കുടിശ്ശിക നൽകാൻ പണമില്ല; എൽ.എസ്.എസിനും യു.എസ്.എസിനും വെട്ട്
text_fieldsതിരുവനന്തപുരം: എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പുകൾ വെട്ടിക്കുറക്കാൻ പുതിയ ‘കട്ട് ഓഫ് മാർക്ക്’ രീതിയുമായി വിദ്യാഭ്യാസ വകുപ്പ്. സ്കോളർഷിപ് തുക ഇനത്തിൽ കോടികളുടെ കുടിശ്ശിക വരുത്തിയ ശേഷമാണ് വരും വർഷങ്ങളിൽ നിശ്ചിത എണ്ണം പേർക്ക് മാത്രം സ്കോളർഷിപ് നൽകുന്ന കട്ട് ഓഫ് രീതി കൊണ്ടുവരുന്നത്.
പരീക്ഷയിൽ നിശ്ചിത ശതമാനം മാർക്ക് ലഭിക്കുന്നവർക്കെല്ലം സ്കോളർഷിപ് ലഭിക്കുന്നതാണ് നിലവിലെ രീതി. എന്നാൽ, അടുത്ത തവണ മുതൽ ചോദ്യപേപ്പറിന്റെ നിലവാരം വിലയിരുത്തി പരീക്ഷ ബോർഡ് തീരുമാനിക്കുന്ന കട്ട് ഓഫ് മാർക്കിന്റെ അടിസ്ഥാനത്തിലാകും വിജയികളെ നിശ്ചയിക്കുക.
നിശ്ചിത എണ്ണം കുട്ടികൾക്ക് മാത്രം സ്കോളർഷിപ് നൽകുന്ന രീതിയിൽ കട്ട് ഓഫ് നിശ്ചയിക്കുന്നതാണ് രീതി. കേന്ദ്രസർക്കാർ നടപ്പാക്കുന്ന നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ് (എൻ.എം.എം.എസ്) പരീക്ഷ ഓരോ സംസ്ഥാനങ്ങൾക്കും നിശ്ചിത എണ്ണം വിദ്യാർഥികൾക്കാണ് അനുവദിക്കുന്നത്.
വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷ വിജയിച്ച വിദ്യാർഥികൾക്ക് സ്കോളർഷിപ് തുക നൽകാതെ കോടികൾ കുടിശ്ശികയായതോടെയാണ് ഇതും എൻ.എം.എം.എസ് രീതിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. സ്കോളർഷിപ് പരീക്ഷ സ്കൂളുകൾ മത്സര ബുദ്ധിയോടെ ഏറ്റെടുത്തതോടെ വിജയികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടായിരുന്നു.
ചോദ്യപേപ്പറിന്റെ കാഠിന്യം കൂടുന്ന വർഷങ്ങളിൽ വിജയികളുടെ എണ്ണം കുത്തനെ കുറയുന്ന സാഹചര്യമുണ്ടെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. ഇത് പരിഹരിക്കാനാണ് പുതിയ കട്ട് ഓഫ് രീതി. ഇത് പരീക്ഷാഫലത്തിൽ സ്ഥിരത ഉറപ്പാക്കാനും അർഹരായ കൂടുതൽ കുട്ടികൾക്ക് സ്‌കോളർഷിപ് ലഭിക്കാനും സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

