വിദേശത്ത് പോയി പഠിക്കേണ്ട... ഇന്ത്യയിലെ ആഗോള കോഴ്സുകളിലേക്ക് തിരിഞ്ഞ് ജെൻസി
text_fieldsന്യൂഡൽഹി: വിദേശ പഠനത്തിന് ഇന്ത്യയിലെ പുതുതലമുറക്കിടയിൽ ഡിമാൻഡ് കുറയുന്നതായി റിപ്പോർട്ട്. ഉയർന്ന വിദ്യാഭ്യാസചെലവ്, കടുത്ത വിസാ നടപടികൾ, പഠനശേഷമുള്ള ജോലി സാധ്യതകളിലെ അനിശ്ചിതത്വം എന്നിവ കാരണം ജെൻസികൾക്ക് വിദേശപഠനത്തോടുള്ള താൽപര്യം കുറയുന്നതായാണ് പുതിയ പഠനം.
അതേസമയം, വിദേശ സർവകലാശാലകളുടെ ആഗോള നിലവാരത്തിലുള്ള കോഴ്സുകൾ ഇന്ത്യയിൽ തന്നെ പഠിക്കാനുള്ള അവസരങ്ങളിലേക്കാണ് ഇന്ത്യൻ ജെൻസി ആകൃഷ്ടരാകുന്നതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ‘ഇന്ത്യാസ് ജെൻ സെഡ് ഔട്ട്‌ലുക്ക് 2026: റീകാൽക്കുലേറ്റിങ് എജൂക്കേഷൻ, അംബീഷൻ ആൻഡ് സക്സസ്; ദി നോ ക്യാപ് ജനറേഷൻ’ എന്ന എമെറിറ്റസ് റിപ്പോർട്ടിലാണ് കണ്ടെത്തൽ. രാജ്യത്തെ പ്രധാന നഗരങ്ങളിലെ 15നും 28നും ഇടയിൽ പ്രായമുള്ള 1010 പേരെ ഉൾപ്പെടുത്തി നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.
വിദേശത്ത് പഠിക്കാൻ ആഗ്രഹിച്ചിരുന്ന 48 ശതമാനം പേർക്ക് കഴിഞ്ഞ ഒരു വർഷത്തിനിടെ അതിനോടുള്ള താൽപര്യം കുറഞ്ഞതായി സർവേയിൽ പറയുന്നു. വിദേശപഠനത്തിന്റെ ചെലവ് വർധിച്ചതാണ് പ്രധാന കാരണം. 37 ശതമാനം പേർ ഉയർന്ന വിദ്യാഭ്യാസചെലവിനെ കാരണമായി ചൂണ്ടിക്കാട്ടി. 26 ശതമാനം പേർ വിസ, ഇമിഗ്രേഷൻ നടപടികളിലെ സങ്കീർണതകളും 24 ശതമാനം പേർ സുരക്ഷയും ഭൗമരാഷ്ട്രീയ അനിശ്ചിതത്വവും സൂചിപ്പിച്ചു. അമേരിക്കയിൽ പഠിക്കാനുള്ള താൽപര്യത്തിലാണ് ഇന്ത്യൻ വിദ്യാർഥികൾക്കിടയിൽ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയതെന്നും റിപ്പോർട്ട് പറയുന്നു.
വിദേശപഠനത്തോടുള്ള താൽപര്യം കുറയുന്നുണ്ടെങ്കിലും ആഗോള നിലവാര വിദ്യാഭ്യാസത്തോടുള്ള താൽപര്യം കുറഞ്ഞിട്ടില്ല. പഠിക്കുന്ന സ്ഥലം തെരഞ്ഞെടുക്കുന്നതിലാണ് മാറ്റം. അന്താരാഷ്ട്ര റാങ്കിങ്ങുള്ള സർവകലാശാലയുടെ ഇന്ത്യയിൽ ലഭ്യമാകുന്ന പ്രോഗ്രാം പരിഗണിക്കുമോ എന്ന ചോദ്യത്തിന് പ്രീ കോളജ് വിദ്യാർഥികളിൽ 87 ശതമാനവും ഉന്നതവിദ്യാഭ്യാസത്തിലേക്ക് മാറുന്ന വിദ്യാർഥികളിൽ 92 ശതമാനവും പോസിറ്റീവായാണ് പ്രതികരിച്ചത്. ഉന്നതവിദ്യാഭ്യാസത്തിലേക്ക് മാറുന്ന വിദ്യാർഥികളിൽ 69 ശതമാനം പേർ വിദേശത്തേക്ക് പോകുന്നതിനേക്കാൾ ഇന്ത്യയിൽ ലഭിക്കുന്ന അന്താരാഷ്ട്ര പ്രോഗ്രാമിനാണ് മുൻഗണന നൽകുന്നത്.
വിദേശത്ത് പഠിക്കുമ്പോഴുള്ള ട്യൂഷൻ ഫീസ്, താമസം, യാത്ര, വിസ തുടങ്ങിയ അധിക ചെലവുകൾ ഒഴിവാക്കാൻ ഇന്ത്യയിൽ ലഭിക്കുന്ന അന്താരാഷ്ട്ര പ്രോഗ്രാമുകൾ സഹായിക്കും. അതേസമയം, വിദേശ സർവകലാശാലകളുടെ പഠനരീതികൾ, ആഗോള അകാദമിക് എക്സ്പോഷർ എന്നിവ ലഭിക്കുമെന്നതും വിദ്യാർഥികളെ ആകർഷിക്കുന്നു.
ഇന്ത്യയിൽ പഠിച്ചുകൊണ്ട് വിദേശ സർവകലാശാലയുമായി അകാദമിക് ബന്ധം നിലനിർത്തുന്ന ഹൈബ്രിഡ് പ്രോഗ്രാമുകളോടും ജെൻസിയുടെ താൽപര്യം വർധിക്കുന്നുണ്ട്. ഇത്തരം കോഴ്സുകളിൽ ഇന്ത്യയിലെ കാമ്പസിൽ പഠിക്കുന്നതിനൊപ്പം വിദേശ സർവകലാശാലയിലെ കാമ്പസ് സന്ദർശനം, സെമസ്റ്റർ എക്സ്ചേഞ്ച് തുടങ്ങിയ അന്താരാഷ്ട്ര അനുഭവങ്ങളും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

