ഹയർസെക്കൻഡറി എൻ.എസ്.എസ് പ്രവർത്തനങ്ങൾ ഡിജിറ്റലാക്കാൻ കൈറ്റ്
text_fieldsതിരുവനന്തപുരം: കേരളത്തിലെ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങളിലെ നാഷണൽ സർവിസ് സ്കീമിന്റെ (എൻ.എസ്.എസ്) പ്രവർത്തനങ്ങൾ പൂർണമായും ഡിജിറ്റലാക്കാൻ ഓൺലൈൻ മാനേജ്മെന്റ് പോർട്ടലുകൾ കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) സജ്ജമാക്കി. 1529 യൂനിറ്റുകളുള്ള ഹയർസെക്കൻഡറി വിഭാഗത്തിന് www.dhsenss.kite.kerala.gov.in എന്ന ഡൊമൈനിലും 345 യൂനിറ്റുകളുള്ള വി.എച്ച്.എസ്.ഇക്ക് www.vhsenss.kite.kerala.gov.in എന്ന ഡൊമൈനിലുമാണ് പോർട്ടലുകൾ തയാറാക്കിയിട്ടുള്ളത്. ഈ അധ്യയന വർഷം (2025-26) മുതൽ രണ്ട് ലക്ഷത്തോളം കുട്ടികൾ അംഗങ്ങളായുള്ള എൻ.എസ്.എസ്. യൂണിറ്റുകളുടെ ഭരണപരമായ പ്രവർത്തനങ്ങൾ ഇതോടെ പൂർണ്ണമായും ഓൺലൈനായി മാറും.
പുതിയ എൻ.എസ്.എസ്. മാനേജ്‌മെന്റ് സിസ്റ്റത്തിലൂടെ സ്‌കൂളിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാർക്ക് (പി.ഒ) ആക്ഷൻ പ്ലാനിൽ ഉൾപ്പെടുത്തിയ എല്ലാ പ്രവർത്തനങ്ങളും നേരിട്ട് ഷെഡ്യൂൾ ചെയ്യാൻ കഴിയും. ഓരോ പ്രവർത്തനത്തിന്റെയും ഹാജർ പി.ഒയ്ക്ക് ഓൺലൈനായി തൽക്ഷണം രേഖപ്പെടുത്താൻ സാധിക്കും. എൻ.എസ്.എസ്. വളണ്ടിയർമാരുടെ യൂണിറ്റ് പ്രവർത്തനങ്ങൾ, ഓറിയന്റേഷൻ, കമ്മ്യൂണിറ്റി ക്യാമ്പ് പ്രവർത്തനങ്ങൾ, തനത് പ്രവർത്തനങ്ങൾ തുടങ്ങിയവയുടെ വിലയിരുത്തലുകൾ ഇനി പോർട്ടൽ വഴി നടത്താം. ഓരോ യൂണിറ്റിന്റെയും ക്യാമ്പ് മൂല്യനിർണ്ണയം, ഇന്റർ-ഡിസ്ട്രിക്ട് മൂല്യനിർണ്ണയം തുടങ്ങിയവ ബന്ധപ്പെട്ട ജില്ലാ- സംസ്ഥാന ചുമതലക്കാർക്ക് ഉൾപ്പെടെ ഇനി സിസ്റ്റം വഴി നടത്താനാകും.
ക്യാഷ് ബുക്ക് ഉൾപ്പടെ മുഴുവൻ രജിസ്റ്ററുകളും മാന്വൽ രീതിയിൽ നിന്ന് മാറി പൂർണമായും ഓൺലൈൻ വഴിയാക്കാൻ പോർട്ടലിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. ഈ സംവിധാനം നടപ്പിലാക്കുന്നതിലൂടെ പി.ഒ മാർക്ക് വിപുലമായ ഫിസിക്കൽ രജിസ്റ്റർ സൂക്ഷിക്കലും ഡോക്യുമെന്റേഷനും ഒഴിവാക്കാനും അവരുടെ അഡ്മിനിസ്ട്രേറ്റീവ് ഭാരം കാര്യമായി കുറയ്ക്കാനും സാധിക്കും. യൂണിറ്റുകളുടെ പ്രവർത്തനങ്ങളും ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടെ സ്‌കൂൾവിക്കി (www.schoolwiki.in) പ്ലാറ്റ്‌ഫോമിൽ അപ്‌ലോഡ് ചെയ്യാനും കൈറ്റ് സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിലൂടെ എൻ.എസ്.എസ്. വോളണ്ടിയർമാരുടെ പ്രവർത്തനങ്ങൾ എല്ലാവർക്കും കാണാൻ കഴിയും. പോർട്ടൽ എളുപ്പത്തിൽ മനസ്സിലാക്കി പ്രവർത്തിപ്പിക്കാനായി വിശദമായ വീഡിയോ ട്യൂട്ടോറിയലും ഘട്ടം ഘട്ടമായുള്ള ഡോക്യുമെന്റേഷനും പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. കൈറ്റിന്റെ ജില്ലാ ഓഫീസുകൾ വഴി എല്ലാ പ്രോഗ്രാം ഓഫീസർമാർക്കും പരിശീലനം നൽകാൻ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

