നാല് വർഷ ബിരുദ പ്രോഗ്രാം മാറ്റത്തിനൊരുങ്ങി കേരളം; ഏകീകൃത സിലബസും പൊതുകലണ്ടറും പരിഗണനയിൽ
text_fieldsതിരുവനന്തപുരം: കേരളത്തിൽ നാല് വർഷ ബിരുദ പ്രോഗ്രാം നടപ്പാക്കി രണ്ട് വർഷത്തിന് ശേഷം നടത്തിയ ആദ്യ സമഗ്ര അവലോകനത്തിൽ പദ്ധതിയിൽ വ്യാപക പരിഷ്‌കരണങ്ങൾക്ക് ശുപാർശ. പരീക്ഷാ സംവിധാനം, പാഠ്യപദ്ധതി, ഇന്റേൺഷിപ്പ്, ഭരണ സംവിധാനം, സ്‌കോളർഷിപ്പുകൾ തുടങ്ങിയ മേഖലകളിൽ മാറ്റങ്ങൾ വേണമെന്ന് വിദഗ്ധ സമിതി നിർദേശിച്ചു. പദ്ധതിയുടെ അക്കാദമിക ലക്ഷ്യങ്ങൾ കൈവരിക്കാനും സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ ഏകീകൃതമായി നടപ്പാക്കാനും ഈ മാറ്റങ്ങൾ അനിവാര്യമാണെന്നും സമിതി വ്യക്തമാക്കി.
കേരള സ്റ്റേറ്റ് ഹയർ എജുക്കേഷൻ കൗൺസിൽ വൈസ് ചെയർപേഴ്‌സൺ അച്യുത്ശങ്കർ എസ് നായർക്ക് സമിതി അധ്യക്ഷൻ പ്രൊഫ. ഗ്ലാഡ്‌സ്റ്റൺ രാജ് എസ് സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ 14 ശുപാർശകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അക്കാദമിക നിലവാരം ഉയർത്തുക, ഭരണ നടപടികൾ ലളിതമാക്കുക, വിദ്യാർഥികളുടെ പഠനഫലം മെച്ചപ്പെടുത്തുക എന്നിവയാണ് ശുപാർശകളുടെ പ്രധാന ലക്ഷ്യങ്ങൾ.
എല്ലാ സർവകലാശാലകൾക്കുമായി പൊതുവായ അക്കാദമിക കലണ്ടറും പരീക്ഷ ഷെഡ്യൂളും തയ്യാറാക്കി എല്ലാ വർഷവും മാർച്ച് 31നകം പ്രസിദ്ധീകരിക്കാൻ സ്റ്റേറ്റ് കൺസോർഷ്യം ഫോർ അക്കാദമിക് പ്ലാനിങ് ആൻഡ് എക്സാമിനേഷൻ കോ-ഓർഡിനേഷൻ (SCAPEC) രൂപീകരിക്കണമെന്ന് വിദഗ്ധ സമിതി ശുപാർശ ചെയ്തു. കേരള സ്റ്റേറ്റ് ഹയർ എജ്യുക്കേഷൻ കൗൺസിൽ വൈസ് ചെയർപേഴ്‌സൺ, കൗൺസിൽ പ്രതിനിധികൾ, സർവകലാശാല രജിസ്ട്രാർമാർ, പരീക്ഷാ കൺട്രോളർമാർ എന്നിവർ ഉൾപ്പെടുന്ന കൺസോർഷ്യം വിവിധ സ്ഥാപനങ്ങളിൽ പൊതുകലണ്ടർ ഏകീകൃതമായി നടപ്പാക്കുന്നത് നിരീക്ഷിക്കും. ഓരോ വിഷയത്തിനും ഇന്റർ-യൂണിവേഴ്സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് കമ്മിറ്റി (എൈ.യു.ബി.സി) രൂപീകരിക്കാനും സമിതി നിർദേശിച്ചു. എല്ലാ സർവകലാശാലകളിലെയും ബോർഡ് ഓഫ് സ്റ്റഡീസ് അധ്യക്ഷന്മാർ ഉൾപ്പെടുന്ന ഈ സമിതി പാഠ്യപദ്ധതിയുടെ ഘടന, സിലബസ് മാതൃക, ഇന്റേൺഷിപ്പ് മാനദണ്ഡങ്ങൾ, മൂല്യനിർണയ രീതികൾ, പരീക്ഷാ ചട്ടക്കൂടുകൾ എന്നിവ ഏകീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ആന്തരിക മൂല്യനിർണയത്തിന്റെയും സെമസ്റ്റർ അവസാന പരീക്ഷകളുടെയും ചോദ്യപേപ്പർ ഘടന പുനഃരൂപകൽപ്പന ചെയ്യണമെന്നും വിദഗ്ധ സമിതി ശുപാർശ ചെയ്തു. ഉയർന്ന തലത്തിലുള്ള ചിന്താശേഷി വിലയിരുത്തുന്ന തരത്തിലാകണം ചോദ്യങ്ങൾ തയ്യാറാക്കേണ്ടതെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നുണ്ട്.
ഓരോ സർവകലാശാലയിലും അസസ്മെന്റ് ആൻഡ് ഇവാലുവേഷൻ റിവ്യൂ കമ്മിറ്റി രൂപീകരിച്ച് ചോദ്യപേപ്പറുകളും അസൈൻമെന്റുകളും കോഴ്‌സ്, പ്രോഗ്രാം ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് കാലാനുസൃതമായി പരിശോധിക്കണമെന്നും സമിതി നിർദേശിച്ചു. ഓരോ കോഴ്‌സിലെയും ആന്തരിക മൂല്യനിർണയത്തിലെ 20 ശതമാനം മാർക്ക് അധ്യാപകർക്ക് സ്വതന്ത്രമായി രൂപകൽപ്പന ചെയ്യാവുന്ന അഞ്ചാം മോഡ്യൂളിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ നൽകണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്.
വിദ്യാർഥികളെ കേന്ദ്രീകരിച്ചുള്ള നടപടികളുടെ ഭാഗമായി എല്ലാ ബിരുദ സ്കോളർഷിപ്പ് പദ്ധതികളും നാല് വർഷ ബിരുദ പ്രോഗ്രാമിന്‍റെ നാലാം വർഷ പഠനത്തിലേക്കും വ്യാപിപ്പിക്കണമെന്നും സമിതി ശുപാർശ ചെയ്തു. മതിയായ ഗവേഷണ സൗകര്യങ്ങളും കുറഞ്ഞത് രണ്ട് സ്ഥിരം പി.എച്ച്.ഡി യോഗ്യതയുള്ള അധ്യാപകരുമുള്ള വകുപ്പുകൾക്ക് മാത്രമേ ഓണേഴ്‌സ് വിത്ത് റിസർച്ച് ഓപ്ഷൻ അനുവദിക്കാവൂ എന്നും സമിതി നിർദേശിച്ചു.
പ്രായോഗിക പരീക്ഷകളുടെ വിശ്വാസ്യത വർധിപ്പിക്കുന്നതിനായി ലബോറട്ടറി പരീക്ഷകളിൽ എക്സ്റ്റേണലുകളുടെ സംവിധാനം പുനഃസ്ഥാപിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. ഇന്റേൺഷിപ്പ് സംവിധാനത്തിന് ഘടനാപരമായ മെന്റർ വിലയിരുത്തലും വിദ്യാർഥി മൂല്യനിർണയവും ഏർപ്പെടുത്തണമെന്നും സമിതി നിർദേശിച്ചു. ഓരോ സെമസ്റ്ററിന്റെയും തുടക്കത്തിന് മുമ്പ് അംഗീകൃത ഓൺലൈൻ കോഴ്‌സുകളുടെ പട്ടിക പ്രസിദ്ധീകരിച്ച് ക്രെഡിറ്റ് കൈമാറ്റം സുഗമമാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
കെ-റീപ് പരീക്ഷാ മാനേജ്‌മെന്റ് പോർട്ടലിന്റെ സാങ്കേതികവും ഉപയോക്തൃ അനുഭവവുമായി ബന്ധപ്പെട്ടതുമായ സമഗ്ര ഓഡിറ്റ് അടിയന്തരമായി നടത്തണമെന്നും സമിതി ശുപാർശ ചെയ്തു. സർവകലാശാലാതലത്തിൽ പരാതി പരിഹാര സംവിധാനങ്ങൾ ശക്തിപ്പെടുത്താനും 2028 ലെ സിലബസ് പരിഷ്‌കരണത്തിന് മുന്നോടിയായി ഫലാധിഷ്ഠിത വിദ്യാഭ്യാസം സംബന്ധിച്ച് അധ്യാപകർക്ക് വിപുലമായ പരിശീലനം നൽകാനും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. നാല് വർഷ ബിരുദ പ്രോഗ്രാമിന്‍റെ അടുത്ത ഘട്ട പരിഷ്‌കാരങ്ങൾക്കായുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്നും സമിതി നിർദേശിച്ചു. ഇതിൽ നാല് വർഷ ബിരുദ പ്രോഗ്രാം നടപ്പാക്കൽ, ബിരുദാനന്തര പ്രോഗ്രാമുകളുടെ പരിഷ്‌കരണം, 2028 സിലബസ് പുനഃപരിശോധനയ്ക്കുള്ള തയ്യാറെടുപ്പ്, അടിസ്ഥാന സൗകര്യ വികസനം, ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യുക്കേഷൻ പ്രോഗ്രാം സംബന്ധിച്ച ചർച്ചകൾ എന്നിവ ഉൾപ്പെടുന്നു.
സംസ്ഥാനത്തെ എല്ലാ സർവകലാശാലകൾക്കും പൊതുവായ അക്കാദമിക കലണ്ടർ, പാഠ്യപദ്ധതിയും മൂല്യനിർണയവും ഏകീകരിക്കാൻ അന്തർസർവകലാശാല സമിതി, ഉയർന്ന ചിന്താശേഷി പ്രോത്സാഹിപ്പിക്കുന്ന ഫലാധിഷ്ഠിത പരീക്ഷാ രീതി, നാല് വർഷ ബിരുദ പ്രോഗ്രാം വിദ്യാർഥികൾക്ക് നാലാം വർഷത്തേക്കും സ്കോളർഷിപ്പ്, കെ-റീപ് നവീകരണം, ശക്തമായ ഇന്റേൺഷിപ്പ് സംവിധാനം, അധ്യാപക പരിശീലനം, ഓണേഴ്‌സ് വിത്ത് റിസർച്ച് പ്രോഗ്രാമുകൾക്ക് കർശന മാനദണ്ഡങ്ങൾ എന്നിവയാണ് നാല് വർഷ ബിരുദ പ്രോഗ്രാം പരിഷ്‌കരണ രൂപരേഖയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

