ഐ.ഐ.എഫ്.ടിയിൽ പഠിക്കാം; ഇന്റർനാഷനൽ ബിസിനസിലും ബിസിനസ് അനലിറ്റിക്സിലും എം.ബി.എ
text_fieldsഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ് (ഐ.ഐ.എഫ്.ടി) 2027-29 വർഷത്തെ ഫുൾടൈം എം.ബി.എ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിനുകീഴിലുള്ള സ്വയംഭരണ സ്ഥാപനമാണിത്. നവംബർ 25നകം അപേക്ഷിക്കാം. വിവിധ കാമ്പസുകളിലായി നടത്തുന്ന പ്രോഗ്രാമുകൾ:
എം.ബി.എ (ഇന്റർനാഷനൽ ബിസിനസ്): ഡൽഹി, കൊൽക്കത്ത കാമ്പസുകളിൽ 240 വീതവും കാക്കിനട, ഗുജറാത്ത് ഇന്റർനാഷനൽ ഫിനാൻസ് ടെക് (ഗിഫ്റ്റ്) സിറ്റി കാമ്പസുകളിൽ 120 വീതവും സീറ്റുകളുണ്ട്. യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ ബിരുദം. സി.എ/സി.എസ്/ സി.എം.എ പ്രൊഫഷനൽ യോഗ്യതയുള്ളവരെയും പരിഗണിക്കും.
എം.ബി.എ (ബിസിനസ് അനലിറ്റിക്സ്): ഡൽഹി കാമ്പസിലാണ് കോഴ്സ്, സീറ്റുകൾ -60. യോഗ്യത: മാത്തമാറ്റിക്സ്/ സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി ബിരുദം. അല്ലെങ്കിൽ ഏതെങ്കിലും ഡിസിപ്ലിനിൽ ബി.ഇ/ ബി.ടെക്. അല്ലെങ്കിൽ ബിരുദം (പ്ലസ്ടു തലത്തിൽ മാത് സ് ഒരു വിഷയമായിരിക്കണം) അല്ലെങ്കിൽ സി.എ/സി.എസ്/ സി.എം.എ യോഗ്യത.
പൊതുനിബന്ധനകൾ: യോഗ്യതാ പരീക്ഷയിൽ മൊത്തം 50 ശതമാനം മാർക്കിൽ/ 5.0 സി.ജി.പി.എയിൽ കുറയാതെയുണ്ടായിരിക്കണം. പട്ടികജാതി/ വർഗം, ഭിന്നശേഷി വിഭാഗങ്ങൾക്ക് 5 ശതമാനം മാർക്കിളവുണ്ട്. യോഗ്യതാ പരീക്ഷയെഴുതുന്നവർക്കും വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷിക്കാം. 2027 ഒക്ടോബർ 31നകം യോഗ്യത തെളിയിച്ചാൽ മതി. പ്രായപരിധിയില്ല.
അപേക്ഷാ ഫീസ്: എം.ബി.എ (ഐ.ബി): ജനറൽ/ ഒ.ബി.സി നോൺ ക്രീമിലെയർ/ ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് 3000 രൂപ; എസ്.സി/ എസ്.ടി/ പി.ഡബ്ല്യു.ഡി/ ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് 1500 രൂപ. എം.ബി.എ (ബി.എ) യഥാക്രമം 2000 രൂപ, 1000 രൂപ. വിശദ വിവരങ്ങൾ: www.iift.ac.in

