ഇന്ത്യയിലെ ഏറ്റവും മികച്ച ഐ.ഐ.ടികൾ; ക്യു.എസ് സസ്റ്റെയ്നബിലിറ്റി റാങ്കിങ് പട്ടിക പുറത്ത്
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും മികച്ച ഐ.ഐ.ടി എന്ന് ചോദിച്ചാൽ ആരും കണ്ണുംപൂട്ടി ഉത്തരംപറയും ഡൽഹി ഐ.ഐ.ടി എന്ന്. ക്യു.എസ് വേൾഡ് യൂനിവേഴ്സിറ്റി സസ്റ്റെയ്നബിലിറ്റി റാങ്കിങ്ങിലും ഇന്ത്യയിലെ ഏറ്റവും മികച്ച ഐ.ഐ.ടി എന്ന ഖ്യാതി സ്വന്തമാക്കിയിരിക്കുന്നത് ഡൽഹി ഐ.ഐ.ടിയാണ്. ബോംബെ ഐ.ഐ.ടി, ഖരഗ്പൂർ ഐ.ഐ.ടി എന്നിവയാണ് തൊട്ടുപിന്നിൽ.
2023 മുതലാണ് ക്യൂ.എസ് വേൾഡ് യൂനിവേഴ്സിറ്റി സസ്റ്റെയ്നബിലിറ്റി റാങ്കിങ് പട്ടിക തുടങ്ങിയത്. ഇത്തവണത്തെ പട്ടികയിൽ സ്വീഡനിലെ ലുൻഡ് യൂനിവേഴ്സിറ്റിയാണ് ഒന്നാംസ്ഥാനത്ത്. ടൊറന്റോ യൂനിവേഴ്സിറ്റി രണ്ടാംസ്ഥാനത്തും ഇടംപിടിച്ചു. 2024ൽ ഒന്നാംസ്ഥാനത്തായിരുന്നു ടൊറന്റോ യൂനിവേഴ്സിറ്റി.
ഈ വർഷം 26 പുതിയ എൻട്രികളോടെ 100 ലധികം സർവകലാശാലകൾ റാങ്കിങ്ങിൽ ഇടം നേടിയ നാല് ഉന്നത വിദ്യാഭ്യാസ സംവിധാനങ്ങളിൽ ഒന്നാണ് ഇന്ത്യ.
ഇത്തവണ ഇന്ത്യയിൽ നിന്നുള്ള 103 യൂനിവേഴ്സിറ്റികളിൽ 32 എണ്ണം റാങ്ക് നില മെച്ചപ്പെടുത്തി. 15 എണ്ണം കഴിഞ്ഞ തവണത്തെ അതേ റാങ്ക് നിലനിർത്തി. എന്നാൽ 30 യൂനിവേഴ്സിറ്റികൾ പിന്നാക്കം പോയി. ഇന്ത്യയിൽ ഒന്നാംസ്ഥാനത്തുള്ള ഡൽഹി ഐ.ഐ.ടി ആഗോളതലത്തിൽ 205ാം സ്ഥാനത്താണ്.
ഇത്തവണ 15 ഐ.ഐ.ടികളാണ് റാങ്ക് പട്ടികയിൽ ഇടംനേടിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇതിൽ ആറെണ്ണം നില മെച്ചപ്പെടുത്തി. അതിൽ ഏറ്റവും മികവാർന്ന സ്ഥാനത്ത് നിൽക്കുന്ന ഡൽഹി ഐ.ഐ.ടിയാണ്.
ഇത്തവണ ഇന്ത്യൻ സർവകലാശാലകൾ എക്കാലത്തേയും ഉയർന്ന സ്കോറുകൾ നേടി. അതിൽ ഒമ്പതെണ്ണം ലോകതലത്തിലുള്ള റാങ്കിങ്ങിൽ ആദ്യ 700നുള്ളിലും ഇടംപിടിച്ചു.
വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. ഐ.ഐ.ടി റൂർക്കി, ഷൂലിനി യൂനിവേഴ്സിറ്റി ഓഫ് ബയോടെക്നോളജി ആൻഡ് മാനേജ്മെന്റ് സയൻസസ്, ലവ്‍ലി പ്രഫഷനൽ യൂണിവേഴ്സിറ്റി, പഞ്ചാബ് യൂനിവേഴ്സിറ്റി, ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി), റൂർക്കേല ഐ.ഐ.ടി, ബി.എച്ച്.യു, യു.പി.ഇ.എസ് എന്നിവയാണ് ഈ വർഷം എക്കാലത്തെയും ഉയർന്ന സ്ഥാനം നേടിയ മികച്ച 700 ൽ ഉൾപ്പെട്ട ഇന്ത്യൻ സർവകലാശാലകൾ. മൊത്തത്തിൽ ഇന്ത്യൻ സർവകലാശാലകൾ വിജ്ഞാന കൈമാറ്റതതിലും പരിസ്ഥിതി സുസ്ഥിരതയിലും മികവ് പുലർത്തുന്നു. സുസ്ഥിര വികസനത്തിൽ ഇന്ത്യയുടെ പങ്ക് കുറച്ചുകാണാൻ കഴിയില്ലെന്ന് ക്യൂ.എസ് സി.ഇ.ഒ ജെസീക്ക ടർണർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

