകരണവും തേടും. കൊല്ലം തീരം കേന്ദ്രമാക്കി കപ്പൽ അറ്റകുറ്റപ്പണിക്കുള്ള ‘ഫ്ലോട്ടിങ് ഡ്രൈഡോക്ക്’ പദ്ധതിക്കൊപ്പം മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടും മികച്ച നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം. മാരിടൈംബോർഡിന്റെ ഇതുസംബന്ധിച്ച പദ്ധതി സംസ്ഥാന സർക്കാറിന്റെ പരിഗണനയിലാണ്.
120 കോടിയോളം രൂപ ചെലവ് കണക്കാക്കുന്ന ‘ഫ്ലോട്ടിങ് ഡ്രൈഡോക്ക്’ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ ‘സാഗർമാല’ പദ്ധതിയിൽനിന്നുള്ള വിഹിതവും ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

