ഫീസ് നിർണ്ണയം അനിശ്ചിതത്വത്തിൽ;മെഡിക്കൽ പ്രവേശനം നിർത്തിവെക്കാൻ സ്വാശ്രയ കോളജുകൾ
text_fieldsതിരുവനന്തപുരം: ഫീസ് നിർണയത്തിനുള്ള റഗുലേറ്ററി കമ്മിറ്റി പുനഃസംഘടിപ്പിക്കാത്ത സാഹചര്യത്തിൽ എം.ബി.ബി.എസ് പ്രവേശന നടപടികൾ നിർത്തിവെക്കാൻ സ്വാശ്രയ മെഡിക്കൽ കോളജുകൾ. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കേരള പ്രൈവറ്റ് മെഡിക്കൽ കോളജ് മാനേജ്മെന്റ് അസോസിയേഷൻ കത്ത് നൽകി.
ദിവസങ്ങൾക്കുമുമ്പ് എം.ബി.ബി.എസ് പ്രവേശന നടപടികൾക്കുള്ള സമയക്രമം മെഡിക്കൽ കൗൺസലിങ് കമ്മിറ്റി പ്രസിദ്ധീകരിച്ചു. ഇതിന് മുന്നോടിയായി നീറ്റ് സ്കോർ അടിസ്ഥാനപ്പെടുത്തിയുള്ള കേരള റാങ്ക് പട്ടിക തയാറാക്കാൻ പ്രവേശനപരീക്ഷ കമീഷണർ നടപടി ആരംഭിക്കുകയും ചെയ്തു.
എന്നാൽ, സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ് നിർണയിക്കാനുള്ള കമ്മിറ്റി പുനഃസംഘടിപ്പിക്കാത്തതിനാൽ ഫീസ് നിർണയം അനിശ്ചിതത്വത്തിലാണ്. പ്രവേശന നടപടികൾക്കുമുമ്പ് ഫീസ് നിർണയം പൂർത്തിയാക്കണം. എം.ബി.ബി.എസ് കോഴ്സിന് അഞ്ച് വർഷത്തിന് പകരം നാലര വർഷത്തെ ഫീസ് മാത്രമേ ഈടാക്കാവൂവെന്ന നാഷണൽ മെഡിക്കൽ കമീഷൻ ഉത്തരവ് സംസ്ഥാനത്ത് നടപ്പാക്കി ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
കഴിഞ്ഞവർഷം നിർണയിച്ചത് അഞ്ച് വർഷത്തെ ഫീസ് ആയതിനാൽ ഈ വർഷം താൽക്കാലിക ഫീസായി കഴിഞ്ഞ വർഷത്തെ ഫീസ് ഈടാക്കാനാവില്ല. കഴിഞ്ഞ സർക്കാർ കാലാവധി നീട്ടി നൽകിയ അധ്യക്ഷൻ റിട്ട. ജസ്റ്റിസ് കെ.കെ. ദിനേശൻ മാത്രമാണ് നിലവിൽ കമ്മിറ്റിയിൽ അവശേഷിക്കുന്നത്.
ചാർട്ടേഡ് അക്കൗണ്ടന്റ് ഉൾപ്പെടെ പൂർണ കമ്മിറ്റിയില്ലാതെ ഫീസ് നിർണയം സാധ്യമാകില്ല. ഈ സാഹചര്യത്തിൽ അടിയന്തിരമായി കമ്മിറ്റി പുനഃസംഘടിപ്പിക്കണമെന്നും അതുവരെ പ്രവേശന നടപടികൾ നിർത്തിവെക്കണമെന്നുമാണ് അസോസിയേഷൻ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

