കണ്ണൂർ സർവകലാശാല അധ്യാപക റാങ്ക് ലിസ്റ്റിൽ മെറിറ്റ് അട്ടിമറി
text_fieldsകണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ അധ്യാപക നിയമനത്തിനുള്ള റാങ്ക് പട്ടികയിൽ മെറിറ്റ് അട്ടിമറി. സർവകലാശാല ഫിസിക്സ് പഠനവകുപ്പിലെ അസി. പ്രഫസർ നിയമനത്തിനുള്ള റാങ്ക് ലിസ്റ്റിലാണ് മെറിറ്റ് അവഗണിച്ചുള്ള തിരിമറി. ഓപൺ ക്വോട്ടയിൽ മുൻനിരയിലുള്ള മുസ്ലിം ഉദ്യോഗാർഥികളെ സംവരണപട്ടികയിൽ പിന്നിലാക്കിയാണ് അട്ടിമറി. സിൻഡിക്കേറ്റ് അംഗീകരിച്ച റാങ്ക് ലിസ്റ്റ് പ്രകാരം ഉടൻ നിയമനം നടത്താനാണ് സർവകലാശാലാനീക്കം.
2022 ജൂൺ 15നാണ് ഫിസിക്സ് പഠനവകുപ്പിലെ അസി. പ്രഫസർ നിയമനത്തിന് ഓപൺ, മുസ്ലിം വിഭാഗങ്ങളിലെ ഓരോ ഒഴിവിലേക്ക് വിജ്ഞാപനമിറക്കിയത്. കഴിഞ്ഞമാസം 16, 17, 18 ദിവസങ്ങളിൽ കൂടിക്കാഴ്ചയും നടന്നു. ഓപൺ വിഭാഗത്തിൽ ഒമ്പതും മുസ്ലിം വിഭാഗത്തിൽ 10ഉം പേരുടെ റാങ്ക് പട്ടിക ഒക്ടോബർ 30ന് പ്രസിദ്ധീകരിച്ചു.
ഓപൺ വിഭാഗത്തിലെ മൂന്നാം റാങ്കുകാരിയും ആദ്യ മുസ്ലിമുമായ ഉദ്യോഗാർഥിയാണ് ചട്ടപ്രകാരം മുസ്ലിം സംവരണപട്ടികയിൽ ഒന്നാമത് വരേണ്ടത്. എന്നാൽ, മുസ്ലിം സംവരണപട്ടികയിൽ ഇവരുടെ സ്ഥാനം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഓപൺ പട്ടികയിലെ ആറാമനും രണ്ടാമത്തെ മുസ്ലിമുമായ ഉദ്യോഗാർഥി സംവരണപട്ടികയിൽ നാലാമനുമായി. ഓപൺ പട്ടികയിൽ ഇടംപിടിക്കാത്ത ഉദ്യോഗാർഥികളാണ് മുസ്ലിം സംവരണ വിഭാഗത്തിലെ ഒന്നും രണ്ടും സ്ഥാനക്കാരായി വന്നത്. ഓപൺ - സംവരണ ഒഴിവിലെ നിയമനങ്ങൾക്ക് ഒരേ അപേക്ഷ ക്ഷണിച്ച് ഒറ്റ കൂടിക്കാഴ്ചയാണ് നടന്നത്.
ഇരുവിഭാഗത്തിലും രണ്ട് കട്ട് ഓഫ് മാർക്കാണ് നിശ്ചയിച്ചതെങ്കിലും ഓപൺ വിഭാഗത്തിലെ ആദ്യസ്ഥാനക്കാരായ മുസ് ലിം ഉദ്യോഗാർഥികൾ സംവരണപട്ടികയിൽ എങ്ങനെ പിന്നോട്ടുപോയെന്നാണ് ഉദ്യോഗാർഥികൾ ചോദിക്കുന്നത്. ഈ പട്ടികപ്രകാരം നിയമനം നടക്കുമ്പോൾ ഉയർന്ന മാർക്ക് നേടി ഓപൺ വിഭാഗത്തിൽ മുൻനിരയിലെത്തിയ മുസ് ലിം ഉദ്യോഗാർഥികൾ പുറത്താവും. ഇവരേക്കാൾ കുറഞ്ഞ മാർക്ക് നേടിയവർ നിയമനം നേടുകയും ചെയ്യും.
വിവാദമായ പ്രിയ വർഗീസിന്റെ നിയമനത്തിൽ അക്കാദമിക് സ്കോർ മറികടക്കാൻ കൂടിക്കാഴ്ചയിൽ കൂടുതൽ മാർക്ക് നൽകി അട്ടിമറി നടത്തിയെന്നായിരുന്നു പരാതി. ഫിസിക്സ് അധ്യാപക റാങ്ക് ലിസ്റ്റിൽ പച്ചയായ കൃത്രിമം നടന്നുവെന്നാണ് പരാതി. അങ്ങനെ വരാൻ സാധ്യതയില്ലെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കട്ടേയെന്നും സർവകലാശാല രജിസ്ട്രാർ ഡോ. ജോബി കെ. ജോസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

