കേരള എൻട്രൻസ് ഇന്ന്
text_fieldsതിരുവനന്തപുരം: എൻജിനീയറിങ്, ഫാർമസി കോഴ്സുകളിൽ പ്രവേശനത്തിനുള്ള കേരള എൻട്രൻസ് പരീക്ഷ (കീം) ബുധനാഴ്ച 339 കേന്ദ്രങ്ങളിലായി നടക്കും. 1,23,624 പേരാണ് പരീക്ഷയെഴുതുന്നത്. കേരളത്തിലെ 336 കേന്ദ്രങ്ങൾക്ക് പുറമെ ഡൽഹി, മുംബൈ, ദുബൈ എന്നിവിടങ്ങളിൽ ഓരോ കേന്ദ്രങ്ങളിലും പരീക്ഷ നടക്കും. രാവിലെ പത്ത് മുതൽ 12.30 വരെ പേപ്പർ ഒന്ന് -ഫിസിക്സ്, കെമിസ്ട്രി പരീക്ഷയും ഉച്ചക്കുശേഷം 2.30 മുതൽ വൈകീട്ട് അഞ്ചുവരെ പേപ്പർ രണ്ട് -മാത്സ് പരീക്ഷയും നടക്കും. ഫാർമസി പ്രവേശന പരീക്ഷ എഴുതുന്നവർ പേപ്പർ ഒന്നും എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതുന്നവർ രണ്ട് പേപ്പറും എഴുതണം. പരീക്ഷ ആരംഭിക്കുന്നതിന് അരമണിക്കൂർ മുമ്പെങ്കിലും പരീക്ഷ ഹാളിൽ എത്തണം. പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റിലെ കാൻഡിഡേറ്റ് പോർട്ടലിൽനിന്ന് ഡൗൺലോഡ് ചെയ്ത അഡ്മിറ്റ് കാർഡിന് പുറമെ അംഗീകൃത തിരിച്ചറിയിൽ രേഖകൂടി വിദ്യാർഥികൾ കൊണ്ടുവരണം. സ്കൂൾ ഐ.ഡി കാർഡ്/ 12ാം ക്ലാസ് പരീക്ഷയുടെ ഫോട്ടോയുള്ള അഡ്മിറ്റ് കാർഡ്/ ആധാർ കാർഡ്/ ഫോട്ടോ സഹിതമുള്ള ഇ-ആധാർ/വോട്ടർ ഐ.ഡി കാർഡ്/ ഫോട്ടോ പതിച്ച ബാങ്ക് പാസ്ബുക്ക്/ പാൻ കാർഡ്/ ഡ്രൈവിങ് ലൈസൻസ്/ പാസ്പോർട്ട്/ ഗസറ്റഡ് ഓഫിസർ അല്ലെങ്കിൽ 12ാം തരം പഠിച്ച സ്കൂൾ മേധാവി സാക്ഷ്യപ്പെടുത്തിയ ഫോട്ടോയുള്ള തിരിച്ചറിയൽ സർട്ടിഫിക്കറ്റ് എന്നിവ തിരിച്ചറിയൽ രേഖയായി പരിഗണിക്കും. ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതുന്നത് തിരുവനന്തപുരം ജില്ലയിലാണ്; 15,706 പേർ. കുറവ് വയനാട് ജില്ലയിലും 2101 പേർ.

