ഇന്ത്യയിലെ അക്കാദമിക് സ്വാതന്ത്ര്യം ‘കടുത്ത നിയന്ത്രണത്തിൽ’, സർവകലാശാലകളിൽ സർക്കാർ ഇടപെടൽ; റിപ്പോർട്ട്
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ അക്കാദമിക് സ്വാതന്ത്ര്യം ‘കടുത്ത നിയന്ത്രണത്തിൽ’ (Severely Restricted) എന്ന വിഭാഗത്തിലാണെന്ന് സ്കോളേർസ് അറ്റ് റിസ്ക് (എസ്.എ.ആർ) പുറത്തിറക്കിയ ‘ഫ്രീ ടു തിങ്ക് 2026’ (Free to Think 2026) റിപ്പോർട്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേന്ദ്രസർക്കാർ സ്വാധീനം വർധിച്ചതായും സർവകലാശാലാ ഭരണസംവിധാനം, നേതൃ നിയമനങ്ങൾ, അക്കാദമിക് മുൻഗണനകൾ എന്നിവയിൽ അതിന്റെ പ്രതിഫലനം ഉണ്ടായതായും റിപ്പോർട്ട് പറയുന്നു.
2025 ജൂലൈ ഒന്ന് മുതൽ 2026 ജൂൺ 30 വരെയുള്ള കാലയളവിൽ 59 രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട 382 ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ ഇന്ത്യയിലെ 42 സംഭവങ്ങളുണ്ടെന്നാണ് വിവരം. ഇതേ കാലയളവിൽ ആഗോള അക്കാദമിക് ഫ്രീഡം ഇൻഡക്സിൽ 179 രാജ്യങ്ങളിൽ 50 എണ്ണങ്ങളിൽ അക്കാദമിക് സ്വാതന്ത്ര്യം ഗണ്യമായി കുറയുകയും ഒമ്പത് രാജ്യങ്ങളിൽ പുരോഗതി രേഖപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടുന്നു. ‘കടുത്ത നിയന്ത്രണത്തിൽ’ വിഭാഗത്തിൽ ഇന്ത്യക്കൊപ്പം ഹോങ്കോങ്, ഇന്തോനേഷ്യ, പാകിസ്താൻ, വെസ്റ്റ് ബാങ്ക്, യുക്രെയ്ൻ എന്നിവയാണുള്ളത്. അഫ്ഗാനിസ്താൻ, ചൈന, ഇറാൻ, റഷ്യ, തുർക്കിയ, സിറിയ, വെനസ്വേല, സിംബാബ്‌വെ, ഗസ്സ എന്നിവ ‘പൂർണ നിയന്ത്രണത്തിൽ’ എന്ന വിഭാഗത്തിലാണ്.
അധ്യാപകരെ പുറത്താക്കൽ, അകാദമിക് പരിപാടികൾ റദ്ദാക്കൽ, വിദ്യാർഥികളുടെ അഭിപ്രായപ്രകടനത്തിന് നിയന്ത്രണം ഏർപ്പെടുത്തൽ തുടങ്ങിയ നടപടികളും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഉന്നത വിദ്യാഭ്യാസത്തിൽ വിയോജിപ്പുകളെ നിശബ്ദമാക്കാനും രാഷ്ട്രീയ താൽപര്യങ്ങൾ നടപ്പിലാക്കാനുമുള്ള സർക്കാർ പ്രചാരണങ്ങളെക്കുറിച്ചും റിപ്പോർട്ട് മുന്നറിയിപ്പ് നൽകി.
അക്കാദമിക് ഫ്രീഡം ഇൻഡക്സിൽ ഇന്ത്യയുടെ സ്കോർ 2022ലെ 0.38ൽ നിന്ന് 2025ൽ 0.14 ആയി കുറഞ്ഞതായും റിപ്പോർട്ട് പറയുന്നു. ഗവേഷണം, അധ്യാപനം, പ്രസിദ്ധീകരണം, ക്യാമ്പസ് ചർച്ചകൾ എന്നിവയിലുള്ള നിയന്ത്രണങ്ങളാണ് ഈ ഇടിവിന് കാരണം. ഫാക്കൽറ്റികളെ പിരിച്ചുവിടുക, അക്കാദമിക് പരിപാടികൾ റദ്ദാക്കുക, വിദ്യാർഥികളുടെ ആവിഷ്കാരത്തെ നിയന്ത്രിക്കുന്ന പുതിയ നയങ്ങൾ നടപ്പിലാക്കുക എന്നിവയുൾപ്പെടെയുള്ള നടപടികൾ സർവകലാശാല ഭരണാധികാരികൾ സ്വീകരിച്ചു. ‘പ്രതിഷേധങ്ങളിലോ മറ്റ് ക്യാമ്പസ് ഒത്തുചേരലുകളിലോ വിദ്യാർഥികളും പൊലീസും ഏറ്റുമുട്ടി. 2026 ൽ അക്കാദമിക് സ്വാതന്ത്ര്യം കർശനമായി നിയന്ത്രിക്കപ്പെട്ടു’ -റിപ്പോർട്ടിൽ പറയുന്നു.
സർവകലാശാലാ വിദ്യാഭ്യാസത്തിൽ സർക്കാർ സ്വാധീനം വർധിപ്പിക്കുന്നതിനുള്ള പ്രധാന സംവിധാനമായി യൂണിവേഴ്സിറ്റി ഗ്രാൻറ്സ് കമീഷനെ (യു.ജി.സി) ഭരണകക്ഷിയായ ബി.ജെ.പി ഉപയോഗിക്കപ്പെടുന്നതായി റിപ്പോർട്ടിൽ പറയുന്നു. വൈസ് ചാൻസലർമാരുടെ അക്കാദമിക് യോഗ്യത, കരാർ അധ്യാപകരുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ തുടങ്ങിയവ സർവകലാശാലകളിലെ സർക്കാർ നിയന്ത്രണം ശക്തിപ്പെടുത്തുന്ന നടപടികളായി ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലെ അക്കാദമിക് സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ചില അധ്യാപകരുടെ നടപടികളും ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്. സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റിയിലെ പ്രഫസർ സ്നേഹാശിഷ് ഭട്ടാചാര്യയെ 2025ൽ സർവകലാശാലയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായ ‘മോശം പെരുമാറ്റം’ ചൂണ്ടിക്കാട്ടി പുറത്താക്കിയ സംഭവം ഇതിൽ ഉൾപ്പെടും. 2022ൽ സർവകലാശാലയിലെ വിദ്യാർഥി പ്രതിഷേധങ്ങൾ കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച കത്തിൽ ഒപ്പുവച്ച 15 അധ്യാപകരിൽ ഒരാളായിരുന്നു ഭട്ടാചാര്യയെന്ന് റിപ്പോർട്ട് പറയുന്നു. തമിഴ്നാട്ടിലെ എസ്.ആർ.എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ അസിസ്റ്റന്റ് പ്രഫസർ ലോറ സന്തകുമാറിന്റെ കേസും റിപ്പോർട്ട് പരാമർശിക്കുന്നുണ്ട്.
വിദ്യാർഥി പ്രതിഷേധങ്ങളിൽ സർവകലാശാലാ അധികൃതർ, പൊലീസ്, എതിർ വിദ്യാർഥി വിഭാഗങ്ങൾ എന്നിവരിൽ നിന്നുള്ള സമ്മർദം നേരിട്ട സംഭവങ്ങളും റിപ്പോർട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ദേശീയത, ജാതി, മതം, ചരിത്ര വ്യാഖ്യാനം തുടങ്ങിയ വിഷയങ്ങളിലെ അക്കാദമിക് തീരുമാനങ്ങളും നയപരമായ മാറ്റങ്ങളും വിദ്യാർഥി പ്രതിഷേധങ്ങൾക്ക് കാരണമായതായി റിപ്പോർട്ട് പറയുന്നു. ഗവേഷണം, അധ്യാപനം, പ്രസിദ്ധീകരണം തുടങ്ങിയ മേഖലകളിലും കേന്ദ്ര സംസ്ഥാന സർക്കാർ സംവിധാനങ്ങളുടെ ഇടപെടലുകൾ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

