കേരള എൻട്രൻസ് മേയ് 17ന്; ഓപ്ഷൻ രജിസ്ട്രേഷന് പ്രത്യേകം ഫീസ്
text_fieldsതിരുവനന്തപുരം: എൻജിനീയറിങ്/ ഫാർമസി കോഴ്സ് പ്രവേശനത്തിനായുള്ള കേരള എൻട്രൻസ് മേയ് 17ന് നടത്താൻ നിർദേശം. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയിയുടെ അധ്യക്ഷതയിൽ ചേർന്ന എൻട്രൻസ് പ്രോസ്പെക്ടസ് പരിഷ്കരണ സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണ. നിർദേശം സർക്കാർ അംഗീകരിച്ച് ഉത്തരവിറങ്ങുന്ന മുറക്ക് പ്രവേശന പരീക്ഷ കമീഷണർ പ്രവേശന വിജ്ഞാപനം പുറപ്പെടുവിക്കും.
രാവിലെയും ഉച്ചക്ക് ശേഷവുമായി നിലവിലുള്ള രീതിയിൽ രണ്ട് പേപ്പറുകളിലായിരിക്കും (പേപ്പർ ഒന്ന് ഫിസിക്സ് ആൻഡ് കെമിസ്ട്രി, പേപ്പർ രണ്ട് മാത്സ്) രണ്ടര മണിക്കൂർ വീതം ദൈർഘ്യമുള്ള പരീക്ഷ. സിലബസിൽ മാറ്റമുണ്ടാകില്ല. കഴിഞ്ഞ വർഷത്തെ അപേക്ഷ ഫീസ് തുടരും. ജനറൽ വിഭാഗത്തിന് എൻജിനീയറിങ് മാത്രം/ ബി.ഫാം മാത്രം/ രണ്ടും കൂടി 700 രൂപയും എസ്.സി വിഭാഗത്തിന് 300 രൂപയുമാണ് നിലവിലുള്ള ഫീസ്. ആർക്കിടെക്ചർ മാത്രം/ മെഡിക്കൽ ആൻഡ് മെഡിക്കൽ അനുബന്ധ കോഴ്സുകൾ മാത്രം/ രണ്ടും കൂടി ജനറൽ വിഭാഗത്തിന് 500 രൂപയും എസ്.സി വിഭാഗത്തിന് 200 രൂപയുമാണ് ഫീസ്. മുഴുവൻ കോഴ്സുകൾക്കും ഒന്നിച്ച് അപേക്ഷിക്കാൻ ജനറൽ വിഭാഗത്തിന് 900 രൂപയും എസ്.സി വിഭാഗത്തിന് 400 രൂപയുമാണ് നിലവിലുള്ള ഫീസ്. എസ്.ടി വിഭാഗത്തിന് ഫീസില്ല.
മുൻവർഷത്തേതിൽനിന്ന് വ്യത്യസ്തമായി ഇത്തവണ ഓപ്ഷൻ രജിസ്ട്രേഷന് പ്രത്യേകം ഫീസ് ചുമത്താനും നിർദേശമുണ്ട്. മെഡിക്കൽ പ്രവേശനത്തിനുള്ള അഖിലേന്ത്യ ക്വോട്ടയിൽ ഓപ്ഷൻ രജിസ്ട്രേഷന് ഫീസ് ചുമത്തുന്ന മാതൃകയിലായിരിക്കും ഇത്. കോഴ്സ് ഫീസിന് അനുസൃതമായായിരിക്കും ഓപ്ഷൻ രജിസ്ട്രേഷനുള്ള ഫീസ് നിശ്ചയിക്കുക. അനാവശ്യമായി ഓപ്ഷൻ നൽകുന്നത് തടയാനെന്ന നിലയിലാണ് ഓപ്ഷൻ രജിസ്ട്രേഷന് ഫീസ് ഈടാക്കാനുള്ള നിർദേശം.
ഓപ്ഷൻ രജിസ്ട്രേഷൻ ഫീസ് പ്രവേശനം നേടുന്നവരുടെ വാർഷിക ഫീസിലേക്ക് വകയിരുത്തും. അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് തുക തിരികെ നൽകും. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവർക്ക് തുക തിരികെ നൽകില്ല. ഓപ്ഷൻ രജിസ്ട്രേഷന് ഫീസ് ഈടാക്കുന്ന സാഹചര്യത്തിൽ അലോട്ട്മെന്റ് ലഭിക്കുന്നവരിൽനിന്ന് പ്രവേശന പരീക്ഷ കമീഷണർ ഈടാക്കിയിരുന്ന ടോക്കൺ ഫീസ് ഒഴിവാക്കും. ഭിന്നശേഷി സംവരണത്തിന് അർഹതയുള്ളവർ ജില്ല മെഡിക്കൽ ബോർഡ് നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥ ഒഴിവാക്കും. സ്റ്റേറ്റ് മെഡിക്കൽ ബോർഡിന്റെ പരിശോധന മാത്രമായിരിക്കും പരിഗണിക്കുക. ഒഴിവുള്ള എൻ.ആർ.ഐ സീറ്റുകൾ മോപ് അപ് അലോട്ട്മെന്റ് ഘട്ടം മുതൽ സ്റ്റേറ്റ് മെറിറ്റിലേക്ക് മാറ്റി നികത്താനുള്ള വ്യവസ്ഥ പ്രോസ്പെക്ടസിൽ ഉൾപ്പെടുത്തും. ഇടുക്കി മെഡിക്കൽ കോളജിൽ എൻ.സി.സിക്ക് ഒരു സീറ്റ് അനുവദിക്കാനുള്ള സർക്കാർ ഉത്തരവ് പ്രോസ്പെക്ടസിൽ ഉൾപ്പെടുത്തും.