എം.ജിയിൽ പ്ലസ് ടുകാർക്ക് ഇന്റഗ്രേറ്റഡ് എം.എസ്സി, എൽഎൽ.ബി
text_fieldsകോട്ടയത്തെ എം.ജി സർവകലാശാലാ ആസ്ഥാനം
കോട്ടയം മഹാത്മാഗാന്ധി (എം.ജി) സർവകലാശാലയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസർച് ഇൻ ബേസിക് സയൻസ് (ഐ.ഐ.ആർ.ബി.എസ്) പ്ലസ് ടുക്കാർക്കായി നടത്തുന്ന പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ്സി (കെമിസ്ട്രി, ഫിസിക്സ്, ലൈഫ് സയൻസസ്, കമ്പ്യൂട്ടർ സയൻസ്, എൻവയൺമെന്റൽ സയൻസ്), സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് (എസ്.ഐ.എൽ.ടി) നടത്തുന്ന ബി.ബി.എ എൽഎൽ.ബി (ഓണേഴ്സ്) കോഴ്സുകളിൽ പ്രവേശനത്തിന് ഓൺലൈനായി മാർച്ച് ഒന്നുവരെ അപേക്ഷിക്കാം.
വാഴ്സിറ്റിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൾട്ടി ഡിസിപ്ലിനറി പ്രോഗ്രാംസ് ഇൻ സോഷ്യൽ സയൻസസ് (ഐ.എം.പി.എസ്.എസ്) നടത്തുന്ന ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമിൽ ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിലും ഇതോടൊപ്പം പ്രവേശനം നേടാം. 60 ശതമാനം മാർക്കിൽ കുറയാതെ പ്ലസ് ടു വിജയിച്ചിരിക്കണം. ഇന്റഗ്രേറ്റഡ് എം.എസ്സി കോഴ്സുകളിലേക്ക് ശാസ്ത്രവിഷയങ്ങളിൽ 60 ശതമാനം മാർക്കോടെ പ്ലസ് ടു/തത്തുല്യ പരീക്ഷ പാസാകണം.
മേയ് ആറ്, ഏഴ് തീയതികളിലെ പ്രവേശനപരീക്ഷയുടെ (CAT- MGU 2023) റാങ്ക് അടിസ്ഥാനത്തിലാണ് സെലക്ഷൻ. അപേക്ഷ/രജിസ്ട്രേഷൻ ഫീസ് 1200 രൂപ. എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് 600 രൂപ മതി. പ്രവേശനവിജ്ഞാപനം, പ്രോസ്പെക്ടസ് www.cat.mgu.ac.inൽ ലഭിക്കും. തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ പരീക്ഷാകേന്ദ്രങ്ങളാണ്. അന്വേഷണങ്ങൾക്ക് ഫോൺ: 0581 2733595. ഇ-മെയിൽ: cat@mgu.ac.in