9 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്കായി 17 കോഴ്സുകൾ; എ.ഐ മുതൽ സൈബർ സുരക്ഷ വരെ... ഐ.ഐ.ടി മദ്രാസിൽ സ്കൂൾ കണക്ട് പ്രോഗ്രാം
text_fieldsചെന്നൈ: സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം എന്ത് പഠിക്കണം, ഏത് കോഴ്സിൽ ചേരണം തുടങ്ങി ഒട്ടനവധി സംശയങ്ങൾ വിദ്യാർഥികൾക്കുണ്ടാകാം. എന്നാൽ മിക്ക വിദ്യാർഥികൾക്കും അത്തരം സംശയങ്ങൾക്കുള്ള ഉത്തരം കിട്ടാറില്ല. ഇതിന് പരിഹാരമായി സ്കൂൾ വിദ്യാർഥികൾക്ക് ഭാവിയിലെ പഠന- തൊഴിൽ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനായി ഐ.ഐ.ടി മദ്രാസ് സ്കൂൾ കണക്ട് പ്രോഗ്രം അവതരിപ്പിക്കുന്നു.
ഒമ്പത് മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്കാണ് അവസരം. വിദ്യാർഥികൾക്ക് ഒക്ടോബർ 2026ലെ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഈ വർഷം ആദ്യമായാണ് ഒമ്പതാം ക്ലാസിലെ വിദ്യാർഥികളെയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്.
ഐ.ഐ.ടി മദ്രാസിന്റെ സെന്റർ ഫോർ ഔട്ട്റീച്ച് ആൻഡ് ഡിജിറ്റൽ എജൂക്കേഷൻ (കോഡ്) ആണ് പദ്ധതി നടപ്പാക്കുന്നത്. സ്കൂൾ പാഠ്യവിഷയങ്ങൾക്കപ്പുറം പുതിയ വിഷയങ്ങളും കരിയർ സാധ്യതകളും പരിചയപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ശാസ്ത്രം, സാങ്കേതികവിദ്യ, അനുബന്ധ മേഖലകൾ എന്നിവയിൽ താൽപര്യം വളർത്തിയെടുക്കാനാണ് പരിപാടി ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡേറ്റ സയൻസ്, സൈബർ സുരക്ഷ, ഏറോസ്പേസ് ഉൾപ്പെടെ 17 വിഷയങ്ങളിലാണ് സർട്ടിഫിക്കറ്റ് കോഴ്സ് ലഭ്യമാക്കുന്നത്. ഈ വിഷയങ്ങളെ കൂടാതെ നിയമം, ഡിസൈൻ, ഡിജിറ്റൽ ഹ്യുമാനിറ്റീസ്, മോളിക്യുലാർ എൻജിനീയറിങ് തുടങ്ങിയ വിഷയങ്ങളും വിദ്യാർഥികൾക്ക് പരിചയപ്പെടാൻ അവസരം ലഭിക്കും. സ്കൂൾ വിദ്യാർഥികൾക്ക് തങ്ങളുടെ താൽപര്യങ്ങൾ തിരിച്ചറിഞ്ഞ് ഉന്നത വിദ്യാഭ്യാസ മേഖല തെരഞ്ഞെടുക്കാൻ ഈ പദ്ധതി സഹായിക്കുമെന്നാണ് ഐ.ഐ.ടി മദ്രാസിന്റെ വിലയിരുത്തൽ.
ഒക്ടോബർ ബാച്ചിലെ കോഴ്സുകളിലേക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം. കോഴ്സുകൾ ഒക്ടോബർ അഞ്ചുമുതൽ തുടങ്ങും. കോഴ്‌സുകളുടെ ഭാഗമായി വിദ്യാർഥികൾ അസൈൻമെന്റുകളും പരീക്ഷകളും പൂർത്തിയാക്കണം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഇ സർട്ടിഫിക്കറ്റുകൾ ലഭിക്കും. രാജ്യത്തും വിദേശത്തുമായി 4970 സ്കൂളുകൾ ഇതുവരെ പദ്ധതിയുമായി സഹകരിച്ചിട്ടുണ്ടെന്ന് ഐ.ഐ.ടി മദ്രാസ് പറയുന്നു. 1.75ലക്ഷം വിദ്യാർഥികൾ ഇതുവരെ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഐ.ഐ.ടി മദ്രാസ് സ്കൂൾ കണക്ട് പോർട്ടലിലൂടെ സ്കൂൾ വഴി വിദ്യാർഥികൾക്ക് രജിസ്റ്റർ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

