കാർഷിക സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് എം.എസ് സി, എം.ബി.എ; ഓൺലൈൻ അപേക്ഷ മേയ് 31 വരെ
text_fieldsകേരള കാർഷിക സർവകലാശാല 2025-26 വർഷത്തെ താഴെ പറയുന്ന കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ബി.എസ് സി-എം.എസ് സി (ഇന്റഗ്രേറ്റഡ് ബയോളജി): വെള്ളാനിക്കരയിലെ കോളജ് ഓഫ് ക്ലൈമറ്റ് ചെയിഞ്ച് ആൻഡ് എൻവയോൺമെന്റൽ സയൻസിലാണ് ഈ കോഴ്സുള്ളത്. ജീവശാസ്ത്ര ബിരുദ-ബിരുദാനന്തര പഠനങ്ങളെ സംയോജിപ്പിച്ചുള്ള അഞ്ചു വർഷത്തെ (10 സെമസ്റ്ററുകൾ) ഇന്റർഡിസിപ്ലിനറി കോഴ്സാണിത്.
ബയോടെക്, ഫാർമസ്യൂട്ടിക്കൽസ് അടക്കമുള്ള വ്യവസായങ്ങളിൽ ജീവശാസ്ത്ര പ്രയോഗങ്ങൾ മനസ്സിലാക്കാനും ഗവേഷണാഭിരുചി വളത്താനും പഠനം സഹായിക്കും.സീറ്റ് 30.
യോഗ്യത: പ്ലസ്ടു/തത്തുല്യ പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ് നിർബന്ധിത വിഷയങ്ങളായി പഠിച്ച് പാസാകണം. ഈ ശാസ്ത്രവിഷയങ്ങൾക്ക് മൊത്തം 50 ശതമാനം മാർക്കിൽ കുറയരുത്.കോഴ്സ് ഫീസ്-സെമസ്റ്റർ ട്യൂഷൻ ഫീസ് 40,000 രൂപ, പ്രവേശന ഫീസ് 10,000 രൂപ, കോഷൻ ഡിപ്പോസിറ്റ് 50,000 രൂപ. അക്കാദമിക് മെറിറ്റടിസ്ഥാനത്തിലാണ് പ്രവേശനം.
ബി.എസ് സി-എം.എസ് സി (ഇന്റഗ്രേറ്റഡ് മൈക്രോബയോളജി): വെള്ളാനിക്കരയിൽ തന്നെയാണ് ഈ കോഴ്സുള്ളത്. സീറ്റ് 30. പഠനകാലാവധി അഞ്ചുവർഷം (10 സെമസ്റ്ററുകൾ). മൈക്രോബയോളജിയുടെ സാധ്യതകളെ ആഴത്തിൽ മനസ്സിലാക്കുന്നതിന് പഠനം സഹായകമാണ്. പഠിച്ചിറങ്ങുന്നവർക്ക് പിഎച്ച്.ഡിയിലേക്ക് നയിക്കുന്ന ഗവേഷണ പഠനമാവാം. മൈക്രോ ബയോളജിസ്റ്റായും തൊഴിൽസാധ്യതയുണ്ട്.പ്രവേശനയോഗ്യതയും ഫീസ് ഘടനയുമെല്ലാം ആദ്യ കോഴ്സിലേത് തന്നെ.
എം.ബി.എ അഗ്രി ബിസിനസ് മാനേജ്മെന്റ്: ഫിനാൻസ്, മാർക്കറ്റിങ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് സമന്വയിപ്പിച്ചുള്ള ഡ്യുവൽ സ്പെഷലൈസേഷൻ പഠിക്കാം. പ്രോജക്ട് വർക്കുമുണ്ട്. സീറ്റ് 40. കോഴ്സ് കാലാവധി രണ്ടുവർഷം. വാഴ്സിറ്റിയുടെ കോളജ് ഓഫ് കോഓപറേഷൻ ബാങ്കിങ് ആൻഡ് മാനേജ്മെന്റ് വെള്ളാനിക്കരയിലാണ് കോഴ്സുള്ളത്.
യോഗ്യത: കാർഷിക സർവകലാശാലകളിൽനിന്ന് പ്രഫഷനൽ ബിരുദമെടുത്തവർക്കും (സി.ജി.പി.എ 7.0യിൽ കുറയരുത്, എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 6.5 മതി) അംഗീകൃത സർവകലാശാലയിൽനിന്നും ഫസ്റ്റ്ക്ലാസ് (എസ്.സി/എസ്.ടി 55 ശതമാനം മതി) ബിരുദമെടുത്തവർക്കും അപേക്ഷിക്കാം. എസ്.എസ്.എൽ.സി/തത്തുല്യം മുതലുള്ള എല്ലാ പരീക്ഷകളിലും 60 ശതമാനം മാർക്ക് നേടിയിരിക്കണം.
2024 നവംബർ മുതൽ 2025 ഫെബ്രുവരി വരെ കാലയളവിൽ നടത്തിയ കെമാറ്റ്/സിമാറ്റ്/ഐ.ഐ.എം കാറ്റ് പരീക്ഷയിൽ യോഗ്യത നേടിയിരിക്കണം. യോഗ്യതാ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും. കെമാറ്റ്/സിമാറ്റ്/ഐ.ഐ.എം കാറ്റ് സ്കോർ അടിസ്ഥാനത്തിൽ അപേക്ഷകരെ ഷോർട്ട്ലിസ്റ്റ് ചെയ്ത് ഗ്രൂപ് ചർച്ചയും ഇന്റർവ്യൂവും നടത്തിയാണ് സെലക്ഷൻ. കോഷൻ ഡെപ്പോസിറ്റ് ഉൾപ്പെടെ രണ്ടു വർഷത്തേക്ക് 1,35,755 രൂപയാണ് മൊത്തം അടക്കേണ്ടത്.
പ്രവേശന വിജ്ഞാപനം, വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് എന്നിവ www.admissions.kau.inൽനിന്നും ഡൗൺലോഡ് ചെയ്യാം. ഓൺലൈനിൽ മേയ് 31 വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് ബി.എസ് സി-എം.എസ് സി (ഇന്റഗ്രേറ്റഡ്) പ്രോഗ്രാമുകൾക്ക് 1000 രൂപ. എം.ബി.എ (അഗ്രി ബിസിനസ്) പ്രോഗ്രാമിന് 750 രൂപ. എസ്.സി/എസ്.ടി വിഭാഗത്തിന് ഇളവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

