ഐ ഐ ടികളിൽ ഡിസൈൻ പഠിക്കാൻ യുസീഡ്, സീഡ്
text_fieldsഐ.ഐ.ടികളിലും മറ്റും ബാച്ചിലർ ഓഫ് ഡിസൈൻ (ബി.ഡെസ്) പ്രോഗ്രാമിലും മാസ്റ്റർ ഓഫ് ഡിസൈൻ (എം.ഡെസ്), പിഎച്ച്.ഡി പ്രോഗ്രാമുകളിലും പ്രവേശനത്തിന് യഥാക്രമം യുസീഡ്, സീഡ്-2026 പൊതുപ്രവേശന പരീക്ഷകളിൽ യോഗ്യത നേടണം. ഓരോ പരീക്ഷയുടെയും സംക്ഷിപ്ത വിവരങ്ങൾ ചുവടെ-ജനുവരി 18ന് രാവിലെ ഒമ്പതു മുതൽ 12 വരെയാണ് പൊതുപ്രവേശന പരീക്ഷ. ഓൺലൈനിൽ പിഴ കൂടാതെ ഒക്ടോബർ 31 വരെ അപേക്ഷിക്കാം.
യുസീഡ്-2026
(അണ്ടർ ഗ്രാജ്വേറ്റ് കോമൺ എൻട്രൻസ് എക്സാം ഫോർ ഡിസൈൻ)
മുംബൈ, ഡൽഹി, ഗുവാഹതി, ഹൈദരാബാദ്, ഇന്ദോർ, റൂർക്കി ഐ.ഐ.ടികൾ, ഐ.ഐ.ഐ.ടി.ഡി.എം ജബൽപൂർ എന്നിവിടങ്ങളിൽ ബി.ഡെസ് പ്രോഗ്രാമുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയാണിത്. പരീക്ഷാ വിജ്ഞാപനവും വിവരണപത്രികയും www.uceed.iitb.ac.inൽ ലഭിക്കും. യുസീഡ് 2026 പരീക്ഷ നടത്തുന്നത് ഐ.ഐ.ടി മുംബൈയാണ്. യുസീഡ് സ്കോർ കാർഡ് ഉപയോഗിച്ച് മറ്റ് നിരവധി സ്ഥാപനങ്ങളും ബിഡെസ് പ്രവേശനം നൽകുന്നുണ്ട്.
തുടർച്ചയായി രണ്ടു പ്രാവശ്യമാണ് ഒരാൾക്ക് ‘യുസീഡ്’ അഭിമുഖീകരിക്കാവുന്നത്. 2026 വർഷത്തെ പ്രവേശനത്തിനാണ് യുസീഡ് സ്കോറിന് പ്രാബല്യം.
യോഗ്യത: സയൻസ്, കോമേഴ്സ്, ആർട്സ്, ഹ്യൂമാനിറ്റീസ് സീറ്റുകളിൽ 2025 അല്ലെങ്കിൽ 2026 വർഷം ആദ്യ തവണ പ്ലസ് ടു/ തത്തുല്യപരീക്ഷ വിജയിച്ചവർക്കാണ് അവസരം. വി.എച്ച്.എസ്.ഇ, അംഗീകൃത ത്രിവത്സര ഡിപ്ലോമക്കാരെയും പരിഗണിക്കും.
2001 ഒക്ടോബർ ഒന്നിനോ അതിനു ശേഷമോ ജനിച്ചവരാകണം.
എസ്.സി/ എസ്.ടി / ഭിന്നശേഷി വിഭാഗങ്ങളിൽപ്പെടുന്നവർ 1996 ഒക്ടോബർ ഒന്നിനോ അതിനുശേഷമോ ജനിച്ചവരാകണം.
പരീക്ഷ: മൂന്നു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ രണ്ട് ഭാഗങ്ങളായാണ് ചോദ്യങ്ങൾ. പരമാവധി 300 മാർക്ക്. പാർട്ട് ‘എ’ വിഭാഗത്തിൽ 200 മാർക്കിനാണ് ചോദ്യങ്ങൾ. കമ്പ്യൂട്ടർ അധിഷ്ഠിതമായാണ് പരീക്ഷ. ഇതിൽ മൂന്ന് സെക്ഷനുകളായാണ് ചോദ്യങ്ങളുണ്ടാവുക.
സെക്ഷൻ-ഒന്ന് ന്യൂമറിക്കൽ ആൻസർടൈപ് -14 ചോദ്യങ്ങൾ (ഓരോന്നിനും നാലു മാർക്ക്), നെഗറ്റിവ് മാർക്കില്ല. കമ്പ്യൂട്ടർ സ്ക്രീനിൽ അക്കങ്ങളായി ഉത്തരം രേഖപ്പെടുത്തണം. ചോയിസുകളുണ്ടാവില്ല.
സെക്ഷൻ-രണ്ട്, മൾട്ടിപ്പിൾ സെലക്ട്: ചോദ്യങ്ങൾ 15 എണ്ണമുണ്ടാകും. തന്നിട്ടുള്ള നാല് ഉത്തരങ്ങളിൽ ശരിയായത് കണ്ടെത്തണം. ഉത്തരം പൂർണമായും ശരിയായാൽ നാലു മാർക്ക് വീതം ലഭിക്കും. തെറ്റിയാൽ ഒരു മാർക്ക് കുറയും.
സെക്ഷൻ-മൂന്ന്, മൾട്ടിപ്പിൾ ചോയിസ് ചോദ്യങ്ങൾ 28 എണ്ണമുണ്ടാവും. ശരി ഉത്തരത്തിന് മൂന്നു മാർക്ക്. ഉത്തരം തെറ്റിയാൽ 0.71 മാർക്ക് വീതം കുറയും. ഉത്തരങ്ങൾക്ക് നാല് ചോയിസുകൾ.
പാർട്ട് ബി -100 മാർക്കിന്, ഒരുമണിക്കൂർ സമയം ലഭിക്കും. ഡ്രോയിങ് സ്കിൽ, ഡിസൈൻ അഭിരുചി പരിശോധിക്കുന്ന രണ്ടു ചോദ്യങ്ങളുണ്ടാവും. ചോദ്യങ്ങൾ കമ്പ്യൂട്ടറിൽ തെളിയും. ഉത്തരം, ഡ്രോയിങ് ആൻസർ ബുക്കിൽ രേഖപ്പെടുത്തണം. പരീക്ഷഘടനയും സിലബസും മാർക്കും നിർണയ രീതിയും വിവരണ പത്രികയിലുണ്ട്. പരീക്ഷ ഫലം മാർച്ച് ആറിന് പ്രസിദ്ധീകരിക്കും.
സീഡ് 2026
ഐ.ഐ.ടി ബോംബെയാണ് പരീക്ഷ നടത്തുന്നത്. വിഷ്വൽ പെർസെപ്ഷൻ എബിലിറ്റി, ഡ്രോയിങ് സ്കിൽസ്, ലോജിക്കൽ റീസണിങ്, ക്രിയേറ്റിവിറ്റി, കമ്യൂണിക്കേഷൻ, പ്രോബ്ലം സോൾവിങ് സ്കിൽസ് അടക്കുമുള്ള ‘ഡിസൈൻ അഭിരുചി വിലയിരുത്തുന്ന വിധത്തിലാണ് ടെസ്റ്റ്. യോഗ്യത നേടുന്നവർക്ക് ഐ.ഐ.എസ്.സി ബാംഗ്ലൂർ, ഐ.ഐ.ടികൾ (ബോംബെ, ദൽഹി, ഗുവാഹതി, ഹൈദരാബാദ്, ജോഡ്പൂർ, കാൻപൂർ, റൂർക്കി) ഐ.ഐ.ഐ.ടി.ഡി.എം (ജബൽപൂർ, കാഞ്ചീപുരം) എന്നിവിടങ്ങളിൽ എം.ഡെസ് പ്രോഗ്രാമുകളിലും നിരിവധി ഐ.ഐ.ടികളിൽ പിഎച്ച്.ഡി പ്രോഗ്രാമുകളിലും പ്രവേശനത്തിന് അർഹത ലഭിക്കും.
സീഡ് പരീക്ഷാഘടനയും സിലബസും മാർക്കും മൂല്യനിർണയരീതിയും പ്രവേശന നടപടികളും ഉൾപ്പെടെ വിവരണ പത്രിക www.ceed.iitb.ac.inൽ ലഭിക്കും.
യോഗ്യത: ബിരുദം/ഡിപ്ലോമ/ പോസ്റ്റ്ഗ്രാജ്വേറ്റ് ബിരുദം. അവസാനവർഷ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. അഞ്ചുവർഷ ജി.ഡി. ആർട്സ് ഡിപ്ലോമകാർക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല. സീഡ് എത്രപ്രാവശ്യം വേണമെങ്കിലും എഴുതാം (തവണ വ്യവസ്ഥയില്ല).
രജിസ്ട്രേഷൻ ഫീസ്: യുസീഡ്, സീഡ്-2026 പരീക്ഷകൾക്ക് 4000 രൂപ. വനിതൾക്കും പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 2000 രൂപ മതി. ഒക്ടോബർ 31നകം അപേക്ഷിക്കാം. ഇതിനുള്ള നിർദേശങ്ങൾ വിവരണ പത്രികയിലുണ്ട്. 500 രൂപ ലേറ്റ് ഫീസോടുകൂടി നവംബർ ഏഴ് വൈകീട്ട് വരെ ഓൺലൈനിൽ അപേക്ഷ സ്വീകരിക്കും.
പരീക്ഷ കേന്ദ്രങ്ങൾ: കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

