നടപ്പാക്കിയത് വിദഗ്ധ സമിതി പറയാത്ത അനുപാത മാറ്റം; ഉറവിടത്തിൽ സർക്കാറിന് മറുപടിയില്ല
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാർ നടപ്പാക്കിയ അനുപാതമാറ്റം കീം മാർക്ക് സമീകരണം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ നിർദേശിച്ചിട്ടില്ലെന്ന് വ്യക്തമായതോടെ സർക്കാർ പ്രതിക്കൂട്ടിൽ. ഇതോടെ നടപ്പാക്കുകയും കോടതി റദ്ദാക്കുകയും ചെയ്ത മാർക്ക് അനുപാത വ്യത്യാസത്തിന്റെ ഉറവിടം സംബന്ധിച്ച് ദുരൂഹത ഉയരുന്നു.
ബാഹ്യകേന്ദ്രങ്ങളിൽനിന്ന് രൂപപ്പെടുത്തിയ മാറ്റം വിദഗ്ധ സമിതിയെ ഇരുട്ടിൽ നിർത്തി പ്രവേശന പരീക്ഷ കമീഷണറേറ്റ് വഴി സർക്കാർ നടപ്പാക്കുകയായിരുന്നുവെന്നാണ് ആരോപണം. വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മിറ്റിയുടെ കൺവീനർ കൂടിയായ പ്രവേശന പരീക്ഷ കമീഷണർ സമർപ്പിച്ച പ്രപ്പോസൽ പ്രകാരമാണ് പുതിയ ഫോർമുല മാറ്റം കൊണ്ടുവന്നതെന്നായിരുന്നു സർക്കാർ വാദം.
എന്നാൽ, വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടിൽ കോടതി റദ്ദാക്കിയ മാർക്ക് അനുപാതത്തിലെ മാറ്റം ഇല്ലെന്ന് വ്യക്തമായതോടെ ഇതിന്റെ ഉറവിടം വ്യക്തമാക്കേണ്ട ബാധ്യത സർക്കാറിനായി.
നിലവിൽ പ്ലസ്ടുവിന്റെ മാർക്ക് സമീകരണത്തിനായി പരിഗണിക്കുന്നത് മാത്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾക്ക് തുല്യപരിഗണന (1:1:1 അനുപാതം) നൽകിയായിരുന്നു. ഇതുപ്രകാരം മൂന്ന് വിഷയങ്ങളുടെയും മാർക്ക് നൂറിൽ പരിഗണിച്ച് മൊത്തം മാർക്ക് മുന്നൂറിലെടുക്കുന്നതായിരുന്നു രീതി. ഇതിലാണ് വിദഗ്ധ സമിതിയുടെ ശിപാർശയില്ലാതെ സർക്കാർ മാറ്റംവരുത്തിയത്. പകരം മാത്സിന് അധിക വെയ്റ്റേജ് നൽകി 5:3:2 എന്ന അനുപാതത്തിലേക്ക് മാറ്റി.
ഇതുവഴി ആകെയുള്ള 300 മാർക്കിൽ മാത്സിന്റെ മാർക്ക് 150ലും ഫിസിക്സിന്റേത് 90ലും കെമിസ്ട്രിയുടേത് 60ലേതും പരിഗണിക്കുന്ന രീതിയായി. പ്രോസ്പെക്ടസിൽ ഇല്ലാത്ത ഈ പ്രധാന ഭേദഗതി നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി തള്ളിക്കളഞ്ഞതും ആദ്യ റാങ്ക് പട്ടിക റദ്ദാക്കേണ്ടിവന്നതും. പകരം പഴയ 1:1:1 എന്ന അനുപാതത്തിൽ തന്നെ റാങ്ക് പട്ടിക പുതുക്കിയിറക്കുകയും അതുവഴി ആദ്യ പട്ടികയിലെ ആയിരക്കണക്കിന് വിദ്യാർഥികൾ പിറകിൽ പോവുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

