ഐ.ഐ.എം കാറ്റ് നവംബർ 30ന്
text_fieldsഏറ്റവും മികച്ച മാനേജ്മെന്റ് പഠനത്തിന് വഴിതുറക്കുന്ന, മിടുക്കരായ വിദ്യാർഥികൾ കാത്തിരിക്കുന്ന ഈ വർഷത്തെ ഐ.ഐ.എം‘കാറ്റ്’ പരീക്ഷക്ക് അപേക്ഷിക്കാൻ സമയമായി. രാജ്യത്തെ 21 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എമ്മുകൾ) നടത്തുന്ന പി.ജി, ഫെലോ/ ഡോക്ടർ പ്രോഗ്രാമുകളിലേക്കുള്ള ഈ വർഷത്തെ കമ്പ്യൂട്ടർ അധിഷ്ഠിത കോമൺ അഡ്മിഷൻ ടെസ്റ്റ് (കാറ്റ് 2025) മൂന്ന് സെഷനുകളായി നവംബർ 30ന് ദേശീയ തലത്തിൽ സംഘടിപ്പിക്കും. ഇക്കുറി ഐ.ഐ.എം കോഴിക്കോടിനാണ് പരീക്ഷാ ചുമതല.
ഏകദേശം 170 നഗരങ്ങളിലായി പരീക്ഷാ കേന്ദ്രങ്ങൾ ക്രമീകരിക്കും. കേരളത്തിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും. പരീക്ഷാ കേന്ദ്രങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. പരീക്ഷാർഥികൾക്ക് മുൻഗണനാ ക്രമത്തിൽ അഞ്ചു കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം.
കാറ്റ് 2025 സംബന്ധമായ സമഗ്ര വിവരങ്ങൾ വിവരണ പത്രിക https:/iimcat.ac.inൽ ലഭിക്കും. ഐ.ഐ.എമ്മുകൾക്ക് പുറമെ മറ്റ് നിരവധി സ്ഥാപനങ്ങളും മാനേജ്മെന്റ് പി.ജി/എം.ബി.എ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഈ സ്കോർ ഉപയോഗിക്കാറുണ്ട്. വെബ്സൈറ്റ്: www.iimk.ac.in. 50 ശതമാനം മാർക്കിൽ/തത്തുല്യ സി.ജി.പി.എയിൽ കുറയാത്ത അംഗീകൃത ബാച്ചിലേഴ്സ് ബിരുദം. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗക്കാർക്ക് 45 ശതമാനം മാർക്ക് മതി. അവസാന വർഷ ബിരുദ പരീക്ഷയെഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷിക്കാവുന്നതാണ്. സി.എ/സി.എം.എ/സി.എസ് മുതലായ പ്രഫഷനൽ ബിരുദക്കാരെയും പരിഗണിക്കും.
രജിസ്ട്രേഷൻ ഫീസ്: 2600 രൂപ. പട്ടിക വിഭാഗക്കാർക്കും ഭിന്ന ശേഷിക്കാർക്കും 1300 രൂപ മതി. വെബ് സൈറ്റിൽ നിർദേശാനുസരണം ആഗസ്റ്റ് ഒന്ന് രാവിലെ 10 മണി മുതൽ സെപ്റ്റംബർ 13 അഞ്ചു മണി വരെ രജിസ്റ്റർ ചെയ്യാം. നവംബർ അഞ്ചിനും 30നും മധ്യേ അഡ്മിറ്റ്കാർഡ് ഡൗൺലോഡ് ചെയ്യാം.
ടെസ്റ്റ്: രണ്ട് മണിക്കൂർ ദൈർഘ്യമുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പൊതുപ്രവേശന പരീക്ഷയിൽ വെർബൽ എബിലിറ്റി ആൻഡ് റീഡിങ് കോംപ്രിഹൻഷൻ, ഡേറ്റ ഇന്റർ പ്രെട്ടേഷൻ ആൻഡ് ലോജിക്കൽ റീസണിങ്, ക്വാണ്ടിറ്റേറ്റിവ് എബിലിറ്റി എന്നീ മൂന്നു സെക്ഷനുകളിലായാണ് ചോദ്യങ്ങൾ. ഓരോ സെക്ഷനിലും ഉത്തരം കണ്ടെത്തുന്നതിന് 40 മിനിറ്റ് സമയം ലഭിക്കും. പരീക്ഷാ രീതി അറിയുന്നതിന് കാറ്റ് വെബ്സൈറ്റിൽ മോക്ക് എക്സാം ലഭ്യമാകും. പരീക്ഷാ ഘടനയും സിലബസും വെബ്സൈറ്റിലുണ്ടാവും. പരീക്ഷാ ഫലം 2026 ജനുവരി ആദ്യവാരം പ്രസിദ്ധപ്പെടുത്തും.
ഐ.ഐ.എമ്മുകൾ കോഴിക്കോട്, തിരുച്ചിറപ്പള്ളി, കണ്ണൂർ, വിശാഖപട്ടണം, അഹ്മദാബാദ്, അമൃത്സർ, ബോധ്ഗയ, കൊൽക്കത്ത, ഇന്ദോർ, ജമ്മു, കാഷിപുർ, ലഖ്നോ, മുംബൈ, നാഗ്പുർ, റെയ്പുർ, റാഞ്ചി, രോഹ്തക്, സമ്പൽപൂർ, ഷില്ലോങ്, സിർമൗർ, ഉദയ്പുർ എന്നിവിടങ്ങളിലാണുള്ളത്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

