മികവിന്റെ ചിറകിലേറാൻ കൗമാരപ്രതിഭകൾക്ക് ആദരമേകി 'മാധ്യമ'വും സൈലവും
text_fieldsകോട്ടക്കൽ: ഉന്നത പഠനത്തിലേക്ക് ചുവടുവെക്കുന്ന ജില്ലയിലെ കൗമാരപ്രതിഭകൾക്ക് ആദരമേകി 'മാധ്യമ'വും സൈലം ലേണിങ്ങും. എസ്.എസ്.എൽ.സി-പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയ ജില്ലയിലെ ആയിരത്തോളം വിദ്യാർഥികൾക്കാണ് കോട്ടക്കൽ ചങ്കുവെട്ടി പി.എം ഓഡിറ്റോറിയത്തിൽ ആദരമൊരുക്കിയത്.
കാഴ്ചപരിമിതിയെ അതിജയിച്ച് പ്ലസ് ടുവിന് ഫുൾ എ പ്ലസ് നേടിയ എടരിക്കോട് അരീക്കലിലെ നമിതക്ക് മെമന്റൊ നൽകി കെ.പി.എ. മജീദ് എം.എൽ.എ ആദരിക്കൽ ചടങ്ങിന് തുടക്കംകുറിച്ചു.
ഉന്നത പഠനരംഗത്തേക്ക് വരാനാഗ്രഹിക്കുന്ന ജില്ലയിലെ വിദ്യാർഥികൾക്ക് 'മാധ്യമം' എന്നും വഴികാട്ടിയായി നിന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് നടത്തിയ എജുകഫേ മികച്ച അനുഭവമായിരുന്നെന്നും കെ.പി.എ. മജീദ് എം.എൽ.എ പറഞ്ഞു.
ഉപരിപഠനം സംബന്ധിച്ച് മക്കളുടെ അഭിരുചികൾ മനസ്സിലാക്കാൻ രക്ഷിതാക്കളും രക്ഷിതാക്കളുടെ ആശങ്കകൾ കണക്കിലെടുക്കാൻ മക്കളും തയാറാകുന്നത് മികച്ച ഭാവിക്ക് ഗുണകരമാണെന്ന് ആശംസകളർപ്പിച്ച കോട്ടക്കൽ നഗരസഭ ചെയർപേഴ്സൻ ബുഷ്റ ഷബീർ പറഞ്ഞു.
'മാധ്യമം' ചീഫ് റീജനൽ മാനേജർ ഇബ്രാഹിം കോട്ടക്കൽ അധ്യക്ഷത വഹിച്ചു. സൈലം ലേണിങ് അക്കാദമിക് ഡയറക്ടർ ലിജീഷ് കുമാർ, 'മാധ്യമം' മാർക്കറ്റിങ് മാനേജർ ജുനൈസ്, കോഴിക്കോട് റീജനൽ മാനേജർ വി.സി. മുഹമ്മദ് സലീം എന്നിവർ ആശംസകളർപ്പിച്ചു.
സൈലം ലേണിങ് സി.ഇ.ഒ ഡോ. എസ്. അനന്തുവിന്റെ കരിയർ ഗൈഡൻസ്-മോട്ടിവേഷൻ സെഷൻ സദസ്സിന് മികച്ച അനുഭവമേകി. 'മാധ്യമം' മലപ്പുറം ബ്യൂറോ ഇൻചാർജ് സമീൽ ഇല്ലിക്കൽ സ്വാഗതവും മാർക്കറ്റിങ് മാനേജർ അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.