ജില്ലയിൽ കൈറ്റ് റോബോട്ടിക്സ് പരിശീലനം
text_fieldsഎസ്.എസ്.എൽ.സി വിദ്യാർഥികൾക്കായി കൈറ്റിന്റെ റോബോട്ടിക്സ് പരിശീലനം
ആലപ്പുഴ: ജില്ലയിലെ പത്താം ക്ലാസിലെ മുഴുവൻ വിദ്യാർഥികൾക്കും കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) റോബോട്ടിക്സ് പരിശീലനം നൽകും. പത്താംക്ലാസിലെ പുതുക്കിയ ഐ.ടി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ റോബോട്ടിക്സ് പാഠഭാഗങ്ങൾ പ്രായോഗികമായി പഠിക്കാനും എസ്.എസ്.എൽ.സി പരീക്ഷക്ക് തയാറെടുക്കാനും കുട്ടികൾക്ക് അധികപിന്തുണ എന്ന നിലയിലാണ് ലിറ്റിൽ കൈറ്റ് ഐ.ടി ക്ലബുകളുടെ നേതൃത്വത്തിൽ പരിശീലനം നൽകുന്നത്. രണ്ട് സെഷനിലായാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. ആദ്യ സെഷനിൽ റോബോട്ടിക്സിന്റെ പ്രാധാന്യം, ഉപയോഗം, ഇൻപുട്ട് (സെൻസറുകൾ), പ്രോസസർ (മൈക്രോ കൺട്രോളറുകൾ), ഔട്ട്പുട്ട് എന്നിവയെക്കുറിച്ച് അവബോധം നൽകും.
രണ്ടാമത്തെ സെഷൻ പൂർണമായും പ്രായോഗിക പരിശീലനത്തിനുള്ളതാണ്. പിക്റ്റോബ്ലോക്സ് എന്ന സോഫ്റ്റ്വെയർ ഉപയോഗിച്ചുള്ള ബ്ലോക്ക് കോഡിങ്ങിലൂടെ എൽ.ഇ.ഡി ബ്ലിങ്ക് ചെയ്യിക്കുക, ബസർ പ്രവർത്തിപ്പിക്കുക തുടങ്ങിയവ കുട്ടികൾ നേരിട്ട് ചെയ്ത് പഠിക്കും.
ഓരോ സ്കൂളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും മെന്റർമാരുടെയും നേതൃത്വത്തിലാണ് പരിശീലനം. നാലോ അഞ്ചോ കുട്ടികൾ അടങ്ങുന്ന ഗ്രൂപ്പുകൾക്ക് ഒരു റോബോട്ടിക് കിറ്റ് എന്ന അനുപാതത്തിലാണ് പരിശീലനം. ലിറ്റിൽ കൈറ്റ്സ് യൂനിറ്റുകൾ ഇല്ലാത്ത വിദ്യാലയങ്ങൾക്ക് തൊട്ടടുത്ത യൂനിറ്റുകളുടെ സഹായത്തോടെ ക്യാമ്പുകൾ സംഘടിപ്പിക്കും. ഭാവിയിലെ തൊഴിൽ സാധ്യതകളും സാങ്കേതിക വിദ്യയുടെ പ്രാധാന്യവും കണക്കിലെടുത്ത് പത്താംക്ലാസ്സിലെ എല്ലാകുട്ടികളെയും ഹൈടെക് ലാബുകൾവഴി നൂതന സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ളവരാക്കുകയെന്നതാണ് ലക്ഷ്യമെന്ന് കൈറ്റ് ജില്ല കോഓഡിനേറ്റർ എം. സുനിൽകുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

