കീം റാങ്ക് പട്ടിക; പിറകോട്ടടിച്ചത് 25000 കുട്ടികൾ
text_fieldsതിരുവനന്തപുരം: പ്രോസ്പെക്ടസ് പരിഷ്ക്കരണം ഹൈകോടതി റദ്ദാക്കിയതോടെ പഴയ മാതൃകയിൽ എൻജിനീയറിങ് റാങ്ക് പട്ടിക പുതുക്കിയപ്പോൾ പിറകിൽ പോയത് 25000ത്തോളം വിദ്യാർഥികൾ. പുതുക്കിയ പ്രോസ്പെക്ടസ് പ്രകാരം ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ മെച്ചപ്പെട്ട റാങ്ക് ലഭിച്ചവരാണ് പിറകോട്ടുപോയത്. ഇതിൽ 23000ത്തോളം പേരും കേരള സിലബസിൽ പഠിച്ചവരാണ്. മികച്ച കോളജുകളിലും ബ്രാഞ്ചിലും പ്രവേശനം ലഭിക്കാനുള്ള സാധ്യതയെ പ്രതികൂലമായി ബാധിക്കുന്നതാണ് റാങ്കിലുള്ള ഈ മാറ്റം.
പ്രവേശന റാങ്ക് പട്ടികയിൽ ആകെ ഉൾപ്പെട്ടത് 67505 പേരാണ്. ഇതിൽ റാങ്കിൽ മാറ്റം വരാത്തവർ വിരലിലെണ്ണാവുന്നവർ മാത്രം. ചിലർക്ക് നേരിയ മാറ്റമാണെങ്കിൽ 5000 വരെ റാങ്കിൽ പിറകിൽ പോയ വിദ്യാർഥികളുമുണ്ട്. അതേസമയം, 3000 റാങ്ക് വരെ മുന്നോട്ടുവന്ന വിദ്യാർഥികളുമുണ്ട്. നേട്ടമുണ്ടായവരിൽ ഭൂരിഭാഗവും സി.ബി.എസ്.ഇ സിലബസിൽ പഠിച്ചവരാണ്. റദ്ദാക്കിയ റാങ്ക് പട്ടികയിൽ എട്ടാം സ്ഥാനത്തുണ്ടായിരുന്ന വിദ്യാർഥി പുതിയ പട്ടികയിൽ 185ാം റാങ്കിലേക്കാണ് മാറിയത്.
ഈ വിദ്യാർഥി സംസ്ഥാന സിലബസിൽ പഠിച്ച വിദ്യാർഥിയാണ്. റദ്ദാക്കിയ പട്ടികയിൽ ആദ്യ പത്തിൽ ഉൾപ്പെട്ടിരുന്നത് സി.ബി.എസ്.ഇ സിലബസിൽ നിന്ന് അഞ്ച് പേരായിരുന്നു. ഇതിൽ നാല് പേരും ആദ്യ പത്തിൽ തന്നെ തുടർന്നു. ഒമ്പതാം റാങ്കിലുണ്ടായിരുന്ന വിദ്യാർഥി മാത്രമാണ് 14ാം റാങ്കിലേക്ക് മാറിയത്. എന്നാൽ റദ്ദാക്കിയ പട്ടികയിലെ ആദ്യ പത്തിലുണ്ടായിരുന്ന അഞ്ച് സംസ്ഥാന സിലബസുകാരും റാങ്കിൽ പിറകോട്ടുപോയി. ഒന്നാം റാങ്കിലുണ്ടായിരുന്ന വിദ്യാർഥി ഏഴിലേക്കും മൂന്നാം റാങ്കിലുണ്ടായിരുന്നയാൾ എട്ടിലേക്കും ഏഴിലുണ്ടായിരുന്നയാൾ 13ലേക്കും എട്ടിലുണ്ടായിരുന്നയാൾ 185ലേക്കും പത്തിലുണ്ടായിരുന്നയാൾ 21ലേക്കും മാറി. ആദ്യ പത്തിൽ രണ്ട് പേർ മാത്രമാണിപ്പോൾ സംസ്ഥാന സിലബസിൽ നിന്നുള്ളവർ. ആദ്യ പട്ടികയിൽ 1277ാം റാങ്കിലുള്ള വിദ്യാർഥിക്ക് പുതിയ പട്ടികയിൽ 2259ാം റാങ്കാണ്.
പിറകോട്ട് പോയത് 982 റാങ്ക്. ആദ്യ പട്ടികയിൽ 3711ാം റാങ്കുണ്ടായിരുന്ന കുട്ടി പുതിയ പട്ടികയിൽ 5964ൽ. പിറകോട്ടുപോയത് 2253 റാങ്ക്. ആദ്യ പട്ടികയിൽ നൂറ് റാങ്കിൽ 43 പേർ സംസ്ഥാന സിലബസിൽ നിന്നും 55 പേർ സി.ബി.എസ്.ഇയിൽ നിന്നുമായിരുന്നെങ്കിൽ പട്ടിക പുതുക്കിയപ്പോൾ കേരള സിലബസിൽ നിന്നുള്ളവർ 21 ആയി കുറഞ്ഞു. എന്നാൽ സി.ബി.എസ്.ഇയിൽ നിന്നുള്ളവർ 79 ആയി ഉയർന്നു. 5000 റാങ്കിൽ 2539 പേർ സംസ്ഥാന സിലബസിൽ നിന്നും 2220 പേർ സി.ബി.എസ്.ഇയിൽ നിന്നുമായിരുന്നെങ്കിൽ പുതിയ പട്ടികയിൽ ഇവ യഥാക്രമം 1796ഉം 2960ഉം ആയി മാറി.
വൻ തിരിച്ചടി 2024ൽ പ്ലസ് ടു വിജയിച്ചവർക്ക്; ഇത്തവണ കുറഞ്ഞത് 15 മാർക്ക് വരെ
2024ൽ കേരള സിലബസിൽ പ്ലസ് ടു പാസായ വിദ്യാർഥികൾക്കാണ് ഇത്തവണ റാങ്ക് പട്ടിക മാറ്റിയപ്പോൾ വൻ ഇടിവ് വന്നത്. കഴിഞ്ഞ വർഷത്തെ ഏകീകരണ ഫോർമുല ഈ വർഷവും തുടർന്നതോടെ ഇവർക്ക് 35 മാർക്കിന്റെ വരെ കുറവ് ഈ വർഷവും നേരിട്ടു. ഇവരിൽ മിക്കവരും എൻജിനീയറിങ് പ്രവേശന പരീക്ഷ രണ്ടാം തവണ (റിപ്പീറ്റേഴ്സ്) എഴുതിയവരാണ്. എന്നാൽ 2025ൽ കേരള സിലബസിൽ പ്ലസ് ടു പാസായ വിദ്യാർഥികൾക്ക് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകീകരണത്തിൽ മാർക്ക് കുറയുന്നതിന്റെ തോത് കുറഞ്ഞിട്ടുണ്ട്. ഇത്തവണ 10 മുതൽ 15 വരെ മാർക്കാണ് കുറഞ്ഞത്.
ഭേദഗതി ഈ വർഷം വേണമോ എന്ന ചോദ്യം മന്ത്രിസഭയിലും ഉയർന്നു
തിരുവനന്തപുരം: പ്ലസ് ടു മാർക്ക് ഏകീകരണത്തിൽ മാറ്റം വരുത്തുന്നത് ഈ വർഷം നടപ്പാക്കേണ്ടതില്ലെന്ന വിദഗ്ധ സമിതി (റിവ്യൂ കമ്മിറ്റി) റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഇതുസംബന്ധിച്ച് തീരുമാനമെടുത്ത മന്ത്രിസഭ യോഗത്തിലും സമാന അഭിപ്രായം ഉയർന്നതും പുറത്തായി. ജൂൺ 30ന് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് പ്രോസ്പെക്ടസ് ഭേദഗതിക്ക് അംഗീകാരം നൽകിയത്. മാറ്റം ഇത്തവണ വേണോ എന്ന് നിയമമന്ത്രി പി. രാജീവും കൃഷിമന്ത്രി പി. പ്രസാദും ഉൾപ്പെടെ സംശയം ഉന്നയിച്ചുവെന്നാണ് വിവരം. കേരള സിലബസിലുള്ള വിദ്യാർഥികൾ നേരിടുന്ന പ്രശ്നം പരിഹരിക്കാൻ മാറ്റം ഇത്തവണ തന്നെ വേണമെന്നാവശ്യപ്പെട്ടത് ഉന്നതവിദ്യാഭ്യാസമന്ത്രി ബിന്ദുവായിരുന്നു. കൂടുതൽ മന്ത്രിമാരും ഈ അഭിപ്രായത്തോട് യോജിച്ചതോടെ മുഖ്യമന്ത്രിയും അനുകൂല നിലപാടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

