ഒമിക്രോൺ കേസുകൾ വർധിച്ചാൽ സ്‌കൂളുകൾ വീണ്ടും അടക്കേണ്ടി വരുമെന്ന് മഹാരാഷ്ട്ര മന്ത്രി
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ ഒമിക്രോൺ രോഗികളുടെ എണ്ണം ഇനിയും വർധിക്കുകയാണെങ്കിൽ സംസ്ഥാനത്തെ സ്‌കൂളുകൾ വീണ്ടും അടച്ചിടാൻ സാധ്യതയുണ്ടെന്ന് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വർഷ ഗെയ്‌ക്‌വാദ്. സ്ഥിതിഗതികൾ നിരീക്ഷിച്ച് വിലയിരുത്തിയതിന് ശേഷം തീരുമാനമെടുക്കുമെന്ന് ഗെയ്‌ക്‌വാദ് പറഞ്ഞു.
നിലവിൽ ഇന്ത്യയിൽ ഒമിക്രോൺ കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യ്തിട്ടുള്ളത് മഹാരാഷ്ട്രയിലാണ്. മുംബൈയിലെ സ്കൂളുകൾ ഡിസംബർ 15നും പുനെ മേഖലയിലെ സ്കൂളുകൾ 16നുമാണ് തുറന്നത്.
ഇതുവരെ മഹാരാഷ്ട്രയിൽ 65 പേർക്കാണ് ഒമിക്രോൺ ബാധ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ യഥാക്രമം മുംബൈ (30), പിംപ്രി-ചിഞ്ച്‌വാഡ് (12), പുനെ (10) എന്നിവയാണ്.
അതേസമയം, മഹാരാഷ്ട്ര ബോർഡ് നടത്തുന്ന എസ്.എസ്.സി, എച്ച്.എസ്.സി പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല. മാർച്ച് 15 മുതൽ ഏപ്രിൽ 18 വരെ പരീക്ഷകൾ നടത്താനാണ് അധികൃതർ തീരുമാനിച്ചത്. ഒമിക്രോൺ കേസ് വർധിക്കുന്ന സാഹചര്യത്തിൽ ഓഫ് ലൈനായി പരീക്ഷ നടത്തുന്നതിലുള്ള ആശങ്കകൾ വിദ്യാർഥികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്. പരീക്ഷകൾ മാറ്റിവെക്കാനോ ഓൺലൈനായി നടത്താനോ ആണിവർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

