ജെ.ഇ.ഇ മെയിൻ 2021; രജിസ്ട്രേഷൻ ജനുവരി 16നകം
text_fieldsഎൻ.ഐ.ടികൾ, എ.ഐ.ഐ.ടികൾ, സി.എഫ്.ടി.ഐകൾ മുതലായ ദേശീയ സ്ഥാപനങ്ങളിൽ ഫുൾടൈം ബി.ഇ/ ബി.ടെക്/ ബി.ആർക്/ ബി.പ്ലാനിങ് കോഴ്സുകളിൽ അഖിലേന്ത്യ പ്രവേശനത്തിനായുള്ള ജോയൻറ് എൻട്രൻസ് എക്സാമിനേഷനിൽ (ജെ.ഇ.ഇ മെയിൻ -2021) പങ്കെടുക്കുന്നതിന് ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ജനുവരി 16 വരെ ഇതിനുള്ള സൗകര്യമുണ്ട്. നാല് സെഷനുകളായാണ് പരീക്ഷ. ഒന്നാമത്തെ പരീക്ഷ ഫെബ്രുവരി 23 മുതൽ 26 വരെ രാവിലെ 9 മുതൽ ഉച്ചക്ക് 12 വരെയും ഉച്ചക്കു ശേഷം 3 -6 മണി വരെയും രണ്ട് ഷിഫ്റ്റുകളായി നടത്തും. ഇൻഫർമേഷൻ ബുള്ളറ്റിൻ www.jeemain.nta.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. കോഴിക്കോട് എൻ.ഐ.ടിയിലും കോട്ടയം ഐ.ഐ.ഐ.ടിയിലും ജെ.ഇ.ഇ മെയിൻ സ്കോർ അടിസ്ഥാനത്തിലാണ് പ്രവേശനം.
പ്രവേശന യോഗ്യത: ബി.ഇ/ ബി.ടെക് -ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് പുറമെ കെമിസ്ട്രി/ ബയോടെക്നോളജി/ ബയോളജി/ ടെക്നിക്കൽ/ വൊക്കേഷനൽ വിഷയങ്ങളിൽ ഒന്നുകൂടി പഠിച്ച് മൊത്തം 75 ശതമാനം മാർക്കിൽ കുറയാതെ പ്ലസ് ടു/ തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. 70 ശതമാനത്തിൽ കുറയാതെ വിജയം നേടിയവരെയും പരിഗണിക്കും. എസ്.സി/ എസ്.ടി വിഭാഗങ്ങൾക്ക് 65 ശതമാനം മാർക്ക് മതി.
ബി.ആർക് -മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾക്ക് 50 ശതമാനം മാർക്കിൽ കുറയാതെയും പ്ലസ് ടു/ തത്തുല്യ ബോർഡ് പരീക്ഷ മൊത്തത്തിൽ 50 ശതമാനം മാർക്കിൽ കുറയാതെയും പാസായിരിക്കണം. ബി.പ്ലാനിങ്- മാത്തമാറ്റിക്സിന് 50 ശതമാനം കുറയാതെയും മൊത്തത്തിൽ 50 ശതമാനം മാർക്കിൽ കുറയാതെയും നേടി പ്ലസ് ടു/ തത്തുല്യ പരീക്ഷ പാസായിരിക്കണം.
ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം. യോഗ്യത പരീക്ഷകൾ 2019 അല്ലെങ്കിൽ 2020ൽ വിജയിച്ചിരിക്കണം. 2021ൽ യോഗ്യത പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. പ്രായപരിധിയില്ല.
അപേക്ഷ ഫീസ്: ബി.ഇ/ ബി.ടെക് അല്ലെങ്കിൽ ബി.ആർക്/ ബി.പ്ലാനിങ് -ജനറൽ/ ഇ.ഡബ്ല്യു.എസ്/ ഒ.ബി.സി -എൻ.സി.എൽ (പുരുഷന്മാർ) -650 രൂപ (ഇന്ത്യക്ക് പുറത്ത് 3000 രൂപ); വനിതകൾ -325 രൂപ (1500 രൂപ); എസ്.സി/ എസ്.ടി/ പി.ഡബ്ല്യു.ഡി/ ട്രാൻസ്ജൻഡർ -325 രൂപ (1500 രൂപ). സേവനനികുതി കൂടി നൽകണം. െക്രഡിറ്റ്/ െഡബിറ്റ് കാർഡ്/ നെറ്റ് ബാങ്കിങ് മുഖാന്തരം ഫീസ് അടക്കാം. അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ ഇൻഫർമേഷൻ ബ്രോഷറിലുണ്ട്.
പരീക്ഷ: രണ്ട് പേപ്പറുകളായാണ് ജെ.ഇ.ഇ മെയിൻ -2021 പരീക്ഷക്കുള്ളത്. ഒന്നാമത്തെ പേപ്പർ ബി.ഇ/ ബി.ടെക് പ്രവേശനത്തിനും രണ്ടാമത്തെ പേപ്പർ ബി.ആർക്, ബി.പ്ലാനിങ് പ്രവേശനത്തിനുമുള്ളതാണ്. ചോദ്യങ്ങൾ മലയാളം ഉൾപ്പെടെ 13 ഭാഷകളിലുണ്ടാവും. പേപ്പർ ഒന്ന് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ ഒബ്ജക്ടിവ് മൾട്ടിപ്ൾ ചോയ്സ് മാതൃകയിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിലാണ് ചോദ്യങ്ങൾ.
പേപ്പർ രണ്ടിൽ മാത്തമാറ്റിക്സ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും ഡ്രോയിങ് ടെസ്റ്റുമുണ്ടാവും. പരീക്ഷയുടെ വിശദാംശങ്ങൾ ബുള്ളറ്റിനിലുണ്ട്. കേരളത്തിൽ ആലപ്പുഴ/ ചെങ്ങന്നൂർ, എറണാകുളം/ അങ്കമാലി/ മൂവാറ്റുപുഴ, ഇടുക്കി, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ, വയനാട് പരീക്ഷകേന്ദ്രങ്ങളാണ്. ലക്ഷദ്വീപിൽ കവരത്തിയും.
ആദ്യ പരീക്ഷഫലം മാർച്ചിൽ പ്രസിദ്ധപ്പെടുത്തും. ഇതിൽ യോഗ്യത നേടാൻ കഴിയാത്തവർക്കും കുറഞ്ഞ സ്കോർ നേടിയവർക്കും സ്കോർ മെച്ചപ്പെടുത്തുന്നതിനും തുടർന്നുള്ള പരീക്ഷകളിൽ പങ്കെടുക്കാം.
രണ്ടാമത്തെ ജെ.ഇ.ഇ മെയിൻ പരീക്ഷ മാർച്ച് 15 -18 വരെയും മൂന്നാമത്തെ പരീക്ഷ ഏപ്രിൽ 27 -30 വരെയും നാലാമത്തെ പരീക്ഷ മേയ് 24 -28 വരെയുമാണ് നടത്തുക. നാഷനൽ ടെസ്റ്റിങ് ഏജൻസിയാണ് പരീക്ഷകൾ സംഘടിപ്പിക്കുന്നത്. വിവരങ്ങൾ www.jeemain.nta.nic.inൽ ലഭിക്കും.

