ഗുജറാത്തിലെ സ്കൂൾ പാഠപുസ്തകങ്ങളിൽ ഭഗവദ്ഗീത നിർബന്ധമാക്കി
text_fieldsഭഗവദ്ഗീത (പ്രതീകാത്മക ചിത്രം)
അഹ്മദാബാദ്: ഒമ്പത് മുതൽ 12 വരെയുള്ള ക്ലാസുകളിൽ ഭഗവദ്ഗീത പഠിപ്പിക്കൽ നിർബന്ധമാക്കി ഗുജറാത്ത് സർക്കാർ. ഈ ക്ലാസുകളിലെ ഒന്നാം ഭാഷ പാഠപുസ്തകങ്ങളിലാണ് ഭഗവദ്ഗീത ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇനി മുതൽ ഗുജറാത്തി, ഉറുദു, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലെ ഭഗവദ്ഗീതയുടെ മൂല്യാധിഷ്ഠിത അധ്യായങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തും. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ പുറത്തിറക്കിയ ദേശീയ വിദ്യാഭ്യാസ നയം 2020(എൻ.ഇ.പി) നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. പുരാതന ഇന്ത്യൻ സംസ്കാരം, പാരമ്പര്യം, വിജ്ഞാന സംവിധാനങ്ങൾ എന്നിവ രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഉൾപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് എൻ.ഇ.പി 2020. ഇന്ത്യയിലെ ഹിന്ദുക്കളുടെ ആത്മീയവും മതപരവുമായ ഗ്രന്ഥമാണ് ഭഗവദ്ഗീത.
ഹിന്ദുക്കളല്ലാത്തവരും ഭഗവദ്ഗീതയെ വ്യത്യസ്തമായ രീതിയിൽ സമീപിച്ചിട്ടുണ്ട്. മുഗൾ രാജകുമാരൻ ദാര ഷുക്കോ പേഷർഷ്യൻ ഉൾപ്പെടെയുള്ള ഭാഷകളിലേക്ക് ഭഗവദ്ഗീത വിവർത്തനം ചെയ്തിട്ടുണ്ട്. ഇന്ത്യൻ വിദ്യാഭ്യാസസമ്പ്രദായത്തിൽ വർധിച്ചുവരുന്ന ഹിന്ദുത്വ നയത്തിന്റെ വിപുലീകരണം കൂടിയാണീ നടപടി.
ബി.ജെ.പി ഭരിക്കുമ്പോൾ കർണാടകയിൽ മുസ്‍ലിം പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നത് നിരോധിച്ചിരുന്നു. ഇത് രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. മാത്രമല്ല, മുസ്‍ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെടുന്നതിലേക്കും നയിച്ചു. എന്നാൽ ഗുജറാത്തിലെ സ്കൂളുകളിൽ ഭഗവദ്ഗീത നിർബന്ധമായി പഠിപ്പിക്കണമെന്ന പ്രമേയം സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ എ.എ.പിയും കോൺഗ്രസും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളിൽ നിന്ന് നിരുപാധിക പിന്തുണയാണ് ലഭിച്ചതെന്ന് ദ വയർ റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ വർഷം ഗുജറാത്ത് സർക്കാർ ആറു മുതൽ എട്ടു വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കായി ഭഗവദ്ഗീതയെ കുറിച്ചുള്ള അനുബന്ധ പാഠപുസ്തകവും പുറത്തിറക്കി. ആത്മീയ മൂല്യങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് വിദ്യാഭ്യാസ സഹമന്ത്രി പ്രഫുൽ പൻഷേരിയ പറയുകയും ചെയ്തു. നിലവിൽ സ്കൂളുകളിലെ പ്രഭാത പ്രാർഥനകളിൽ ഭഗവദ്ഗീതയിലെ വാക്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭരണഘടന സാധുതയെ ചോദ്യം ചെയ്ത് ജംഇയ്യത്ത് ഉലമായെ ഹിന്ദ് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി ഫയൽ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

