കാളവണ്ടിയിൽ റോക്കറ്റുകൾ കൊണ്ടുപോയ കാലം തൊട്ട് ശുഭാംശുവിന്റെ യാത്ര വരെ; പ്രത്യേക മൊഡ്യൂളുകളുമായി എൻ.സി.ഇ.ആർ.ടി
text_fieldsഇന്ത്യയുടെ ബഹിരാകാശ കുതിപ്പിനെക്കുറിച്ചുള്ള എന്‍.സി.ഇ.ആര്‍.ടിയുടെ പുതിയ പ്രത്യേക മൊഡ്യൂളുകളില്‍ ശുഭാംശു ശുക്ലയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയും. രണ്ട് മൊഡ്യൂളുകളാണ് നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് ശനിയാഴ്ച പുറത്തിറക്കിയത്. ‘ഇന്ത്യ: ഒരു വളർന്നുവരുന്ന ബഹിരാകാശ ശക്തി’ എന്ന തലക്കെട്ടിലുള്ള ഈ മൊഡ്യൂളുകൾ, സ്കൂൾ വിദ്യാർഥികൾക്ക് ബഹിരാകാശ ഗവേഷണത്തെക്കുറിച്ച് മനസിലാക്കാൻ സഹായിക്കുന്നു.
1960കളിൽ സൈക്കിളിലും കാളവണ്ടിയിലും റോക്കറ്റുകൾ കൊണ്ടുപോയ കാലഘട്ടത്തിൽ നിന്ന്, എങ്ങനെ ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ ബഹിരാകാശ ശക്തിയായി ഇന്ത്യ മാറിയെന്ന് ഈ മൊഡ്യൂളുകൾ വിശദീകരിക്കുന്നു. ചന്ദ്രന്റെ ഉപരിതലത്തിൽ ജലകണികകൾ കണ്ടെത്തിയ ചന്ദ്രയാൻ-1 (2008), ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയ ആദ്യ ഏഷ്യൻ രാജ്യമായി ഇന്ത്യയെ മാറ്റിയ മംഗൾയാൻ (2013),ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിജയകരമായി ഇറങ്ങിയ ചന്ദ്രയാൻ-3 (2023) എന്നിവയും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.
ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് തിരികെ കൊണ്ടുവരാൻ ലക്ഷ്യമിടുന്ന ചന്ദ്രയാൻ-4, ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരിക്ഷ് സ്റ്റേഷൻ (BAS) മനുഷ്യനെ ബഹിരാകാശത്തെത്തിക്കാൻ ലക്ഷ്യമിടുന്ന ഗഗൻയാൻ ദൗത്യം തുടങ്ങി ഭാവി ദൗത്യങ്ങളും ഇതിലുൾപ്പെടുന്നു. ബഹിരാകാശത്ത് പോയ ആദ്യ ഇന്ത്യൻ ബഹിരാകാശ സഞ്ചാരികളായ രാകേഷ് ശർമ്മയെയും, ശുഭാംശു ശുക്ലയെയും പോലുള്ളവരുടെ സംഭാവനകളെക്കുറിച്ച് ഈ മൊഡ്യൂളുകൾ പ്രതിപാദിക്കുന്നുണ്ട്. ശുഭാംശു ശുക്ല ബഹിരാകാശ നിലയത്തില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയതിനെ, 'രാജ്യം മുഴുവന്‍ ആഘോഷിച്ച പ്രതീകാത്മക നിമിഷം' എന്നാണ് മൊഡ്യൂളില്‍ വിശേഷിപ്പിക്കുന്നത്.
വിവിധ ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ, സൂര്യൻ, ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ, സൗരയൂഥം, ഗ്യാലക്സികൾ തുടങ്ങിയവയെക്കുറിച്ചും വിശദമായ പാഠങ്ങളുണ്ട്. കൂടാതെ, സുനിത വില്യംസിനെപ്പോലുള്ള ബഹിരാകാശ സഞ്ചാരികളുടെ അനുഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ബഹിരാകാശ യാത്രയെക്കുറിച്ച് കുട്ടികൾക്ക് മനസിലാവുന്ന തരത്തിലുള്ള പാഠങ്ങളും എൻ.സി.ഇ.ആർ.ടി പുസ്തകങ്ങളിൽ കാണാം.
സമകാലിക വിഷയങ്ങളില്‍ അനുബന്ധ പഠന സാമഗ്രികള്‍ നല്‍കുന്നതിനുള്ള എന്‍.സി.ഇ.ആര്‍.ടിയുടെ സംരംഭത്തിന്റെ ഭാഗമാണ് ഈ പ്രത്യേക മൊഡ്യൂളുകള്‍. വിഭജനം, ഓപ്പറേഷന്‍ സിന്ദൂര്‍ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടെ പത്തൊന്‍പത് മൊഡ്യൂളുകള്‍ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവ ഇംഗ്ലീഷിലും ഹിന്ദിയിലും ലഭ്യമാണ്. സാധാരണ പാഠപുസ്തകങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രോജക്റ്റുകള്‍, ചര്‍ച്ചകള്‍, സംവാദങ്ങള്‍ എന്നിവയിലൂടെ ഇവ പഠിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

