തദ്ദേശ തെരഞ്ഞെടുപ്പ്: ക്രിസ്മസ് പരീക്ഷ തീയതികളിൽ മാറ്റം വരും
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ക്രിസ്മസ് പരീക്ഷാ തീയതികളിൽ മാറ്റം വരും. ക്രിസ്മസ് അവധിക്ക് മുമ്പും ശേഷവുമായി രണ്ട് ഘട്ടങ്ങളിലായി പരീക്ഷ നടത്താനാണ് സാധ്യതയുള്ളത്. വിദ്യാഭ്യാസ ഗുണനിലവാര അവലോകന സമിതി യോഗത്തിൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും.
2025-26ലെ വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച് ഡിസംബർ 11 മുതലാണ് രണ്ടാംപാദവാർഷിക പരീക്ഷകൾ തുടങ്ങുക. എന്നാൽ ഡിസംബർ 9,11 തീയതികളിലാണ് സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 13ന് വോട്ടെണ്ണലും. തദ്ദേശ തെരഞ്ഞെടുപ്പ് തീയതിയും വോട്ടെണ്ണലും പരീക്ഷയും ഒരുമിച്ചു വരുന്ന സാഹചര്യത്തിലാണ് തീയതി മാറ്റാൻ തീരുമാനം.
വോട്ടെടുപ്പ് നടക്കുക കൂടുതൽ സ്കൂളുകളിലാണ്. അധ്യാപകർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുമുണ്ടാകും. ഈ സാഹചര്യത്തിൽ രണ്ടാംപാദവാർഷിക പരീക്ഷയുടെ ആദ്യഘട്ടം ഡിസംബർ 14നും 20നും ഇടയിലും രണ്ടാംഘട്ടം ഡിസംബറിലെ അവസാന ദിനങ്ങളിലും ജനുവരി ആദ്യവാരത്തിലുമായി നടത്തേണ്ടി വരും. അല്ലെങ്കിൽ പരീക്ഷകൾ ക്രിസ്മസ് അവധി കഴിഞ്ഞതിന് ശേഷം ഒരുമിച്ച് നടത്താനുള്ള സാധ്യതയുമുണ്ട്. വിദ്യാഭ്യാസ ഗുണനിലവാര അവലോകന സമിതിയോഗത്തിൽ ഇത് സംബന്ധിച്ച് അന്തിമതീരുമാനമുണ്ടാകും. 20 മുതൽ 28 വരെയാണ് സ്കൂളുകൾക്ക് ക്രിസ്മസ് അവധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

