കീം 2022: എൻജിനീയറിങ്, ആർകിടെക്ചർ മൂന്നാംഘട്ട അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു
text_fieldsതിരുവനന്തപുരം: 2022 ലെ എൻജിനീയറിങ്, ആർകിടെക്ചർ കോഴ്സിലേക്കുള്ള മൂന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്‍റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു . അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്മെന്‍റ് മെമ്മോയിൽ കാണിച്ചതും പ്രവേശന പരീക്ഷാ കമീഷണർക്ക് അടക്കുന്നതുമായ ഫീസ് (ബാധകമെങ്കിൽ) 17 മുതൽ 19ന് ഉച്ചക്ക് രണ്ടുവരെ ഓൺലൈൻ പേമെന്‍റ് മുഖാന്തരമോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫിസ് മുഖാന്തരമോ ഒടുക്കിയശേഷം 19ന് വൈകീട്ട് മൂന്നിനകം അലോട്ട്മെന്‍റ് ലഭിച്ച കോളജുകളിൽ പ്രവേശനം നേടണം.
അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർഥികൾക്ക് അവരുടെ ഹോം പേജിലെ 'ഡേറ്റ ഷീറ്റ്' എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് ഡേറ്റ ഷീറ്റ് ഡൗൺലോഡ് ചെയ്യാം. പ്രവേശനം നേടുന്ന സമയത്ത് വിദ്യാർഥികൾ ഈ ഘട്ടത്തിലെ ഡേറ്റ ഷീറ്റും അലോട്ട്മെന്‍റ് മെമ്മോയും മറ്റ് രേഖകളും (പ്രോസ്പെക്ടസ് ക്ലോസ് 11.3.1 പ്രകാരമുള്ള) കോളജ് അധികാരികൾക്ക് മുന്നിൽ ഹാജരാക്കണം. നിശ്ചിത സമയത്തിനുള്ളിൽ ഫീസ് ഒടുക്കി കോളജുകളിൽ പ്രവേശനം നേടാത്ത വിദ്യാർഥികളുടെ അലോട്ട്മെന്‍റ് റദ്ദാകും. വിശദ വിവരം വെബ്സൈറ്റിൽ.