
സ്കൂൾ വിദ്യാഭ്യാസ നിലവാരം: കേന്ദ്ര പട്ടികയിൽ കേരളം ഒന്നാമത്
text_fieldsകേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്കൂൾ വിദ്യാഭ്യാസ നിലവാരത്തെ കുറിച്ച് തയ്യാറാക്കുന്ന പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സിൽ ഒന്നാമതെത്തി കേരളം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.
2020-21 ലെ പ്രകടനം അടിസ്ഥാനപ്പെടുത്തിയുള്ള സൂചികയിൽ കേരളം 928 പോയിന്റോടെയാണ് ഒന്നാമതെത്തിയത്. കേരളത്തിനൊപ്പം പഞ്ചാബും മഹാരാഷ്ട്രയും ഒന്നാം സ്ഥാനം പങ്കിട്ടു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്കൂൾ വിദ്യാഭ്യാസ നിലവാരത്തെ കുറിച്ച് തയ്യാറാക്കുന്ന പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സിൽ 928 പോയിന്റോടെ ഒന്നാമതെത്തിയിരിക്കുകയാണ് കേരളം. നമ്മുടെ പൊതുവിദ്യാഭ്യാസ രംഗത്തെ ലോകനിലവാരത്തിലേക്കുയർത്താൻ എൽഡിഎഫ് സർക്കാർ നടപ്പിലാക്കി വരുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ലഭിക്കുന്ന അംഗീകാരം കൂടിയാണിത്.
2020-21 ലെ പ്രകടനം അടിസ്ഥാനപ്പെടുത്തിയാണ് പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിദ്യാഭ്യാസ അവസരത്തിലും സൗകര്യത്തിലും ഗുണനിലവാരത്തിലും ഉയർന്ന പോയിന്റുകൾ കേരളം കരസ്ഥമാക്കി. മുൻവർഷങ്ങളെ അപേക്ഷിച്ച് ഗ്രേഡിങ്ങിൽ നാം ഗണ്യമായി മുന്നേറിയിട്ടുണ്ട്. പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സ് ആദ്യമായി പ്രസിദ്ധീകരിച്ച 2017-18 സമയത്ത് 826 പോയിന്റ് ലഭിച്ചത് തുടർ വർഷങ്ങളിൽ (2018-19, 2019-20) 862 പോയിന്റ്, 901 പോയിന്റ് എന്നിങ്ങനെ ഉയർത്തിയാണ് കേരളം മുന്നേറിയത്. ഇൻഡക്സിന്റെ എല്ലാ മാനദണ്ഡങ്ങളിലും വലിയ മുന്നേറ്റം നടത്താൻ നമുക്കായി.
കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലുണ്ടായ അഭൂതപൂർവമായ വളർച്ചയെ തേടി ഇതുപോലുള്ള ധാരാളം അംഗീകാരങ്ങൾ വന്നെത്തുകയാണ്. അറിവും നൈപുണ്യവും കൈമുതലായ ഒരു വിജ്ഞാന സമൂഹത്തെ വാർത്തെടുക്കാൻ നമുക്കാവണം. ഈ അംഗീകാരം ആ പരിശ്രമങ്ങൾക്ക് ശക്തി പകരട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
