സ്കൂൾ അവധിയെച്ചൊല്ലി വ്യാജപ്രചാരണം; വലഞ്ഞ്​ പൊതുവിദ്യാഭ്യാസ വകുപ്പ്​

  • പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടിയില്ല

16:01 PM
04/09/2018
school

തിരുവനന്തപുരം: സമൂഹമാധ്യമങ്ങൾവഴിയുള്ള വ്യാജപ്രചാരണങ്ങളിൽ വലഞ്ഞ്​ പൊതുവിദ്യാഭ്യാസ വകുപ്പ്​. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട്​ സൈബർ പൊലീസിൽ ഉൾപ്പെടെ പരാതിപ്പെട്ടിട്ടും പ്രചാരണം തുടരുകയാണ്​. ഒടുവിൽ സംസ്ഥാന സ്​കൂൾ കലോത്സവം മാറ്റിവെക്കുന്നു, മുഴുവൻ ശനിയാഴ്​ചകളും സ്​കൂളുകൾക്ക്​ പ്രവൃത്തിദിനങ്ങളാക്കി എന്നിങ്ങനെയും പ്രചാരണമുണ്ടായി.

പ്രളയക്കെടുതിയുടെ സാഹചര്യത്തിൽ അവധി കൊടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്​ ഒാണത്തിന്​ മൂന്നുദിവസം മാത്രമേ അവധിയുണ്ടാകൂവെന്ന്​ പൊതുവിദ്യാഭ്യാസ ഡയറക്​ടറുടെ പേരിൽ ആഗസ്​റ്റ്​ രണ്ടാം വാരത്തിൽ പ്രചാരണം നടന്നു. ഇതിനെതിരെ ഡയറക്​ടർ പൊലീസിൽ പരാതിപ്പെട്ടിരുന്നു. രണ്ടാം ശനി ഒഴികെ ശനിയാഴ്​ചകൾ പ്രവൃത്തി ദിവസമാക്കിയെന്നും ഇതു സംബന്ധിച്ച്​ ഏഴിന്​ അന്തിമ തീരുമാനമെടുക്കുമെന്നുമുള്ള രീതിയിൽ ചൊവ്വാഴ്ചയാണ്​ വ്യാജവാർത്ത പ്രചരിച്ചത്​​. ഇതു സത്യമാണെന്ന്​ കരുതിയ ചില ചാനലുകളും ഒാൺലൈൻ മാധ്യമങ്ങളും വാർത്തനൽകിയതോടെ ഡയറക്​ടർ നിഷേധക്കുറിപ്പിറക്കി.

സ്​കൂൾ കലോത്സവം ഉ​േപക്ഷിക്കാൻ തീരുമാനിച്ചെന്ന രീതിയിൽ തിങ്കളാഴ്​ചയാണ്​ പ്രചാരണം നടന്നത്​. ഇതു ചില മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്​തു. ഇതോടെ ഇക്കാര്യം നിഷേധിച്ച്​ ചൊവ്വാഴ്​ച രാവിലെതന്നെ ഡയറക്​ടർ പത്രക്കുറിപ്പിറക്കി. അതേസമയം, ഇതിനു പിന്നാലെ സ്​കൂൾ കലോത്സവം, യുവജനോത്സവം, ചലച്ചിത്രമേള ഉൾപ്പെടെ ആഘോഷ, ഉത്സവ പരിപാടികൾ ഒരു വർഷത്തേക്ക്​ ഒഴിവാക്കി പൊതുഭരണ വകുപ്പ്​ ഉത്തരവിറക്കിയത്​ വിവാദമായിട്ടുണ്ട്​. 

Loading...
COMMENTS