റാഗിംഗ് വിരുദ്ധ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയവയിൽ ഐ.ഐ.ടി.കളും ഐ.ഐ.എമ്മുകളും എയിംസും
text_fieldsന്യൂഡൽഹി: റാഗിംഗ് വിരുദ്ധ മാനദണ്ഡങ്ങൾ പാലിക്കാത്ത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ നാല് ഐ.ഐ.ടികളും മൂന്ന് ഐ.ഐ.എമ്മുകളും ഒരു എയിംസും ഉൾപ്പെട്ടതായി യൂണിവേഴ്സിറ്റി ഗ്രാന്റ് കമീഷൻ. റാഗിംഗ് വിരുദ്ധ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള നിർബന്ധിത കരാർ സമർപ്പിക്കാത്തതിന് രാജ്യത്തുടനീളമുള്ള 89 സ്ഥാപനങ്ങൾക്ക് യു.ജി.സി കാരണം കാണിക്കൽ നോട്ടീസ് അയച്ചു.
ഐ.ഐ.ടി.കൾ, ഐ.ഐ.എമ്മുകൾ, എയിംസ്, എൻ.ഐ.ഡികൾ എന്നിവയുൾപ്പെടെ ദേശീയ പ്രാധാന്യമുള്ള 17 സ്ഥാപനങ്ങൾ ഈ പട്ടികയിൽ ഉണ്ട്. ഐ.ഐ.ടികളിൽ ബോംബെ, ഖരഗ്പൂർ, പാലക്കാട്, ഹൈദരാബാദ് എന്നിവയും ഐ.ഐ.എമ്മുകളിൽ ബോംബെ, റോഹ്തക്, തിരുച്ചിറപ്പള്ളി എന്നിവയും റായ്ബറേലി എയിംസ്, ഡൽഹി, ആന്ധ്രാപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ എന്നിവയും വീഴ്ച വരുത്തിയവരിൽ ഉൾപ്പെടുന്നു.
‘യു.ജി.സി നിരവധി ഉപദേശങ്ങൾ നൽകിയിട്ടും ആൻഡി റാഗിംഗ് ഹെൽപ്പ് ലൈനിന്റെ തുടർ നടപടികൾ, ആൻഡി റാഗിംഗ് മോണിറ്ററിംഗ് ഏജൻസി എനിവയുടെ നേരിട്ടുള്ള ഇടപെടലുകൾ എന്നിവ നടത്തിയിട്ടും വിദ്യാർഥികളുടെ നിർബന്ധിത ആൻഡി റാഗിങ്ങിനെതിരായ മുൻകരുതലുകളും സ്ഥാപനങ്ങളുടെ നടപടിക്രമങ്ങളും സമർപ്പിക്കുന്നതിൽ ഈ സ്ഥാപനങ്ങൾ പരാജയപ്പെട്ടതായി തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും യു.ജി.സി സെക്രട്ടറി മനീഷ് ജോഷി പറഞ്ഞു.
‘എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും 2009ലെ റാഗിംഗിനെക്കുറിച്ചുള്ള യു.ജി.സി റെഗുലേഷൻ പാലിക്കേണ്ടത് നിർബന്ധമാണ്. അതിൽ പരാജയപ്പെടുന്നത് യു.ജി.സി മാർഗനിർദേശങ്ങൾ ലംഘിക്കുക എന്നതു മാത്രമല്ല, വിദ്യാർഥികളുടെ സുരക്ഷയെ ബാധിക്കുകയും ചെയ്യുന്നു. റാഗിംഗുമായി ബന്ധപ്പെട്ട ദുരിതവും ക്യാമ്പസ് കയ്യാങ്കളികളും സംബന്ധിച്ച വർധിച്ചുവരുന്ന ആശങ്കകളുടെ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
30 ദിവസത്തിനുള്ളിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ഗ്രാന്റുകളും ഫണ്ടുകളും പിൻവലിക്കൽ, സാമ്പത്തിക സഹായത്തെയും ഗവേഷണ പദ്ധതികളെയും ബാധിക്കുന്ന വിധം നടപടികൾ കൈകൊള്ളൽ, അംഗീകാരം റദ്ദാക്കൽ, അഫിലിയേഷൻ പിൻവലിക്കൽ എന്നിവ നടത്തുമെന്ന് വീഴ്ച വരുത്തിയ സ്ഥാപനങ്ങൾക്ക് യു.ജി.സി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

