എജു ഐഡിയ കാൻ ചെയ്ഞ്ച് യുവർ ലൈഫ്; ‘മാധ്യമം’ എജുകഫേക്ക് മലപ്പുറത്തിന്റെ മണ്ണിൽ വരവേൽപ്പ്
text_fields‘മാധ്യമം എജുകഫേ’ മലപ്പുറം സ്റ്റാൾ നഗരസഭ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്യുന്നു. മാധ്യമം പബ്ലിക് റിലേഷൻ മാനേജർ കെ.ടി. ഷൗക്കത്തലി, ബിസിനസ് സൊലൂഷൻ മാനേജർ കെ. അബ്ദുൽ ഗഫൂർ, ഡി.ജി.എം സർക്കുലേഷൻ വി.സി. മുഹമ്മദ് സലിം, ബ്രിഡ്ജിയോൺ ജി.എം.പി.ഇ. നഷീദ്, മാധ്യമം സി.ഇ.ഒ പി.എം. സാലിഹ്, മാർക്കറ്റിങ് കൺട്രി ഹെഡ് കെ. ജുനൈസ്, റസിഡന്റ് എഡിറ്റർ ഇനാം റഹ്മാൻ, ബ്യൂറോ ചീഫ് പി. ഷംസുദ്ദീൻ, സൈലം നോർത്ത് സോൺ കോഓഡിനേറ്റർ സിയാവുൾ ഹഖ് തുടങ്ങിയവർ സമീപം
മലപ്പുറം: അറിവിന്റെ ‘വിദ്യ’ കേൾക്കാൻ അലയടിച്ചെത്തിയ ജനസാഗരത്തെ സാക്ഷിയാക്കി ‘മാധ്യമം’ എജുകഫേക്ക് മലപ്പുറത്തിന്റെ മണ്ണിൽ പ്രൗഢതുടക്കം. മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ വിദ്യാഭ്യാസ ഭാവിയും കരിയർ സാധ്യതകളും തുറന്നുകാട്ടിയ എജുകഫേ വിദ്യാർഥികളും രക്ഷിതാക്കളും അക്ഷരാർഥത്തിൽ നെഞ്ചേറ്റുന്നതാണ് കണ്ടത്.
എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി കഴിഞ്ഞ വിദ്യാർഥികൾക്ക് ഇനിയെന്ത് കരിയർ തിരഞ്ഞെടുക്കണമെന്നതിന്റെ ഉത്തരം നൽകുകയായിരുന്നു എജുകഫേ. ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതൽതന്നെ വിദ്യാർഥികളുടെ നീണ്ട നിരയാണ് രജിസ്ട്രേഷൻ കൗണ്ടറിനു മുന്നിൽ കണ്ടത്. ജില്ലയുടെ നാനാഭാഗങ്ങളിൽനിന്നെത്തിയ വിദ്യാർഥികളാൽ റോസ് ലോഞ്ച് ഓഡിറ്റോറിയം വേഗത്തിൽ നിറഞ്ഞൊഴുകി.
മനംനിറഞ്ഞ സെഷനുകളും ഉൾതുറന്ന ചർച്ചകളുമായി അറിവിന്റെ മഹാ ഉത്സവമായി മാറുകയായിരുന്നു എജുകഫേ. മോട്ടിവേഷനൽ സ്പീക്കർ ഫിലിപ്പ് മമ്പാട് തുടങ്ങിവെച്ച ആദ്യ സെഷൻ മുതൽ വൈവിധ്യമായ എല്ലാ സെഷനുകളും സദസ്സിന്റെ നിറഞ്ഞ കൈയടിയോടെയാണ് പൂർത്തിയായത്. അവസരങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരങ്ങളുമെല്ലാം തുറന്നിട്ട വ്യത്യസ്ത സ്റ്റാളുകളിൽ വിദ്യാർഥികളും രക്ഷിതാക്കളും തങ്ങളുടെ സംശയങ്ങളും ആശങ്കകളുമെല്ലാം പങ്കുവെച്ചു.
ഇ.ടി. മുഹമ്മദ് ബഷീർ എം.പി എജുകഫേ ഉദ്ഘാടനം ചെയ്തു. മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി എജുകഫേ സ്റ്റാൾ ഉദ്ഘാടനം നിർവഹിച്ചു. ‘മാധ്യമം’ സി.ഇ.ഒ പി.എം. സാലിഹ് അധ്യക്ഷത വഹിച്ചു. ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്, ന്യൂസ് എഡിറ്റർ ബി.എസ്. നിസാമുദ്ദീൻ, സൈലം നോർത്ത് സോൺ കോഓഡിനേറ്റർ സിയാഉൽ ഹഖ് എന്നിവർ സംസാരിച്ചു. റസിഡന്റ് എഡിറ്റർ ഇനാം റഹ്മാൻ സ്വാഗതം പറഞ്ഞു.
എജുകഫേയിൽ സ്കോളർഷിപ് പ്രഖ്യാപിച്ചു; 95 ശതമാനത്തിനു മുകളിൽ മാർക്ക് നേടുന്നവർക്ക് ഒരു ലക്ഷം രൂപ
മലപ്പുറം: എജുകഫേയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് യുനൈറ്റഡ് ഇന്റർനാഷനൽ ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചു. 95 ശതമാനത്തിനു മുകളിൽ മാർക്ക് നേടുന്നവർക്ക് ഒരു ലക്ഷം രൂപയും 90 ശതമാനത്തിനു മുകളിൽ മാർക്ക് നേടുന്നവർക്ക് 75,000 രൂപ, 80 ശതമാനത്തിനു മുകളിൽ മാർക്ക് നേടുന്നവർക്ക് 50,000, 70 ശതമാനത്തിനു മുകളിൽ മാർക്ക് നേടുന്നവർക്ക് 25,000 രൂപ എന്നിങ്ങനെയാണ് സ്കോളർഷിപ്പുകൾ ലഭിക്കുക.
‘മാധ്യമം’ എജുകഫേയിൽ രജിസ്ട്രേഷന് കാത്തുനിൽക്കുന്നവർ
എജുകഫേ വഴി പ്രവേശനം നേടുന്ന എല്ലാ വിദ്യാർഥികൾക്കും 10,000 രൂപയുടെ സ്കോളർഷിപ്പും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് യുനൈറ്റഡ് ഇന്റർനാഷനൽ ഗ്രൂപ് സ്റ്റാൾ സന്ദർശിക്കാമെന്നും സ്ഥാപന മേധാവികൾ അറിയിച്ചു.
നല്ല വിദ്യാഭ്യാസത്തിന് മികച്ച പ്രേരണകളും ആവശ്യം - ഇ.ടി. മുഹമ്മദ് ബഷീർ എം.പി
എജുകഫേ മാതൃകാപരമെന്ന് എം.പി
മലപ്പുറം: കുട്ടികൾ ഉപരിപഠനം തിരഞ്ഞെടുക്കുന്ന ഘട്ടങ്ങളിൽ വിവരങ്ങൾ മാത്രമല്ല നൽകേണ്ടതെന്നും മികച്ച പ്രേരണകളും ആവശ്യമാണെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. പറഞ്ഞു. മലപ്പുറത്ത് ‘മാധ്യമം’ എജുകഫേ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയിൽ മാധ്യമം നടത്തുന്ന പ്രവർത്തനങ്ങൾ ശ്രദ്ധേയമാണെന്നും അതിന് ഉദാഹരണമാണ് എജുകഫേയെന്നും എം.പി പറഞ്ഞു.
സ്വാശ്രയ കോളജുകൾക്ക് അനുമതി നൽകാൻ താൻ ഉൾപ്പെട്ട മന്ത്രിസഭ തീരുമാനിച്ചത് മലപ്പുറത്തടക്കം വലിയ മാറ്റങ്ങൾക്കാണ് ഇടവരുത്തിയത്. ഉപരിപഠന സ്ഥാപനങ്ങൾ കൂടിയതുകൊണ്ടു മാത്രം കാര്യമായില്ല. കൂടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുകയും വേണം.
രക്ഷിതാക്കൾ ഇടപെട്ട് കുട്ടികൾക്ക് പ്രധാന കോളജുകളിൽ സീറ്റ് വാങ്ങിക്കൊടുക്കുമെങ്കിലും അവരിൽ പലരും ആ കോഴ്സുകൾ പൂർത്തിയാക്കാതെ പിന്തിരിയുന്ന അവസ്ഥയുണ്ട്. അതിന് കാരണം യഥാർഥത്തിൽ അവർക്ക് താൽപര്യമുള്ള കോഴ്സുകളല്ല തിരഞ്ഞെടുക്കുന്നത് എന്നതാണ്.
ഇത്തരമൊരു സാഹചര്യത്തിലാണ് മാധ്യമം നടത്തുന്ന എജുകഫേ മാതൃകാപരവുമാവുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ള ഇത്തരം പ്രവർത്തനങ്ങളാണ് മാധ്യമം നിർവഹിക്കുന്നതെന്നും എം.പി കൂട്ടിച്ചേർത്തു.
വൈബ് ഓൺ വിത്ത് മാത്തുക്കുട്ടി
മലപ്പുറം: ‘മാധ്യമം’ എജുകഫേയുടെ ആദ്യ ദിനത്തിൽ സദസ്സിനെ ഒന്നടങ്കം കൈയിലെടുത്ത് ആർ.ജെ മാത്തുക്കുട്ടി. സോഷ്യൽ മീഡിയയിൽ വലിയ ആരാധകപിന്തുണയുള്ള മാത്തുക്കുട്ടിയെ നിറകൈയടികളോടെയാണ് സദസ്സ് വരവേറ്റത്. കളിയും കാര്യവും പറച്ചിലുമായി ശ്രോതാക്കളെ മുഴുവൻ കൈയിലെടുത്തു.
മാത്തുക്കുട്ടി എഡു ഫെസ്റ്റ് വേദിയിൽ
ചെറിയ കുട്ടികൾ മുതൽ പ്രായമായവരെ വരെ സദസ്സിലേക്കാനയിച്ച് വ്യത്യസ്തങ്ങളായ പരിപാടികൾ അവതരിപ്പിച്ചു. മലപ്പുറം പെരുമയും മാധ്യമവുമായുള്ള ആത്മബന്ധവുമെല്ലാം മാത്തുക്കുട്ടി സദസ്സിനോട് പങ്കുവെച്ചു.
അറിവാണായുധം,അറിവാണുത്സവം
‘കുട്ടികളെ കൂട്ടുകാരാക്കാം’
മലപ്പുറം: കുട്ടികളെ കൂട്ടുകാരാക്കിമാറ്റാൻ രക്ഷിതാക്കൾക്ക് കഴിയേണ്ടതുണ്ട്. അവർക്ക് എന്തും പറയാനുള്ള ഇടമായി രക്ഷിതാക്കൾ മാറണം. ഏതൊരു പ്രശ്നത്തിലും കൂടെയുണ്ടെന്ന തോന്നലുണ്ടാക്കാൻ രക്ഷിതാക്കൾക്ക് കഴിയണം. തലമുറ മാറ്റത്തിന്റെ പ്രതിസന്ധികൾ കുട്ടികളെപ്പോലെതന്നെ രക്ഷിതാക്കളും നേരിടുന്നുണ്ട്. പുതിയ കാലത്തെ മക്കളുടെ ഭാഷപോലും മാതാപിതാക്കൾക്ക് അപരിചിതമാണ്.
അശ്വതി ശ്രീകാന്ത് (ഫൗണ്ടർ, ബികമിങ് വെൽനസ്)
കുട്ടികൾ നേരിടുന്ന ജീവിത പ്രതിസന്ധികളിൽ അവരോടൊപ്പം ചേർന്നുനിൽക്കാൻ രക്ഷിതാക്കൾക്ക് കഴിയണം. ശാരീരിക സാമ്പത്തിക പിന്തുണകൾക്കൊപ്പം മാനസികാരോഗ്യ പിന്തുണകൂടി നൽകാൻ നമുക്കാവണം. അനാവശ്യ കുറ്റപ്പെടുത്തലുകളും താരതമ്യപ്പെടുത്തലുകളും അവരെ കൂടുതൽ തളർത്തും. സാമൂഹിക പ്രതിസന്ധികളിൽ തളരാതെ ജീവിതത്തിൽ വിജയികളാകാൻ മക്കൾക്കൊപ്പം രക്ഷിതാക്കൾക്കും നിർണായക പങ്കാണുള്ളത്.
‘നിരന്തരം അപ്ഡേറ്റഡാവുക’
ജോലികളുടെ വൈവിധ്യങ്ങൾ പുതുതലമുറക്ക് പകർന്നുകൊടുക്കലാണ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ്. നിലവിലുള്ള ജോലികൾ ഇല്ലാതാക്കളല്ല, മറിച്ച് മനുഷ്യന്റെ അധ്വാനത്തെ കുറക്കുകയാണ് എ.ഐ ചെയ്യുന്നത്.
സി. മുഹമ്മദ് അജ്മൽ (വിദ്യാഭ്യാസ വിദഗ്ധൻ)
മനുഷ്യാരോഗ്യത്തിന്റെ ഭാവി കാണാൻ വരെ ഇതുകൊണ്ട് സാധിക്കുമെന്നതാണ് വിജയം. പഠനത്തിനു വേണ്ടി നല്ല ഇൻസ്റ്റിറ്റ്യൂഷൻ തിരഞ്ഞെടുക്കുക, കരിയറിന്റെ കൂടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പഠിക്കുക, അപ്ഡേറ്റ് ആയിരിക്കുക എന്നിവയെല്ലാം കരിയറിൽ പ്രധാനമാണ്.
‘വരാനുള്ളത് എ.ഐയുടെ സമ്പൂർണാധിപത്യം’
അടുത്ത രണ്ടു വർഷത്തിൽ ആരോഗ്യ വിദ്യാഭ്യാസ വാർത്താമാധ്യമ രംഗങ്ങളിൽ എ.ഐ യുടെ സമ്പൂർണാധിപത്യമാണ് കടന്നുവരുന്നത്. നിത്യജീവിതത്തിലെ എ.ഐ സാന്നിധ്യവും പഠന സാധ്യതകളുമാണ് പുതിയ തലമുറക്കുള്ള പുതിയ അവസരങ്ങൾ.
ഡോ. അജിത്ത് അബ്രഹാം (സ്കൂൾ ഓഫ് എ.ഐ വൈസ് ചാൻസലർ)
അതിവിദൂരമല്ലാത്ത കാലത്ത് രോഗനിർണയരീതിപോലും എ.ഐ സംവിധാനത്തിലേക്കു മാറും. എ.ഐ ജീവിതരീതികളിൽ സമൂലമായ മാറ്റം വരുത്തുകയും ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യും.
‘നെഗറ്റിവുകളോട് നോ പറയാം’
ജീവിതത്തിൽ നേരിടേണ്ടിവരുന്ന പ്രതിസന്ധികളിലെ വേദനകൾ പങ്കുവെക്കണം. അമിത ആത്മവിശ്വാസവും അപകർഷബോധവും മാനസികമായി തളർത്തും. എന്നാലാവുന്നത് നല്ല രീതിയിൽ ചെയ്യുമെന്നാവണം നമ്മുടെ മനോഭാവം.
ഡോ. അശ്വതി സോമൻ (ആക്ടർ)
ഇമോഷൻസിനെ ബാലൻസ് ചെയ്യാനും നമ്മൾ പഠിക്കേണ്ടതുണ്ട്. നമ്മളെ വേദനിപ്പിക്കുന്ന മറ്റുള്ളവരുടെ വാക്കുകൾക്ക് കാതോർക്കരുത്. അവഗണിക്കാൻകൂടി നമ്മൾ പഠിക്കണം.
‘നിങ്ങളുടെ തീരുമാനം നിങ്ങളുടേത് മാത്രമായിരിക്കണം’
ഓരോ വ്യക്തിയും അവരുടെ കരിയർ തിരഞ്ഞെടുക്കേണ്ടത് മറ്റുള്ളവരെ പിന്തുടർന്നാവരുത്. ഓരോരുത്തരും വ്യത്യസ്ത അഭിരുചികളുള്ളവരാണ്. അതിനാൽ നിങ്ങളുടെ തീരുമാനം നിങ്ങളുടേതുതന്നെയാകണം. ആദ്യം ഓരോരുത്തരും തങ്ങളുടെ കുടുംബപശ്ചാത്തലം മനസ്സിലാക്കണം. പിന്നീട് തങ്ങളുടെ നിലവിലെ സ്റ്റേജ് മനസ്സിലാക്കി ഉപരിപഠനത്തിനായി പരിവർത്തനത്തിന് തയാറെടുക്കണം.
ശ്രീകുമാർ പള്ളിയത്ത് (സൈലം വെൽഫെയർ ഓഫിസർ)
ഒരു കരിയർ തിരഞ്ഞെടുക്കുന്നതിനുമുമ്പ് പെട്ടെന്ന് ജോലി കിട്ടണോ വേണ്ടയോ എന്നു തീരുമാനിച്ച് മാത്രം പുതിയ കോഴ്സുകൾ തിരഞ്ഞെടുക്കുക. എന്തിനാണ് നമ്മൾ പഠിക്കുന്നതെന്ന് നമുക്ക് വ്യക്തമായ ധാരണ വേണം. ജീവിതത്തിൽ നിർണായക ഘട്ടങ്ങളിൽ നിങ്ങളെല്ലാവരും ഒറ്റക്കായിരിക്കുമെന്ന ഓർമയിലാകണം ഓരോ കരിയർ അവസരങ്ങളും ശരിയായി ഉപയോഗപ്പെടുത്തേണ്ടത്.
‘ട്രെൻഡ് മാത്രം കണ്ട് കരിയർ തിരഞ്ഞെടുക്കരുത്’
ഓരോ കാലത്തും കരിയർ മേഖലകളിൽ ട്രെൻഡുകൾ മാറിക്കൊണ്ടിരിക്കും. ട്രെൻഡിനനുസരിച്ചു മാത്രം കരിയർ തിരഞ്ഞെടുക്കുന്നത് നല്ല തീരുമാനമായിരിക്കില്ല. ഒരുപാട് അവസരങ്ങൾ നമ്മുടെ മുന്നിലുണ്ട്. നല്ല ശമ്പളം കിട്ടുന്ന ജോലിയാകണം ലക്ഷ്യം. നല്ല ഒരു സ്ഥാപനത്തിൽനിന്ന് വലിയ ഡിഗ്രികൾ എടുത്തതുകൊണ്ടു മാത്രം മികച്ച ജോലി കിട്ടണമെന്നില്ല.
ജാബിർ ഇസ്മായിൽ (സി.ഇ.ഒ, ബ്രിഡ്ജിയോൺ)
മികച്ച സ്കിൽ കൈവശമുള്ള വ്യക്തിക്ക് തന്റെ കരിയറിൽ മികച്ച നേട്ടം കൈവരിക്കാനാവും. ഇന്നും മികച്ച സാലറി കിട്ടുന്ന തൊഴിൽമേഖലയാണ് ഐ.ടി. കഴിവുള്ള വ്യക്തിയെ എ.ഐക്കുപോലും പിന്തള്ളാൻ പ്രയാസമാവും. ഇഷ്ടമുള്ളതെല്ലാം പാഷൻ ആവണമെന്നില്ല. അവസരങ്ങളെ കൃത്യമായി മനസ്സിലാക്കിയാവണം നമ്മുടെ ഭാവി തീരുമാനം.
‘ജീവിതത്തിൽ മാറ്റത്തിനായി ശ്രമിക്കണം’
ജീവിതത്തിലെ നിർണായക സമയങ്ങളിൽ നല്ല മാറ്റത്തിനായി നമ്മൾ ശ്രമിക്കണം. അവസരങ്ങൾ ലഭിക്കുമ്പോൾ അത് ശരിയായി ഉപയോഗപ്പെടുത്തണം. മനസ്സിന് ചാഞ്ചാട്ടം വരുന്ന സമയത്ത് പലർക്കും തീരുമാനങ്ങളെടുക്കുന്നതിൽ വീഴ്ചപറ്റാറുണ്ട്. എന്നാലും നല്ല മാറ്റങ്ങൾക്കായുള്ള യാത്രകൾ തുടരണം.
ഫിലിപ്പ് മമ്പാട് (മോട്ടിവേഷനൽ സ്പീക്കർ)
ജീവിതത്തിൽ ഒരിക്കലും മാതാപിതാക്കളെ സങ്കടപ്പെടുത്തരുത്. നമ്മുടെ ഓരോ വിജയത്തിലും അവരെ ചേർത്തുപിടിക്കണം. അതിന്റെ എല്ലാ ഗുണങ്ങളും നമുക്ക് ജീവിതത്തിൽ കിട്ടും. ഈ ഡിജിറ്റൽ യുഗത്തിലും പുസ്തകങ്ങളെ കൂട്ടുപിടിച്ചാൽ നമ്മൾ പരാജയപ്പെട്ടുപോവില്ല.
‘പാഷൻ പ്രഫഷന് തടസ്സമാവരുത്’
എന്റെ പാഷൻ ഫോട്ടോഗ്രഫിയാണ്. എല്ലാ മനുഷ്യർക്കും പാഷനുണ്ടാവും. എന്നാൽ, പാഷനുകൾ നമ്മുടെ പ്രഫഷന് തടസ്സമാവരുത്. എന്നാൽ, പാഷനുകളെ പ്രഫഷനൊപ്പം ചേർത്തുകൊണ്ടുപോവുക എന്നത് വലിയ കാര്യമാണ്. എനിക്ക് ഫോട്ടോഗ്രഫിയിൽ വലിയ ഇഷ്ടമാണ്.
എം. മുഹമ്മദ് ബാസിം (ഫോട്ടോഗ്രാഫർ, ആർക്കിടെക്ട്)
ചിത്രരചനും ഏറെ ഇഷ്ടമാണ്. എന്നാൽ, ഇതെല്ലാം നന്നായി കൊണ്ടുപോവുന്നതിനൊപ്പം നല്ല ഒരു ആർക്കിടെക്ടാവാനും സാധിച്ചു. ഓരോ ഫോട്ടോഗ്രാഫറും എടുക്കുന്ന ചിത്രങ്ങൾക്കു പിന്നിൽ വലിയ കഥകളോ അനുഭവങ്ങളോ ഒളിച്ചിരിക്കുന്നുണ്ടാവാം. ഇതെല്ലാം ഓരോ ജീവിത അനുഭവങ്ങളായി മാറും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.