Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐഎഎസ് ഉദ്യോഗസ്ഥൻ, എംബിബിഎസ് സ്വർണ മെഡൽ ജേതാവ്; മൻദീപ് കെ ഭണ്ഡാരി സിബിഎസ്ഇ പുതിയ ചെയർമാൻ

text_fields
bookmark_border
Mandeep Bhandari
cancel

ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജൂക്കേഷന്റെ (സി.ബി.എസ്.ഇ) പുതിയ ചെയർമാനായി മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ മൻദീപ് കെ. ഭണ്ഡാരിയെ നിയമിച്ചു. 2001 ബാച്ച് എ.ജി.എം.യു.ടി കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് മൻദീപ്. സി.ബി.എസ്.ഇയുടെ ഓൺ സ്ക്രീൻ മാർക്കിങ് (ഒ.എസ്.എം) സംവിധാനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും പരിശോധനകൾക്കും പിന്നാലെയാണ് പുതിയ നിയമനം.

സെപ്റ്റംബർ 25ന് കേന്ദ്ര നിയമന സമിതി മൻദീപ് കെ. ഭണ്ഡാരിയുടെ നിയമനത്തിന് അംഗീകാരം നൽകി. അഡീഷണൽ സെക്രട്ടറി പദവിയുടെയും ശമ്പള സ്കെയിലിന്റെയും തലത്തിലേക്ക് സി.ബി.എസ്.ഇ ചെയർമാൻ പദവി താൽക്കാലികമായി ഉയർത്തിയാണ് നിയമനം.

നിലവിൽ ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു മൻദീപ് ഭണ്ഡാരി. ശ്രീ അമർനാഥ്ജി ശ്രൈൻ ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ അധിക ചുമതലയും അദ്ദേഹം വഹിച്ചിരുന്നു. നേരത്തെ ജമ്മു, ലേ എന്നിവിടങ്ങളിൽ ഡെപ്യൂട്ടി കമീഷണറായും ജമ്മു ഡിവിഷണൽ കമീഷണറായും ശ്രീ മാതാ വൈഷ്ണോ ദേവി ശ്രൈൻ ബോർഡിന്റെ സി.ഇ.ഒയായും പ്രവർത്തിച്ചിട്ടുണ്ട്. ജമ്മു കശ്മീരിന്റെ ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.

മെഡിക്കൽ ബിരുദധാരിയാണ് മൻദീപ് കെ. ഭണ്ഡാരി. ലുധിയാനയിലെ ദയാനന്ദ് മെഡിക്കൽ കോളജിൽ നിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കിയ അദ്ദേഹം സ്വർണ മെഡലും നേടിയിരുന്നു. തുടർന്ന് സിവിൽ സർവീസിലെത്തി. 2018ൽ കേന്ദ്ര മാനവവിഭവശേഷി മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ച അദ്ദേഹം പിന്നീട് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായി ചുമതലയേറ്റു.

2026ൽ പന്ത്രണ്ടാം ക്ലാസ് ഉത്തരക്കടലാസുകളുടെ മൂല്യനിർണയത്തിനായി സി.ബി.എസ്.ഇ ആദ്യമായി വ്യാപകമായി ഓൺ സ്ക്രീൻ മാർക്കിങ് സംവിധാനം നടപ്പാക്കിയിരുന്നു. ഇതിൽ ഉത്തരക്കടലാസുകൾ സ്കാൻ ചെയ്ത് ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കുകയായിരുന്നു. എന്നാൽ ഫലം പുറത്തുവന്നതിന് പിന്നാലെ സ്കാൻ ചെയ്ത ഉത്തരക്കടലാസുകളിൽ പേജുകൾ വ്യക്തമല്ലാത്തതായും പേജുകൾ നഷ്ടപ്പെട്ടതായും ചില വിദ്യാർഥികൾക്ക് മറ്റൊരു വിദ്യാർഥിയുടെ ഉത്തരക്കടലാസ് ലഭിച്ചതായും പരാതികൾ ഉയർന്നു. പോർട്ടൽ, പണമടക്കൽ, റീവാലുവേഷൻ നടപടികൾ എന്നിവയുമായി ബന്ധപ്പെട്ടും പരാതികൾ ഉണ്ടായിയിരുന്നു. ഇതിന് പിന്നാലെയാണ് മൻദീപ് ഭണ്ഡാരിയുടെ നിയമനം.

മൻദീപ് ഭണ്ഡാരിയുടെ നിയമനത്തോടെ നാല് മാസത്തിനിടെ സി.ബി.എസ്.ഇയുടെ തലപ്പത്ത് മൂന്നാമത്തെ മാറ്റമാണ്. ഒ.എസ്.എം വിവാദത്തിന്റെ പശ്ചാത്തലത്തിൽ ജൂൺ രണ്ടിന് മുൻ ചെയർമാൻ രാഹുൽ സിങ്ങിനെ കേന്ദ്ര സർക്കാർ മാറ്റിയിരുന്നു. സെക്രട്ടറി ഹിമാൻഷു ഗുപ്തയെയും കേന്ദ്രസർക്കാർ നീക്കം ചെയ്തു. തുടർന്ന് ലോഖണ്ഡേ പ്രശാന്ത് സീതാറാമിന് ചെയർമാന്റെ അധിക ചുമതല നൽകിയിരുന്നു. പുതിയ സി.ബിഎസ്.ഇ സെക്രട്ടറിയായി വരുൺ ഭരദ്വാജിനെയും നിയമിച്ചു. സി.ബി.എസ്.ഇയുടെ അടുത്ത അധ്യയന വർഷം ആരംഭിക്കുന്ന ഘട്ടത്തിലാണ് പുതിയ ചെയർമാന്റെ നിയമനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mandeep K Bhandari is new CBSE chairman
Next Story