എൻജിനീയറിങ്, ആർക്കിടെക്ചർ, പ്ലാനിങ് ബിരുദ പ്രവേശനത്തിന്; ജെ.ഇ.ഇ (മെയിൻ) 2027
text_fieldsരാജ്യത്തെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടികൾ) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ടികൾ), കേന്ദ്ര ഫണ്ടോടുകൂടി പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ (സി.എഫ്.ടി.ഐകൾ), മറ്റ് മുൻനിര സ്ഥാപനങ്ങൾ, സർവകലാശാലകൾ നടത്തുന്ന ബി.ഇ/ ബി.ടെക്, ബി.ആർക്, ബി.പ്ലാനിങ് പ്രോഗ്രാമുകളിലേക്കുള്ള ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ മെയിൻ -2027) രണ്ടു സെഷനുകളായി സംഘടിപ്പിക്കും.
സെഷൻ 1 പരീക്ഷ ജനുവരി 20, 21, 22, 23, 24, 28 തീയതികളിലും സെഷൻ 2 പരീക്ഷ ഏപ്രിൽ 2, 3, 4 5, 6, 7 തീയതികളിലും നടത്തും. രണ്ട് പേപ്പറുകളാണ് പരീക്ഷക്കുള്ളത്. പേപ്പർ ഒന്ന് ബി.ഇ/ബി.ടെക് പ്രവേശനത്തിനും പേപ്പർ രണ്ട് ബി.ആർക്, ബി പ്ലാനിങ് പ്രവേശനത്തിനും. രാവിലെ ഒമ്പതു മുതൽ 12 വരെയും ഉച്ചക്കുശേഷം മൂന്നു മുതൽ ആറു മണിവരെയും രണ്ട് ഷിഫ്റ്റുകളായാണ് പരീക്ഷ. നാഷനൽ ടെസ്റ്റിങ് ഏജൻസിക്കാണ് പരീക്ഷാ ചുമതല.
ഫീസ്: പേപ്പർ -1 ബി.ഇ / ബി.ടെക് അല്ലെങ്കിൽ പേപ്പർ II-എ ബി.ആർക് അല്ലെങ്കിൽ പേപ്പർ II ബി ബി പ്ലാനിങ് (ജനറൽ പുരുഷന്മാർ 1000 രൂപ), വനിതകൾ 800 രൂപ, ജനറൽ (ഇ.ഡബ്ല്യു.എസ് / ഒ.ബി.സി-എൻ.സി.എൽ (പുരുഷന്മാർ) 900 രൂപ, വനിതകൾക്ക് 800 രൂപ, എസ്.സി / എസ്.ടി / പി.ഡബ്ല്യു.ബി.ഡി /തേർഡ് ജൻഡർ (പുരുഷന്മാർക്കും വനിതകൾക്കും) 500 രൂപ, ഇന്ത്യക്ക് പുറത്ത് പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കുന്നവർ ഉയർന്ന നിരക്കിലുള്ള നിശ്ചിത ഫീസ് നൽകണം. െക്രഡിറ്റ് /ഡെബിറ്റ് കാർഡ് / നെറ്റ് ബാങ്കിങ് /യു.പി.ഐ വഴി ഫീസ് അടക്കാം.
അപേക്ഷ ജെ.ഇ.ഇ മെയിൻ-I പരീക്ഷക്ക് ഓൺലൈനിൽ നവംബർ 22നകം അപേക്ഷിക്കാം. 500 രൂപ ലേറ്റ് ഫീസോടുകൂടി നവംബർ 26 വരെ അപേക്ഷ സ്വീകരിക്കും. ആവശ്യമെങ്കിൽ അപേക്ഷയിലെ തെറ്റ് തിരുത്തുന്നതിന് നവംബർ 27 - 29 വരെ സൗകര്യം ലഭിക്കും.
സെഷൻ II ഏപ്രിലിലെ പരീക്ഷക്ക് ഓൺലൈനിൽ ജനുവരി അഞ്ചു മുതൽ ഫെബ്രുവരി മൂന്നു വരെ അപേക്ഷിക്കാം. 500 രൂപ ലേറ്റ് ഫീസോടുകൂടി ഫെബ്രുവരി 4 മുതൽ 7 വരെ അപേക്ഷ സ്വീകരിക്കും. 8 മുതൽ 10 വരെ തെറ്റുണ്ടെങ്കിൽ തിരുത്താം.
പരീക്ഷ: പേപ്പർ II എ ബി.ആർക് പാർട്ട് 3 ഡ്രോയിങ് ടെസ്റ്റ് പേനയും പേപ്പറും ഉപയോഗിച്ചുള്ള ഓഫ് ലൈൻ രീതിയിലും മറ്റ് പേപ്പറുകൾ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലുമാണ് പരീക്ഷ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കന്നട, തമിഴ്, ഉർദു അടക്കം 13 ഭാഷകളിലാണ് ചോദ്യപേപ്പറുകൾ. കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ ഇംഗ്ലീഷ്, മലയാളം ചോദ്യപേപ്പറുകളാണ് ലഭിക്കുക. ഏത് ഭാഷയിലെ ചോദ്യപേപ്പറാണ് ആവശ്യമെന്ന് ഓൺലൈൻ അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കണം.
പരീക്ഷാ കേന്ദ്രം: കേരളത്തിലെ 14 ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. ലക്ഷദ്വീപിൽ കവരത്തിയാണ് സെന്റർ. ഇന്ത്യക്ക് പുറത്ത് ബഹ്റൈൻ, കുവൈത്ത്, നേപ്പാൾ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, അബൂദബി, ഷാർജ അടക്കം 310 കേന്ദ്രങ്ങളിൽവെച്ചാണ് പരീക്ഷ.
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ ഹയർ സെക്കൻഡറി /പ്ലസ് ടു /തത്തുല്യ ബോർഡ് പരീക്ഷ അല്ലെങ്കിൽ എ.ഐ.സി.ടി.ഇ അംഗീകൃത ത്രിവത്സര ഡിപ്ലോമ 2025, 2026 വർഷത്തിൽ പാസായവർക്കും 2027ൽ യോഗ്യതാ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. (എന്നാൽ, ജെ.ഇ.ഇ മെയിൻ റാങ്ക് നേടുന്നവർ അഡ്മിഷൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവരാകണം. ജെ.ഇ.ഇ മെയിൻ 2027 റാങ്ക് ജേതാക്കൾക്ക് ജോയിന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (ജോസ) സെൻട്രൽ സീറ്റ് അലോക്കേഷൻ ബോർഡ് (സീസാബ്) സംഘടിപ്പിക്കുന്ന ഓൺലൈൻ കൗൺസലിങ് നടപടിക്രമങ്ങളിലൂടെ പ്രവേശനം നേടാം. ഇതുസംബന്ധിച്ച അറിയിപ്പ് പിന്നീട് ലഭിക്കും. ഫലപ്രഖ്യാപനത്തിനുശേഷം യഥാസമയം ജെ.ഇ.ഇ മെയിൻ സ്കോർ കാർഡ് വെബ്സൈറ്റിൽനിന്നും നിർദേശാനുസരണം ഡൗൺലോഡ് ചെയ്യാം.
ജെ.ഇ.ഇ അഡ്വാൻസ്‍ഡ് ഐ.ഐ.ടി പ്രവേശന പരീക്ഷയായ ജെ.ഇ.ഇ അഡ്വാൻസ്ഡ് 2027ൽ പങ്കെടുക്കുന്നതിന് ജെ.ഇ.ഇ മെയിൻ-2027 ബി.ഇ/ബി.ടെക് പേപ്പറിൽ ഉന്നത വിജയം വരിക്കുന്ന രണ്ടരലക്ഷം പേർക്ക് അർഹതയുണ്ടായിരിക്കും.
വിശദവിവരങ്ങൾ: https://jeemain.nta.nic.in/. അന്വേഷണങ്ങൾക്ക് jeemain@nta.ac.in എന്ന ഇ-മെയിലിലും 011-40759000/69227700 എന്നീ ഫോൺനമ്പറുകളിലും ബന്ധപ്പെടാം.

