സ്കൂൾ മധ്യവേനലവധി മാറ്റാൻ കെ.ഇ.ആർ ഭേദഗതി വേണം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളുടെ മധ്യവേനലവധി നിശ്ചയിച്ചത് കേരള വിദ്യാഭ്യാസ ചട്ടങ്ങൾ അധ്യായം ഏഴ് (ഒന്ന്) പ്രകാരമാണ്. മുഴുവൻ സ്കൂളുകളും മധ്യവേനലവധിക്കായി മാർച്ചിലെ അവസാന പ്രവൃത്തിദിനത്തിൽ അടക്കുകയും ജൂണിലെ ആദ്യ പ്രവൃത്തിദിനത്തിൽ തുറക്കുകയും ചെയ്യണമെന്ന് ചട്ടം വ്യവസ്ഥചെയ്യുന്നു. ഇതിൽ മാറ്റം വേണ്ടിവന്നാൽ അക്കാര്യം പൊതുവിദ്യാഭ്യാസ ഡയറക്ടർ വിജ്ഞാപനം ചെയ്യണം.
സ്ഥിരമായി മാറ്റം വരുത്തണമെങ്കിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തണം. തിടുക്കപ്പെട്ട് ഇത്തരമൊരു മാറ്റത്തിലേക്ക് സർക്കാർ പോകില്ല. എന്നാൽ, കെ.പി.എസ്.ടി.എ ഉൾപ്പെടെ പ്രതിപക്ഷ അധ്യാപക സംഘടനകൾ എതിർപ്പുമായി രംഗത്തുവന്നു. പരിഷ്കരണ നീക്കം ചെരുപ്പിനൊപ്പിച്ച് കാലുമുറിക്കലാണെന്നും 2018ൽ ആഗസ്റ്റിലാണ് പ്രളയമുണ്ടായതെന്ന് മന്ത്രി മറക്കരുതെന്നും കെ.പി.എസ്.ടി.എ ഓർമിപ്പിക്കുന്നു.
വിവാദ തീരുമാനങ്ങൾ നടപ്പാക്കിയത് ബലം; വെല്ലുവിളികൾ ഏറെ
തിരുവനന്തപുരം: സ്കൂൾ അവധിക്കാല മാറ്റ ചർച്ചക്ക് തുടക്കമിടാൻ വിദ്യാഭ്യാസ മന്ത്രിക്ക് ബലം സ്കൂൾ സമയമാറ്റം, സൂംബ പരിശീലനം എന്നിവയിലെടുത്ത തീരുമാനങ്ങൾ നടപ്പാക്കാനായത്. അവധിക്കാലം മാറ്റാനുള്ള നീക്കത്തിൽ ആദ്യം എതിർപ്പുയരുന്നത് അധ്യാപക സംഘടനകളിൽനിന്നായിരിക്കും. അധ്യാപകരിൽനിന്ന് അഭിപ്രായം തേടുംമുമ്പ് പൊതുസമൂഹത്തിൽ ചർച്ചയാക്കിയത് ഈ എതിർപ്പ് മറികടക്കാനാണ്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പലയിടത്തും മേയ്, ജൂൺ മാസങ്ങളിലാണ് മധ്യവേനലവധി. ഒന്നര മാസം അവധിയുള്ള സംസ്ഥാനങ്ങളുമുണ്ട്. അതേസമയം, മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ്-യു.ജി പരീക്ഷ മേയ് ആദ്യത്തിലും യൂനിവേഴ്സിറ്റികളിൽ യു.ജി കോഴ്സ് പ്രവേശനത്തിനുള്ള സി.യു.ഇ.ടി പരീക്ഷ മേയ് പകുതി മുതൽ ജൂൺ ആദ്യംവരെയുമാണ്. എൻജിനീയറിങ് പ്രവേശനത്തിനുള്ള ദേശീയതല പരീക്ഷ ജെ.ഇ.ഇ രണ്ടാം സെഷൻ ഏപ്രിൽ ആദ്യമാണ്. രണ്ടാംവർഷ ഹയർ സെക്കൻഡറി പരീക്ഷക്കുശേഷമാണ് വിദ്യാർഥികൾ ഈ പ്രവേശന പരീക്ഷകളെ നേരിടുന്നത്.
ബിരുദപഠനത്തിന് വിദേശത്തേക്ക് പോകുന്ന വിദ്യാർഥികളുടെ എണ്ണം കേരളത്തിൽ വർധിക്കുന്ന സമയത്ത് അധ്യയന വർഷവും അവസാനം നടത്തേണ്ട പരീക്ഷയും പുനഃക്രമീകരിക്കുന്നത് കുട്ടികളെ ബാധിക്കുമോ എന്നതടക്കം വിഷയങ്ങളെയും അഭിമുഖീകരിക്കേണ്ടിവരും. ഏപ്രിൽ, മേയ് മാസങ്ങളിൽ അനുഭവപ്പെടുന്ന കടുത്ത ചൂടും മാറ്റത്തിന് വെല്ലുവിളിയാണ്. മാർച്ചിലെ ചൂടിൽ ഉച്ചക്കുശേഷം ഹയർ സെക്കൻഡറി പരീക്ഷകൾ നടത്തുന്നതിനെതിരെ എതിർപ്പുയരാറുണ്ട്. കുടിവെള്ള ക്ഷാമവും സ്കൂൾ പ്രവർത്തനത്തെ ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

