അൺഎയ്ഡഡ് സ്കൂളിൽ പ്ലസ് വൺ സീറ്റ് വർധന; ഉത്തരവിറങ്ങി
text_fieldsതിരുവനന്തപുരം: അൺഎയ്ഡഡ് സ്കൂളുകളിൽ പത്ത് ശതമാനം പ്ലസ് വൺ സീറ്റ് വർധനക്കുള്ള അനുമതി നൽകി ഉത്തരവിറങ്ങി. മലപ്പുറം ജില്ല ഒഴികെയുള്ള ജില്ലകളിലാണ് ആനുപാതിക സീറ്റ് വർധന അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.
ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് മലപ്പുറം ജില്ലയെ ഒഴിവാക്കിയതെന്ന് വിദ്യാഭ്യാസ വകുപ്പ് വിശദീകരിക്കുന്നെങ്കിലും ഉത്തരവിൽ കാരണം വ്യക്തമല്ല. എല്ലാ ജില്ലകളിലും അൺഎയ്ഡഡ് സ്കൂളുകളിൽ സീറ്റൊഴിവ് നിലനിൽക്കെയാണ് കഴിഞ്ഞ മന്ത്രിസഭ യോഗത്തിൽ അൺഎയ്ഡഡ് സ്കൂളുകൾക്ക് പത്ത് ശതമാനം സീറ്റ് വർധന അനുവദിക്കാനുള്ള അസാധാരണ തീരുമാനമെടുത്തത്.
തലസ്ഥാനത്തെ ചില സ്വകാര്യ എൻട്രൻസ് കോച്ചിങ് സെന്ററുകളിലെ വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനം നൽകാൻ ലക്ഷ്യമിട്ടാണ് തീരുമാനമെന്ന് ആരോപണമുയർന്നിരുന്നു. അപേക്ഷിക്കുന്ന സ്കൂളുകൾക്ക് മാത്രമായിരിക്കും പൊതുവിദ്യാഭ്യാസ ഡയറക്ടർ യോഗ്യത പരിശോധിച്ച് പത്ത് ശതമാനം സീറ്റ് വർധന അനുവദിക്കുക. പ്രമുഖ കോച്ചിങ് സെന്ററുകളിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനത്തിന് സൗകര്യമൊരുക്കാനായി അൺഎയ്ഡഡ് സ്കൂളുകളിൽ സീറ്റ് വർധനക്ക് ശ്രമം നടന്നുവരികയായിരുന്നു.
എന്നാൽ, സർക്കാർ ആദ്യം സീറ്റ് വർധനയും താൽക്കാലിക ബാച്ചുകളും അനുവദിച്ചത് സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ മാത്രമായിരുന്നു. വിദ്യാർഥികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ ഫീസായി വാങ്ങിയാണ് കോച്ചിങ് സെന്ററുകൾ പ്ലസ് വൺ പഠന സൗകര്യത്തോടെ പ്രവേശനം നൽകുന്നത്. അൺഎയ്ഡഡ് സ്കൂളുകളുമായി ധാരണയിലെത്തിയാണ് കോച്ചിങ് സെന്ററുകൾ വിദ്യാർഥികൾക്ക് പ്രവേശനം നൽകുന്നത്.
കോച്ചിങ് സെന്ററുകളിൽ പഠിക്കുന്ന വിദ്യാർഥികൾ ഹയർ സെക്കൻഡറി പരീക്ഷ എഴുതാൻ മാത്രമാണ് പ്രവേശനം നേടുന്ന അൺഎയ്ഡഡ് സ്കൂളുകളിലെത്തുന്നത്. കഴിഞ്ഞ വർഷം സംസ്ഥാനത്താകെ അൺഎയ്ഡഡ് സ്കൂളുകളിൽ 28240 സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയായിരുന്നു. 14 ജില്ലകളിലും സീറ്റൊഴിവ് നിലനിൽക്കെയാണ് 13 ജില്ലകളിലെ അൺഎയ്ഡഡ് സ്കൂളുകളിൽ പത്ത് ശതമാനം സീറ്റ് വർധനക്ക് അനുമതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

