നീറ്റ് യു.ജി 2026 കൗൺസലിങ്; മാർഗരേഖ അറിയാം
text_fieldsമുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി, വിദ്യാർഥികൾക്ക് കൂടുതൽ സൗകര്യപ്രദമാകുന്ന രീതിയിൽ അലോട്ട്മെൻറ്, റിപ്പോർട്ടിങ്, അപ്ഗ്രഡേഷൻ നിയമങ്ങളിൽ എം.സി.സി കാതലായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി) മുഖേന 2026ലെ എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എസ്സി നഴ്സിങ് കോഴ്സുകളിലേക്ക് അഖിലേന്ത്യാ തലത്തിലുള്ള അലോട്മെന്‍റ് പ്രക്രിയയുമായി ബന്ധപ്പെട്ട് വിദ്യാർഥികളും രക്ഷിതാക്കളും അറിയേണ്ട സമ്പൂർണ മാർഗരേഖകൾ മനസ്സിലാക്കാം.
പ്രവേശനം ലഭിക്കുന്ന വിഭാഗം
- എല്ലാ സംസ്ഥാനങ്ങളിലെയും സർക്കാർ മെഡിക്കൽ/ ഡെന്റൽ കോളജുകളിലെ 15 ശതമാനം അഖിലേന്ത്യ േക്വാട്ട സീറ്റുകൾ.
- രാജ്യത്തെ ഡീംഡ് സർവകലാശാലകളിലെ 100 ശതമാനം സീറ്റുകൾ.
- എല്ലാ എയിംസ് സ്ഥാപനങ്ങളിലെയും 100ശതമാനം സീറ്റുകൾ.
- ജിപ്മർ (പുതുച്ചേരി & കാരിക്കൽ) സ്ഥാപനങ്ങളിലെ 100 ശതമാനം സീറ്റുകൾ.
- കേന്ദ്ര സർവകലാശാലകളായ അലീഗഢ്, ബനാറസ്, ഡൽഹി, ജാമിയ മിലിയ ഇസ്‍ലാമിയ എന്നിവയിലെ സീറ്റുകൾ.
- ഇ.എസ്.ഐ.സി മെഡിക്കൽ കോളജുകളിലെ ഇൻഷ്വേർഡ് േപഴ്സൻസ് േക്വാട്ട സീറ്റുകൾ.
- തിരഞ്ഞെടുത്ത കേന്ദ്ര സ്ഥാപനങ്ങളിലെ ബി.എസ്.സി നഴ്സിങ് സീറ്റുകൾ.
ശ്രദ്ധിക്കാൻ: റൗണ്ട് 1, 2, 3, സ്ട്രേ വേക്കൻസി എന്നിങ്ങനെ നാല് പ്രധാന റൗണ്ടുകളിലായാണ് കൗൺസലിങ് നടക്കുന്നത്. മുൻകാലങ്ങളിൽ റൗണ്ട് 2 കഴിയുമ്പോൾ ബാക്കി വരുന്ന സീറ്റുകൾ സംസ്ഥാനങ്ങൾക്ക് തിരികെ നൽകുന്ന രീതി ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ അത് നിലവിലില്ല; മുഴുവൻ സീറ്റുകളും നികത്തുന്നതുവരെ എം.സി.സി തന്നെ കൗൺസലിങ് തുടരും.
സുപ്രധാന മാറ്റങ്ങൾ
A. ഫ്രീസ് കാൻഡിഡേറ്റുകൾ:
ലഭിച്ച കോളജിലും കോഴ്സിലും തൃപ്തരായ വിദ്യാർഥികൾ. ഇവർക്ക് അടുത്ത റൗണ്ടിലേക്ക് (ഉദാഹരണത്തിന് റൗണ്ട് 1ൽ നിന്ന് റൗണ്ട് 2ലേക്ക്) അപ്ഗ്രഡേഷൻ ആവശ്യമില്ല.
നടപടിക്രമം: ഇവർ തങ്ങൾക്ക് അലോട്ട്മെൻറ് ലഭിച്ച കോളജിൽ നിശ്ചിത സമയത്തിനകം നേരിട്ട് ഹാജരാകണം. അസ്സൽ സർട്ടിഫിക്കറ്റുകൾ കോളജിൽ സമർപ്പിച്ച് അഡ്മിഷൻ ഫീസ് അടച്ച് പ്രവേശനം നേടണം. അതിന് മുമ്പായി ആവശ്യമായ എല്ലാ രേഖകളും എം.സി.സി പോർട്ടലിൽ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. രേഖകളിൽ പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ അഡ്മിഷൻ റദ്ദാക്കും.
B. ഫ്ലോട്ട് കാൻഡിഡേറ്റുകൾ:
ലഭിച്ച സീറ്റ് നിലനിർത്തിക്കൊണ്ട് തുടർ റൗണ്ടുകളിൽ കൂടുതൽ മികച്ച കോളജിലേക്കോ കോഴ്സിലേക്കോ അപ്ഗ്രഡേഷൻ ആഗ്രഹിക്കുന്നവർ.
നടപടിക്രമം: ഫ്ലോട്ട് കാൻഡിഡേറ്റുകൾ അലോട്ട്മെൻറ് ലഭിച്ച കോളജിലേക്ക് നേരിട്ട് പോവേണ്ടതില്ല. പകരം എം.സി.സി പോർട്ടലിൽ തങ്ങളുടെ അപ്ഗ്രഡേഷൻ താൽപര്യം ഓൺലൈനായി രേഖപ്പെടുത്താം. തുടർന്ന് അസ്സൽ രേഖകൾ വ്യക്തമായി സ്കാൻ ചെയ്ത് ഓൺലൈനായി അപ്‌ലോഡ് ചെയ്യണം.
ഡോക്യുമെന്റ് വെരിഫിക്കേഷൻ
ഫ്ലോട്ട് ഓപ്ഷൻ തിരഞ്ഞെടുക്കുന്ന വിദ്യാർഥികൾ അപ്‌ലോഡ് ചെയ്യുന്ന രേഖകൾ ബന്ധപ്പെട്ട കോളജിലെ നോഡൽ ഓഫിസർ ഓൺലൈനായി പരിശോധിക്കും. രേഖകളിൽ അപാകതകൾ കണ്ടെത്തിയാൽ തിരുത്തി വീണ്ടും അപ്‌ലോഡ് ചെയ്യാൻ അവസരം നൽകും. പരിശോധന വിജയകരമായി പൂർത്തിയായാൽ നിലവിലെ അലോട്ട്മെന്റ് നിലനിർത്തിക്കൊണ്ട് അടുത്ത റൗണ്ടിലെ അപ്ഗ്രഡേഷനായി പരിഗണിക്കും
കൗൺസലിങ് നടപടികളും സമയക്രമവും
ഈ പ്രക്രിയ പ്രധാനമായും നാലു ഘട്ടങ്ങളിലൂടെയാണ് കടന്നുപോവുന്നത് (നടപടിക്രമം, തീയതി എന്ന ക്രമത്തിൽ)
റൗണ്ട് 1:
- സീറ്റ് മാട്രിക്സ് വെരിഫിക്കേഷൻ: ആഗസ്റ്റ് 4 (കോളജുകൾക്കുള്ളത്)
- രജിസ്ട്രേഷൻ & ഫീസ് അടക്കൽ: ആഗസ്റ്റ് 6 മുതൽ 13 വരെ (രാവിലെ 11 മണി വരെ). ഫീസ് അടക്കാനുള്ള സൗകര്യം ആഗസ്റ്റ് 12ന് വൈകീട്ട് 6 വരെ മാത്രം.
- ചോയ്സ് ഫില്ലിങ് & ലോക്കിങ്: ആഗസ്റ്റ് 5 മുതൽ 12 വരെ. (ചോയ്സ് ലോക്കിങ് ആഗസ്റ്റ് 12ന് വൈകീട്ട് 4ന് ആരംഭിച്ച് 13ന് രാവിലെ 11ന് അവസാനിക്കും).
- സീറ്റ് അലോട്ട്മെന്‍റ് പ്രോസസ്സിങ്: ആഗസ്റ്റ് 13 മുതൽ 17 വരെ.
- റിസൽട്ട് പ്രസിദ്ധീകരണം: ആഗസ്റ്റ് 18.
- റിപ്പോർട്ടിങ്/ജോയിനിങ്: ആഗസ്റ്റ് 18 മുതൽ 22 വരെ.
- കോളജുകൾ ഡേറ്റ വെരിഫൈ ചെയ്യൽ: ആഗസ്റ്റ് 23.
റൗണ്ട് 2 :
- സീറ്റ് മാട്രിക്സ് വെരിഫിക്കേഷൻ: ആഗസ്റ്റ് 24.
- പുതിയ രജിസ്ട്രേഷൻ & ഫീസ് അടക്കൽ: ആഗസ്റ്റ് 25 മുതൽ 29 വരെ (വൈകീട്ട് 3 വരെ).
- ചോയ്സ് ഫില്ലിങ് & ലോക്കിങ്: ആഗസ്റ്റ് 25 മുതൽ 30 വരെ. (ലോക്കിങ് ആഗസ്റ്റ് 30ന് വൈകീട്ട് 4 മുതൽ രാത്രി 11 വരെ).
- സീറ്റ് അലോട്ട്മെൻറ്: ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെ.
- റിസൽട്ട് പ്രസിദ്ധീകരണം: സെപ്റ്റംബർ 2.
- റിപ്പോർട്ടിങ്/ജോയിനിങ്: സെപ്റ്റംബർ 3 മുതൽ 8 വരെ.
- ഡേറ്റ ഷെയറിങ്: സെപ്റ്റംബർ 9.
റൗണ്ട് 3
- സീറ്റ് മാട്രിക്സ് വെരിഫിക്കേഷൻ: സെപ്റ്റംബർ 10.
- പുതിയ രജിസ്ട്രേഷൻ & ഫീസ് അടക്കൽ: സെപ്റ്റംബർ 11 മുതൽ 15 വരെ (വൈകീട്ട് 3 വരെ).
- ചോയ്സ് ഫില്ലിങ് & ലോക്കിങ്: സെപ്റ്റംബർ 11 മുതൽ 16 വരെ. ലോക്കിങ് സെപ്റ്റംബർ 15ന് വൈകീട്ട് 4 മുതൽ 16ന് രാവിലെ 11 വരെ.
- സീറ്റ് അലോട്ട്മെൻറ്: സെപ്റ്റംബർ 16 മുതൽ 18 വരെ.
- റിസൽട്ട് പ്രസിദ്ധീകരണം: സെപ്റ്റംബർ 19.
- റിപ്പോർട്ടിങ്/ജോയിനിങ്: സെപ്റ്റംബർ 19 മുതൽ 26 വരെ.
- ഡേറ്റ ഷെയറിങ്: സെപ്റ്റംബർ 27.
ഓൺലൈൻ സ്ട്രേ വേക്കൻസി റൗണ്ട്:
മൂന്ന് റൗണ്ടുകൾക്കുശേഷവും ബാക്കി വരുന്ന സീറ്റുകൾ നികത്താനാണ് ഈ റൗണ്ട്. മുൻ റൗണ്ടുകളിൽ എവിടെയെങ്കിലും അഡ്മിഷൻ എടുത്തവരെ ഒഴിവാക്കും.
- രജിസ്ട്രേഷൻ & ഫീസ് അടക്കൽ: സെപ്റ്റംബർ 28 മുതൽ 30 വരെ (വൈകീട്ട് 3 വരെ)
- ചോയ്സ് ഫില്ലിങ്, ലോക്കിങ്: സെപ്റ്റംബർ 28 മുതൽ 30 വരെ (വൈകീട്ട് 3 വരെ). ലോക്കിങ് സെപ്റ്റംബർ 30ന് വൈകീട്ട് 4 മുതൽ രാത്രി 11 വരെ.
- സീറ്റ് അലോട്ട്മെൻറ്: ഒക്ടോബർ 1 മുതൽ 2 വരെ.
- റിസൽട്ട് പ്രസിദ്ധീകരണം: ഒക്ടോബർ 3.
- റിപ്പോർട്ടിങ്/ജോയിനിങ്: ഒക്ടോബർ 4 മുതൽ 10 വരെ.
പ്രവേശന സമയത്ത് ഹാജരാക്കേണ്ട രേഖകൾ
- എം.സി.സി വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത അലോട്ട്മെൻറ് ലെറ്റർ
- എൻ.ടി.എ നൽകിയ നീറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ്.
- നീറ്റ് റിസൽട്ട് അല്ലെങ്കിൽ റാങ്ക് ലെറ്റർ.
- ജനനത്തീയതി തെളിയിക്കുന്ന രേഖ (പത്താം ക്ലാസ് സർട്ടിഫിക്കറ്റിൽ ജനനത്തീയതി ഇല്ലെങ്കിൽ മാത്രം).
- പത്താം ക്ലാസ് സർട്ടിഫിക്കറ്റ്.
- പ്ലസ് ടു സർട്ടിഫിക്കറ്റ്.
- പ്ലസ് ടു മാർക്ക് ലിസ്റ്റ്.
- നീറ്റ് അപേക്ഷയിൽ ഉപയോഗിച്ച അതേ എട്ട് പാസ്പോർട്ട് സൈസ് ഫോട്ടോകൾ.
- തിരിച്ചറിയൽ രേഖ (ആധാർ കാർഡ് / പാൻ കാർഡ് / ഡ്രൈവിങ് ലൈസൻസ് / പാസ്പോർട്ട്).
- സംവരണം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (എസ്.സി/ എസ്.ടി/ ഒ.ബി.സി-എൻ.സി.എൽ/ ഇ.ഡബ്ല്യു.എസ്). ഇത് ഇംഗ്ലീഷിലോ ഹിന്ദിയിലോ ആയിരിക്കണം. പ്രാദേശിക ഭാഷയിലാണെങ്കിൽ (ഉദാ: മലയാളം) അതിന്റെ ഇംഗ്ലീഷ് പരിഭാഷ അറ്റസ്റ്റ് ചെയ്ത് ഒപ്പം കരുതണം.
- പി.ഡബ്ല്യു.ഡി വിഭാഗക്കാർ എം.സി.സി ബോർഡിൽനിന്നും ലഭിച്ച എലിജിബിലിറ്റി സർട്ടിഫിക്കറ്റ്.
- എൻ.ആർ.ഐ/ ഒ.സി.ഐ/ ഫോറിൻ നാഷനൽ വിദ്യാർഥികൾ അതിനായി നിർദേശിച്ചിട്ടുള്ള എല്ലാ രേഖകളും.
ശ്രദ്ധിക്കുക: രേഖകളിലെ പേരുകളുടെ സ്പെല്ലിങ് വ്യത്യാസമുണ്ടെങ്കിൽ അത് തെളിയിക്കുന്ന സത്യവാങ്മൂലം നിർബന്ധമായും കരുതുക.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം:
ചോദ്യം: ആദ്യ റൗണ്ടിൽ അലോട്ട്മെൻറ് ലഭിച്ചു, പക്ഷേ ആ കോളജ് വേണ്ട. എന്തു ചെയ്യണം?
ഉത്തരം: ആദ്യ റൗണ്ടിൽ വിദ്യാർഥികൾക്ക് ഫ്രീ എക്സിറ്റ് സൗകര്യമുണ്ട്. സീറ്റ് ലഭിച്ചിട്ടും ജോയിൻ ചെയ്യാത്ത വിദ്യാർഥികൾക്ക് അവരുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് നഷ്ടമാകില്ല. വേണമെങ്കിൽ രണ്ടാം റൗണ്ടിൽ പുതിയ ചോയ്സുകൾ നൽകി വീണ്ടും പങ്കെടുക്കാം.
ചോദ്യം: എന്താണ് എക്സിറ്റ് വിത്ത് ഫോർഫീച്ചർ ?
ഉത്തരം: രണ്ടാം റൗണ്ടിലോ അതിന് ശേഷമുള്ള റൗണ്ടുകളിലോ സീറ്റ് ലഭിച്ച ശേഷം ഒരു വിദ്യാർഥി ആ കോളജിൽ ജോയിൻ ചെയ്യാതിരുന്നാൽ, അവർ അടച്ച സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക പൂർണമായും നഷ്ടമാകും. ഇതാണ് എക്സിറ്റ് വിത്ത് ഫോർഫീച്ചർ.
ചോദ്യം: രണ്ടാം റൗണ്ടിൽ സീറ്റ് ലഭിച്ച് അവിടെ ജോയിൻ ചെയ്ത ശേഷം മൂന്നാം റൗണ്ടിലേക്ക് അപ്ഗ്രഡേഷൻ കൊടുക്കാമോ?
ഉത്തരം: തീർച്ചയായും കൊടുക്കാം. രണ്ടാം റൗണ്ടിൽ ജോയിൻ ചെയ്ത ശേഷം റൗണ്ട് 3ലേക്ക് ഓൺലൈനായി വില്ലിങ്നെസ് നൽകാം.
ചോദ്യം: മൂന്നാം റൗണ്ടിൽ സീറ്റ് ലഭിച്ചാൽ പിന്നീട് അതൊഴിവാക്കാമോ?
ഉത്തരം: ഇല്ല. മൂന്നാം റൗണ്ടിൽ സീറ്റ് ലഭിച്ച ശേഷം കോളജിൽ ജോയിൻ ചെയ്താൽ പിന്നീട് ഒഴിയാൻ അനുവാദമില്ല. കൂടാതെ തുടർന്നുള്ള ഒരു കൗൺസലിങ്ങിലും പങ്കെടുക്കാൻ ഇവർക്ക് സാധിക്കില്ല.
ചോദ്യം: മൂന്നാം റൗണ്ടിനുശേഷം ഫ്രീസ് / ഫ്ലോട്ട് കാൻഡിഡേറ്റുകൾ നേരിട്ട് കോളജിൽ റിപ്പോർട്ട് ചെയ്യേണ്ടതുണ്ടോ?
ഉത്തരം: അതെ. മൂന്നാം റൗണ്ട് പ്രൊവിഷനൽ റിസൽട്ട് വന്നശേഷം, റൗണ്ട് 3ൽ പുതുതായി സീറ്റ് ലഭിച്ചവരും, റൗണ്ട് 1/2ൽ ഫ്ലോട്ട് ആയി വന്ന് അപ്ഗ്രഡേഷൻ ലഭിക്കാത്തവരും നിർബന്ധമായും തങ്ങളുടെ കോളജുകളിൽ നേരിട്ട് റിപ്പോർട്ട് ചെയ്ത് അഡ്മിഷൻ പൂർത്തിയാക്കേണ്ടതാണ്.
ചോദ്യം: രജിസ്ട്രേഷൻ സമയത്ത് ഉണ്ടാക്കിയ പാസ്േവഡ് മറന്നുപോയാൽ എന്ത് ചെയ്യും?
ഉത്തരം: രജിസ്ട്രേഷൻ സമയത്ത് നിങ്ങൾ നൽകിയ സെക്യൂരിറ്റി ചോദ്യവും അതിനുള്ള ഉത്തരവും ഉപയോഗിച്ച് പാസ്േവഡ് എളുപ്പം വീണ്ടെടുക്കാം. പാസ്േവഡ് മറ്റാർക്കും കൈമാറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
ചോദ്യം: അലോട്ട്മെൻറ് ലഭിക്കുമ്പോൾ എന്റെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ മറ്റൊരു കോഴ്സിൽ/ കോളജിൽ നൽകിയിരിക്കുകയാണെങ്കിൽ എന്ത് ചെയ്യും?
ഉത്തരം: ഒറിജിനൽ സർട്ടിഫിക്കറ്റുകൾ മറ്റൊരു സ്ഥാപനത്തിലാണ് എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റോ ഡെപ്പോസിറ്റ് സ്ലിപ്പോ വെച്ച് പുതിയ കോളജിൽ അഡ്മിഷൻ നേടാൻ സാധിക്കില്ല. കൗൺസലിങ് സമയത്ത് നിർബന്ധമായും എല്ലാ ഒറിജിനൽ രേഖകളും വിദ്യാർഥിയുടെ കൈവശം ഉണ്ടായിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

