സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ 2017-18 വർഷത്തെ എൽ.എൽ.എം െറഗുലർ കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷ ഫെബ്രുവരി 25 ഞായറാഴ്ച തിരുവനന്തപുരത്ത് നടക്കും. ഇതിലേക്കുള്ള ഒാൺലൈൻ അപേക്ഷ ഫെബ്രുവരി ഏഴിന് വൈകീട്ട് അഞ്ചുവരെ സ്വീകരിക്കും. സംസ്ഥാന പ്രവേശന പരീക്ഷ കമീഷണറാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
അപേക്ഷകർ കേരളീയരായ ഇന്ത്യൻ പൗരന്മാരായിരിക്കണം. അംഗീകൃത ത്രിവത്സര/പഞ്ചവത്സര നിയമബിരുദം 50 ശതമാനം മാർക്കിൽ കുറയാതെ നേടി വിജയിച്ചിരിക്കണം. അവസാനവർഷ യോഗ്യത പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. ഉയർന്ന പ്രായപരിധിയില്ല. അപേക്ഷഫീസ് ജനറൽ എസ്.ഇ.ബി.സി വിഭാഗത്തിന് 800 രൂപയും പട്ടികജാതി/വർഗക്കാർക്ക് 400 രൂപയുമാണ്. നെറ്റ് ബാങ്കിങ്, ഡെബിറ്റ്, െക്രഡിറ്റ് കാർഡ് മുഖാന്തരം ഒാൺലൈനായി ഫീസടക്കാം. അപേക്ഷ ഒാൺലൈനായി www.cee.kerala.gov.inൽ നിർദേശാനുസരണം സമർപ്പിക്കേണ്ടതാണ്. അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ പ്രോസ്പെക്ടസിലുണ്ട്. അഡ്മിറ്റ് കാർഡ് ഫെബ്രുവരി 17 മുതൽ ഡൗൺലോഡ് ചെയ്യാം.
പ്രവേശനപരീക്ഷയിൽ രണ്ടു പേപ്പറുകളാണുള്ളത്. ഒബ്ജക്ടിവ് മൾട്ടിപ്പിൾ ചോയിസ് മാതൃകയിലാണ് ചോദ്യങ്ങൾ. ഒരോ പേപ്പറിനും 90 മിനിറ്റുവീതം സമയം അനുവദിക്കും. പേപ്പർ മൂന്നിൽ ജൂറിസ്പ്രൂഡൻസ്, കോൺസ്റ്റിറ്റ്യൂഷനൽ ലോ, ലോ ഒാഫ് ക്രൈംസ്, ലോ ഒാഫ് കോൺട്രാക്ട്സ് എന്നീ വിഷയങ്ങളിലാണ് ചോദ്യങ്ങൾ. മൊത്തം 100 ചോദ്യങ്ങളുണ്ടാവും. പേപ്പർ രണ്ടിൽ പബ്ലിക് ഇൻറർനാഷനൽ ലോ, അഡ്മിനിസ്ട്രേറ്റിവ് ലോ, ലോ ഒാഫ് പ്രോപ്പർട്ടി, കമ്പനി ലോ, ഇൻറർപ്രേട്ടഷൻ ഒാഫ് സ്റ്റാറ്റിറ്റ്യൂട്ട്സ്, ലോ ഒാഫ് കോർട്ട്സ് എന്നീ വിഷയങ്ങളിലായി 100 ചോദ്യങ്ങളുണ്ടാവും. ഒാരോ ശരി ഉത്തരത്തിനും 3 മാർക്ക് വീതമാണ്. ഉത്തരം തെറ്റിയാൽ ഒാരോ മാർക്ക് വീതം കുറയും. മൂല്യനിർണയത്തിന് നെഗറ്റിവ് മാർക്കിങ് രീതിയാണ്. ടെസ്റ്റിലെ മെറിറ്റ് പരിഗണിച്ചാണ് റാങ്ക്ലിസ്റ്റ് തയാറാക്കുന്നത്.
റാങ്ക്ലിസ്റ്റിൽ ഉൾപ്പെടുന്നവർക്ക് ഇഷ്ടമുള്ള കോഴ്സും കോളജും കാണിച്ച് ഒാപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിന് പ്രത്യേകം അവസരംലഭിക്കും. റാങ്ക് ഒാപ്ഷൻ പരിഗണിച്ചായിരിക്കും സീറ്റ് അലോട്ട്മെൻറ്. ഇനിപറയുന്ന കോളജുകളിലാണ് പ്രവേശനം. ലഭ്യമായ സീറ്റുകളുടെ എണ്ണവും സ്പെഷലൈസേഷനുകളും ചുവടെ. രണ്ടുവർഷമാണ് കോഴ്സിെൻറ പഠനകാലാവധി.
* ഗവ. ലോ കോളജ്, തിരുവനന്തപുരം-15, കോൺസ്റ്റിറ്റ്യൂഷനൽ ലോ, ക്രിമിനൽ ലോ.
* ഗവ. ലോ കോളജ് എറണാകുളം-15, കമേഴ്സ്യൽ ലോ, ക്രിമിനൽ ലോ.
* ഗവ. ലോ കോളജ്, തൃശൂർ-10, അഡ്മിനിസ്ട്രേറ്റിവ് ലോ, ക്രിമിനൽ ലോ.
* ഗവ. ലോ കോളജ്, കോഴിക്കോട്-15, ലോ ഒാഫ് ടാക്സേഷൻ.
സ്വകാര്യ സ്വാശ്രയ മേഖലയിൽ ഇനിപറയുന്ന കോളജുകളിലാണ് പ്രവേശനം:
അൽ അസ്ഹർ ലോ കോളജ്, തൊടുപുഴ-15, ക്രിമിനൽ ലോ, കമേഴ്സ്യൽ ലോ.
സി.എസ്.െഎ കോളജ് ഫോർ ലീഗൽ സ്റ്റഡീസ്, ഏറ്റുമാനൂർ-15, കമേഴ്സ്യൽ ലോ.
മാർ ഗ്രിഗോറിയസ് കോളജ് ഒാഫ് ലോ, തിരുവനന്തപുരം-5, കോൺസ്റ്റിറ്റ്യൂഷനൽ ലോ.
ശ്രീനാരായണഗുരു കോളജ് ഒാഫ് ലീഗൽ സ്റ്റഡീസ്, കൊല്ലം-5, കോൺസ്റ്റിറ്റ്യൂഷനൽ ലോ.
കൂടുതൽ വിവരങ്ങൾക്ക് www.cee.kerala.orgൽ .